പൂജാര രക്ഷകനായി; ഇന്ത്യ ആറ് വിക്കറ്റിന് 360

Posted on: March 18, 2017 11:40 pm | Last updated: March 18, 2017 at 11:40 pm

റാഞ്ചി: ക്ഷമയും ആത്മവിശ്വാസവും കരുത്താക്കി മുന്നേറുന്ന ചേതേശ്വര്‍ പുജാരയുടെ ചിറകില്‍ ആസ്‌ത്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ലീഡിനായി പൊരുതുന്നു.
ആസ്‌ത്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 451 ന് മറുപടി ബാറ്റിംഗ് തുടരുന്ന അതിഥേയര്‍ മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 360 റണ്‍സെടുത്തിട്ടുണ്ട്. കരിയറിലെ 11ാം സെഞ്ച്വറി നേടിയ ചേതേശ്വര്‍ പുജാരയിലാണ് ഇന്ത്യന്‍ പ്രതീക്ഷകളത്രയും. 328 പന്തുകളില്‍ 17 ബൗണ്ടറികളുടെ സഹായത്തോട പുറത്താകാതെ നില്‍ക്കുന്ന പുജാര 130 റണ്‍സെടുത്തിട്ടുണ്ട്. 18 റണ്‍സുമായി വൃദ്ധിമാന്‍ സാഹയാണ് പുജാരക്ക് കൂട്ടായി ഉള്ളത്. നാല് വിക്കറ്റ് മാത്രം ശേഷിക്കെ ലീഡ് നേടാന്‍ ഇന്ത്യക്ക് 91 റണ്‍സ് കൂടി വേണം.
ഒരു വിക്കറ്റിന് 120 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയെ പുജാരയും മുരളി വിജയ്‌യും ചേര്‍ന്ന് മുന്നോട്ടു നയിച്ചു. 193ല്‍ നില്‍ക്കെ മുരളി വിജയ്‌യെ നഷ്ടമായത് ഇന്ത്യക്ക് തിരിച്ചടിയായി. രണ്ടാം വിക്കറ്റില്‍ പുജാരയൊടൊപ്പം 102 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് മുരളി വിജയ് മടങ്ങിയത്. 183 പന്തുകളില്‍ പത്ത് ബൗണ്ടറികളും ഒരു സിക്‌സും സഹിതം 82 റണ്‍സ് നേടിയ വിജയ്‌യെ ഒക്കോഫിയുടെ പന്തില്‍ വെയ്ഡ് സ്റ്റമ്പ്് ചെയ്തു പുറത്താക്കുകയായിരുന്നു.
തോളിനേറ്റ പരുക്കില്‍ നിന്ന് മുക്തനായെത്തിയ നായകന്‍ വിരാട് കോഹ്‌ലി വലിയ സ്‌കോര്‍ നേടുന്നതില്‍ ഒരിക്കല്‍ക്കൂടി പരാജയപ്പെട്ടു. കമ്മിന്‍സിന്റെ പന്തില്‍ സ്റ്റീവ് സ്മിത്ത് പിടിച്ചു പുറത്താകുമ്പോള്‍ ആറ് റണ്‍സ് മാത്രമായിരുന്നു കോഹ്‌ലിയുടെ സമ്പാദ്യം. കഴിഞ്ഞ അഞ്ച് ഇന്നിംഗ്‌സുകളില്‍ നിന്ന് 20 റണ്‍സിന് മുകളില്‍ നേടാന്‍ ഇന്ത്യന്‍ നായകന് കഴിഞ്ഞിട്ടില്ല. 0, 13, 12, 15 എന്നിങ്ങനെയാണ് കഴിഞ്ഞ നാല് ഇന്നിംഗ്‌സുകളില്‍ കോഹ്‌ലിയുടെ പ്രകടനം.
നാലാം വിക്കറ്റില്‍ പുജാര- രഹാനെ സഖ്യം 51 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും ഏറെ നേരം പിടിച്ചു നില്‍ക്കാന്‍ രഹാനെക്ക് കഴിഞ്ഞില്ല. 14 റണ്‍സ് നേടിയ ഉപനായകനെ കമ്മിന്‍സിന്റെ പന്തില്‍ വെയ്ഡ് പിടിച്ചു. പിന്നാലെ പുജാര സെഞ്ച്വറിയും കുറിച്ചു. 214 പന്തില്‍ 14 ബൗണ്ടറികളുടെ സഹായത്തോടെയാണ് സൗരാഷ്ട്ര ബാറ്റ്‌സ്മാനായ പുജാര ശതകം പൂര്‍ത്തിയാക്കിയത്. ആസ്‌ത്രേലിയക്കെതിരെ പുജാരയുടെ രണ്ടാം സെഞ്ച്വറിയും പരമ്പരയില്‍ ഇന്ത്യന്‍ താരം നേടുന്ന ആദ്യ സെഞ്ച്വറിയുമാണിത്. ബെംഗളൂരു ടെസ്റ്റില്‍ പുജാര 92 റണ്‍സെടുത്തിരുന്നു.
ചായക്ക് പിരിയുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റിന് 303 റണ്‍സെടുത്തു. നന്നായി തുടങ്ങിയ കരുണ്‍ നായരെ ഹാസില്‍വുഡ് മികച്ചൊരു പന്തിലൂടെ ബൗള്‍ഡാക്കി. 47 പന്തില്‍ 23 റണ്‍സായിരുന്നു കരുണിന്റെ സമ്പാദ്യം. മൂന്ന് റണ്‍സെടുത്ത അശ്വിനും വേഗത്തില്‍ മടങ്ങിയതോടെ പരുങ്ങിയ ഇന്ത്യയെ പുജാരയും സാഹയും ചേര്‍ന്ന് കുടുതല്‍ നഷ്ടങ്ങളില്ലാതെ മുന്നോട്ട് നയിക്കുകയായിരുന്നു. 32 റണ്‍സാണ് ഏഴാം വിക്കറ്റില്‍ ഇരുവരുടെയും സമ്പാദ്യം.
മിച്ചല്‍ സ്റ്റാര്‍ക്കിന് പകരക്കാരനായി ടീമില്‍ തിരിച്ചെത്തിയ ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കോഹ്‌ലിയുടേതടക്കം നാല് വിക്കറ്റുകളാണ് ആറ് വര്‍ഷത്തിന് ശേഷം ഓസീസ് ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയ കമ്മിന്‍സ് നേടിയത്.
25 ഓവറില്‍ 59 റണ്‍സ് വഴങ്ങിയാണ് താരം നാല് വിക്കറ്റ് തികച്ചത്. ഹാസില്‍ വുഡ്, നഥാന്‍ ലിയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റ്് വീതം വീഴ്ത്തി.