സൗരോര്‍ജവുമായി റെയില്‍വേ

Posted on: March 18, 2017 10:39 am | Last updated: March 17, 2017 at 11:41 pm

പാലക്കാട്: പരമ്പരാഗത ഊര്‍ജ സ്രോതസ്സുകള്‍ പരമാവധി ഉപയോഗിക്കുകയെന്ന ലക്ഷ്യത്തില്‍ സോളാര്‍ പവര്‍ ജനറേഷന്‍ പദ്ധതികള്‍ക്ക് സംസ്ഥാനത്ത് തുടക്കമിട്ട് റെയില്‍വേ. അടുത്ത വര്‍ഷത്തോടെ സംസ്ഥാനത്ത് 6,950 കിലോവാട്ട് സോളാര്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിന് പ്രാരംഭ നടപടികള്‍ ആരംഭിച്ചതായി റെയില്‍വേ അറിയിച്ചു.

പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് പരമ്പരാഗത ഊര്‍ജ മന്ത്രാലയവും (എം എന്‍ ആര്‍ എഫ്) സെന്‍ട്രല്‍ ഇലക്‌ട്രോണിക്‌സ് ലിമിറ്റഡും (സി ഇ എല്‍) സംയുക്തമായി ടെന്‍ഡര്‍ നടപടികള്‍ക്ക് തുടക്കമിട്ടു. എ വണ്‍, എ, ബി കാറ്റഗറി എന്നീ ഇനത്തിലാണ് സംസ്ഥാനത്ത് സോളാര്‍ പവര്‍പ്ലാന്റ് നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ കൊടുക്കുന്നതെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. എ വണ്‍ കാറ്റഗറിയില്‍ ആയിരം കിലോവാട്ടും എ കാറ്റഗറിയില്‍ 350 കിലോവാട്ടും ബി കാറ്റഗറിയില്‍ 150 കിലോവാട്ടും സോളാര്‍ വൈദ്യുതി ഉത്പാദിപ്പിക്കും.
എ വണ്‍ കാറ്റഗറിയില്‍ എറണാകുളം ജംഗ്ഷനിലും എ കാറ്റഗറിയില്‍ ആലപ്പുഴ, ആലുവ, ചെങ്ങന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, കായകുളം, കൊല്ലം, കോട്ടയം, പയ്യന്നൂര്‍, ഷൊര്‍ണൂര്‍, തലശ്ശേരി, തിരൂര്‍, വടകര, തിരുവല്ല സ്റ്റേഷനുകളിലും ബി കാറ്റഗറിയില്‍ ചങ്ങനാശ്ശേരി, ഗുരുവായൂര്‍, കുറ്റിപ്പുറം, ഒറ്റപ്പാലം, കൊയിലാണ്ടി, വടകര സ്റ്റേഷനുരളിലും സോളാര്‍ വൈദ്യുതി ഉത്പാദിപ്പിക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.

പാലക്കാട് ഡിവിഷനില്‍ 95ഉം തിരുവനന്തപുരം ഡിവിഷന്‍ പരിധിയില്‍പ്പെട്ട 107ഉം റെയില്‍വേ സ്റ്റേഷനുകളില്‍ പദ്ധതി നിലവില്‍ വരുന്നതോടെ ഇവക്ക് സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധ്യമാകും. സൗരോര്‍ജം പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി പാലക്കാട് ജംഗ്ഷനില്‍ 55 കിലോവാട്ട് സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന് റെയില്‍വേ അനുമതി നല്‍കിക്കഴിഞ്ഞു.

7.3 ലക്ഷം രൂപ ചെലവിട്ട് ഒലവക്കോട് റെയില്‍വേ ആശുപത്രിയില്‍ പത്ത് കിലോവാട്ട് സോളാര്‍ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. മൂന്ന് കിലോവാട്ട് പറളിയിലും പ്രവര്‍ത്തനക്ഷമമായി കഴിഞ്ഞു. പാലക്കാട് ജംഗ്ഷനില്‍ സ്ഥാപിച്ച പത്ത് കിലോവാട്ട് പവര്‍പ്ലാന്റ് അടുത്തയാഴ്ച കമ്മീഷന്‍ ചെയ്യും. സ്റ്റേഷന്‍ റൂഫ് ടോപ്പ്, റെയില്‍വേ കെട്ടിടങ്ങള്‍, കോളനികള്‍, വര്‍ക്‌ഷോപ്പുകള്‍, റെയില്‍വേ ഭൂമി തുടങ്ങിയവയെല്ലാം സോളാര്‍ എനര്‍ജി നിര്‍മാണത്തിന് ഉപയോഗിക്കും. തീവണ്ടി ഓടുന്നതിന് വൈദ്യുതി ഉപയോഗിക്കുന്നതൊഴിച്ചാല്‍ മറ്റ് ആവശ്യങ്ങള്‍ക്കായിരിക്കും സോളാര്‍ പവര്‍ ഉപയോഗിക്കുക. ഇതുവഴി റെയില്‍വേക്ക് വന്‍തോതില്‍ ഇന്ധനച്ചെലവ് കുറക്കാനാകുമെന്നാണ് പ്രതീക്ഷ.
പ്രതിവര്‍ഷം 28,000 കോടി രൂപയാണ് ഇന്ധന ചെലവിനായി റെയില്‍വേ വിനിയോഗിക്കുന്നത്. ഇതില്‍ വൈദ്യുതിക്ക് മാത്രം ഏകദേശം പതിനായിരം കോടി രൂപ വരും. വരുമാനത്തിന്റെ 30.3 ശതമാനവും ഇന്ധനത്തിനായാണ് ഉപയോഗിക്കുന്നത്. അതില്‍ത്തന്നെ 20.5 ശതമാനം ഡീസലിനും 9.8 ശതമാനം വൈദ്യുതിക്കുമായാണ് നീക്കിവെക്കുന്നത്.