സഊദി പ്രതിരോധ മന്ത്രിയുടെ പ്രസ്താവന അസംബന്ധമെന്ന് ഇറാന്‍

Posted on: March 18, 2017 8:52 am | Last updated: March 17, 2017 at 10:55 pm

വാഷിംഗ്ടണ്‍/ടെഹ്‌റാന്‍: യു എസ് സന്ദര്‍ശനത്തിനിടെ സഊദി കിരീടാവകാശി നടത്തിയ പ്രസ്താവനയെ പുച്ഛിച്ച് തള്ളി ഇറാന്‍. യു എസ് സന്ദര്‍ശനത്തിനെത്തിയ സഊദി പ്രതിരോധ മന്ത്രികൂടിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തിയ പ്രസ്താവനകളെഇറാന്‍ അസംബന്ധമെന്ന് വിശേഷിപ്പിച്ചു.
യു എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസുമായി നടന്ന ചര്‍ച്ചയിലാണ് ഇറാനെതിരെ രൂക്ഷ വിമര്‍ശം ഉയര്‍ന്നത്. അറബ് മേഖലയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇറാന്‍ നടത്തുന്നതെന്നും ഇത് ഇസിലടക്കമുള്ള തീവ്രവാദികള്‍ക്ക് ഗുണം ചെയ്യുന്നുണ്ടെന്നുമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കിയത്. മേഖലയിലെ സുരക്ഷ ശക്തമാക്കുന്നതുമായി ബന്ധപ്പെട്ടും ഇസിലിനെതിരായ സംയുക്ത സൈനിക മുന്നേറ്റത്തെ കുറിച്ചും ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തി. അമേരിക്കയുമായി സഹകരിച്ച് സിറിയ, യമന്‍ തുടങ്ങിയ പ്രശ്‌ന സങ്കീര്‍ണ പ്രദേശങ്ങളില്‍ അധിനിവേശ ആക്രമണങ്ങള്‍ നടത്താനുള്ള ചര്‍ച്ചകളാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ യു എസ് സന്ദര്‍ശനത്തില്‍ നടക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്.

അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും നേതൃത്വത്തില്‍ നടക്കുന്ന ഇറാന്‍വിരുദ്ധ നീക്കങ്ങള്‍ക്ക് സഊദിയുടെ പൂര്‍ണ പിന്തുണ മുഹമ്മദ് ബിന്‍ സല്‍മാന്‍ നല്‍കിയിട്ടുണ്ടെന്ന് കരുതുന്നു. കടുത്ത ഇറാന്‍ വിരുദ്ധനായ ട്രംപുമായുള്ള ചര്‍ച്ചയില്‍ ഗുരുതര ആരോപണങ്ങളാണ് സഊദി പ്രതിരോധ മന്ത്രി ഉന്നയിച്ചത്. ബരാക് ഒബാമയുടെ കാലത്ത് നടന്ന ഇറാന്‍ ആണവകരാറിനെ എതിര്‍ത്തും ഇറാനടക്കമുള്ള മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ട്രംപ് നിലപാടിനെ അനുകൂലിച്ചും അദ്ദേഹം പ്രസ്താവന നടത്തിയിരുന്നു. ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ഈ വിവാദ പ്രസ്താവന.
അതിനിടെ, സഊദി പ്രതിരോധമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് രംഗത്തെത്തി. യമന്‍, സിറിയ, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ സാധാരണക്കാരെ കൊന്നൊടുക്കുന്ന സൈനിക നടപടിക്ക് പിന്നിലെ പ്രധാനിയാണ് മുഹമ്മദ് ബിന്‍ സല്‍മാനെന്നും അദ്ദേഹത്തിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്നും ഇറാന്‍ വക്താവ് ബഹ്‌റാം ഖാസിമി വ്യക്തമാക്കി.