Connect with us

Gulf

ഇന്ത്യക്ക് മതേതരത്വം സമ്മാനിച്ചത് കോണ്‍ഗ്രസെന്ന് വി വി പ്രകാശ്

Published

|

Last Updated

ഇന്‍കാസ് മലപ്പുറം ജില്ലാ സംഗമത്തില്‍ ഫോട്ടോഗ്രാഫര്‍ സെയ്ദു മുഹമ്മദ് മലബാരിക്ക്
വി വി പ്രകാശ് ഉപഹാരം സമ്മാനിക്കുന്നു

ദോഹ: അധികാരത്തിന്റെയും ആര്‍ഭാടത്തിന്റെയും അപ്പുറത്ത് ഒരു ജനതയുടെ ആത്മാവിനെ സംരക്ഷിക്കാനുള്ള കവചമായി മാറേണ്ട അസാധാരണമായ സന്ദര്‍ഭത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്നും വര്‍ത്തമാന കാലം ആവശ്യപ്പെടുന്ന ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്നോട്ടു പോകാന്‍ ബാധ്യസ്ഥരാണെന്നും മലപ്പുറം ഡി സി സി പ്രസിഡന്റ് വി വി പ്രകാശ് അഭിപ്രായപ്പെട്ടു. ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ലോകത്തിനു മുന്നില്‍ വെച്ച ബൗദ്ധിക രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ് മതേതരത്വം. ഇന്ത്യയില്‍ ഒരുപാടു മതങ്ങളുണ്ടെന്നും ഏറെപ്പേരും മത വിശ്വാസികളാണെന്നും ആ വിശ്വാസങ്ങളെ മുഴുവന്‍ ഒരുമിച്ചു നിര്‍ത്താനും മതങ്ങളെ പോറലേല്‍പിക്കാത്ത വിശ്വാസങ്ങളെ പ്രതിസന്ധിയിലാകാത്ത ഒരു പ്രത്യയ ശാസ്ത്രത്തിന്റെ ശക്തമായ ഭൂമികയുണ്ടെങ്കില്‍ മാത്രമേ ഈ ജനങ്ങളെ മുഴുവന്‍ ഒരുമിച്ചു നിര്‍ത്താന്‍ സാധിക്കൂ എന്നുമുള്ള തിരിച്ചറിവോടു കൂടി മുന്നോട്ടു പോകാന്‍ കോണ്‍ഗ്രസിന് സാധിച്ചതുകൊണ്ടാണ് മതേതരത്വം ഇന്ത്യയില്‍ നിലനിന്നത്. കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിച്ച മതേതരത്വവും സോഷ്യലിസവും ഇന്ത്യയില്‍ വേരോടിയതുകൊണ്ടാണ് ഇന്നത്തെ ഇന്ത്യയുടെ നിലനില്‍പ്പെന്നും അദ്ദേഹം പറഞ്ഞു.

അധികാരം ഉപയോഗിച്ച് ബഹുസ്വര സമൂഹത്തിന്റെ ഈ സുരക്ഷിതത്വം തകര്‍ത്തു മതപരമായ വിഭാഗീയത ഉണ്ടാക്കി ആളുകളെ പരസ്പരം സംശയാലുക്കളാക്കി മാറ്റി ഫാസിസ്റ്റു നടപടികളിലൂടെ ബി ജെ പി സര്‍ക്കാര്‍ നാടിനെ കളങ്കപ്പെടുത്തിക്കൊണ്ടിരിക്കയാണ്. ഹിറ്റ്‌ലറുടെ ഭരണ കാലത്തേതു പോലുള്ള യാതനകളാണ് അനുഭവിച്ചു കൊണ്ടിരിക്കുന്നത്. യു പിയില്‍ ജയിക്കുക എന്നതിനപ്പുറം ബി ജെ പി വരാതിരിക്കുക എന്ന ലഷ്യത്തോടെ സമാജ്‌വാദി പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യം ഉണ്ടാക്കിയത്. ഇത്തരം ഫാസിസ്റ്റു ശക്തികളുടെ നിലനില്‍പ്പ് വളരെ ചെറിയ കാലമേ ഉണ്ടാവൂ എന്നാണ് അനുഭവങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ പ്രസിഡന്റ് കെ കെ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അലി പൊന്നാനി, ഷാജി കാളിയത്ത്, ശാഹുല്‍ ഹമീദ് സംസാരിച്ചു. ജയരാജ് വാര്യരുടെ കാരിക്കേച്ചര്‍ ഷോയും അരങ്ങേറി. ഫോട്ടോഗ്രാഫര്‍ സൈദ് മുഹമ്മദ് മലബാരിയെ വി വി പ്രകാശ് ആദരിച്ചു.

 

Latest