Connect with us

National

2000ത്തിന്റെ നോട്ട് പിന്‍വലിക്കില്ലെന്ന് ധനമന്ത്രി ജയ്റ്റ്‌ലി

Published

|

Last Updated

08ന്യൂഡല്‍ഹി: പുതിയ 2000 രൂപയുടെ നോട്ട് പിന്‍ലിക്കില്ലെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്‌ലി . രണ്ടായിരം രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയും ഇതുവരെ ഉയര്‍ന്നു വന്നിട്ടില്ലെന്ന് ലോക്‌സഭയില്‍ അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഡിസംബര്‍ പത്ത് വരെ റിസര്‍വ് ബേങ്കില്‍ 12.44 കോടിരൂപയുടെ അസാധുനോട്ടുകള്‍ എത്തിയിട്ടുണ്ട്. റിസര്‍വ് ബേങ്കിന്റെ കൈവശമുള്ള നോട്ടുകള്‍ എണ്ണിതിട്ടപ്പെടുത്തിയാല്‍ മാത്രമേ പുതിയ കണക്കുകള്‍ പുറത്തുവിടാന്‍ പറ്റൂ എന്നും അദ്ദേഹം പറഞ്ഞു. ഈമാസം മൂന്ന് വരെ 12 കോടിയുടെ പുതിയ നോട്ടുകള്‍ വിപണിയിലിറക്കിയിട്ടുണ്ട്.

അതേസമയം, രാജ്യത്ത് പ്ലാസ്റ്റിക്ക് നോട്ടുകള്‍ പുറത്തിറക്കുന്നതിന് പഠനം നടത്താന്‍ തീരുമാനിച്ചതായി ധനകാര്യ സഹമന്ത്രി അര്‍ജുന്‍ രാം മേഘ്വാള്‍ ലോക്‌സഭയില്‍ പറഞ്ഞു. ഇതിന് റിസര്‍വ് ബേങ്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. 2014ല്‍ പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാന്‍ ആര്‍ ബി ഐ പദ്ധതി തയ്യാറാക്കിയിരുന്നു. പരിശോധനകള്‍ക്കായി രാജ്യത്തെ അഞ്ച്പ്രധാന നഗരങ്ങളില്‍ ഒരു ബില്ല്യന്‍ പത്ത് രൂപയുടെ പ്ലാസ്റ്റിക്ക് നോട്ടുകള്‍ പുറത്തിറക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കൊച്ചി, സിംല, മൈസൂര്‍, ഭുവനേശ്വര്‍, ജയ്പൂര്‍ നഗരങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. പോളിമര്‍ ഉപയോഗിച്ചുള്ള ബ്ലാങ്ക് നോട്ടുകളായിരിക്കും ഇതിനായി പുറത്തിറക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. നോട്ട് നിരോധിക്കലിനെ തുടര്‍ന്ന് രാജ്യത്ത് ഒരാള്‍പോലും മരിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. നോട്ട് നിരോധിക്കലിനെ തുടര്‍ന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. സിപിഎം എംപി ജിതേന്ദ്ര ചൗധരിയും ബി ജെ പി എം പി മനോജ് തിവാരിയുമാണ് ചോദ്യങ്ങള്‍ ഉന്നയിച്ചത്.