Connect with us

Gulf

'സാമൂഹിക മാധ്യമങ്ങളിലെ ചതിക്കുഴികള്‍ കരുതിയിരിക്കണം'

Published

|

Last Updated

ദുബൈ: സാമൂഹിക മാധ്യമങ്ങളിലെ ചതിക്കുഴികള്‍ കരുതിയിരിക്കണമെന്ന് ബര്‍ ദുബൈ പ്രൊസിക്യൂഷനിലെ മുതിര്‍ന്ന അഭിഭാഷക മിത്ര ഇബ്‌റാഹീം മദനി മുന്നറിയിപ്പ് നല്‍കി. സാമൂഹിക മാധ്യമങ്ങളില്‍ വശീകരണത്തിനിറങ്ങുന്നവരുടെ വലയില്‍ കുടുങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുന്നു. അത്തരം സാമൂഹിക വിരുദ്ധര്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നു. എല്ലാ തരം ആളുകളും ജാഗ്രത പാലിക്കേണ്ടതുണ്ട് സ്വകാര്യ രേഖകള്‍ പോസ്റ്റ് ചെയ്യാന്‍ പാടില്ല. തെറ്റിദ്ധരിപ്പിച്ചു കാര്യം സാധിക്കാന്‍ നിരവധി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. ഫെയ്‌സ്ബുക്, ട്വിറ്റര്‍ തുടങ്ങിയ മാധ്യമങ്ങളിലാണ് ഇവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സ്വകാര്യ രേഖകളാണ് പലപ്പോഴും തട്ടിപ്പുകാര്‍ ആയുധമായി ഉപയോഗിക്കുന്നത്.

അനാവശ്യമായ ഒരു വിവരവും പോസ്റ്റ് ചെയ്യേണ്ടതില്ല, മിത്ര ഇബ്‌റാഹീം പറഞ്ഞു. ലിങ്ക്ട് ഇനില്‍ ഒരു സ്ത്രീയില്‍ നിന്ന് മൂന്ന് പേര്‍ രണ്ട് ലക്ഷം തട്ടിയെടുത്ത പശ്ചാതലത്തിലാണ് മിത്രയുടെ മുന്നറിയിപ്പ്. ലിങ്ക്ട് ഇനിയില്‍ വ്യക്തിപരമായ വിവരങ്ങള്‍ കണ്ട് അടുപ്പം സ്ഥാപിച്ച പ്രതി പിന്നീട് വഞ്ചിക്കുകയായിരുന്നു. ഇറാഖില്‍ ജോലി ചെയ്യുന്ന അമേരിക്കന്‍ സൈനികനാണെന്നാണ് പരിചയപ്പെടുത്തിയത്. അടുത്തു തന്നെ സൈന്യത്തില്‍ നിന്ന് വിരമിക്കുകയാണെന്നും 1.5 കോടി ദിര്‍ഹം യു എ ഇ യില്‍ നിക്ഷേപിക്കുകയാണെന്നും ഇയാള്‍ അറിയിച്ചു. പാസ്‌പോര്‍ട് കോപ്പി അയക്കുകയും ചെയ്തു. ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് ഓഫീസിലെ പെട്ടിയില്‍ പണം കരുതിവെച്ചിട്ടുണ്ടെന്നും വിശ്വസിപ്പിച്ചു. പെട്ടി വിട്ടു കിട്ടാന്‍ ദുബൈയിലുള്ള തന്റെ സുഹൃത്തിനെ സഹായിക്കണമെന്നും മറ്റൊരു സുഹൃത്തിന് രണ്ട് ലക്ഷം ദിര്‍ഹം നല്‍കണമെന്നും അഭ്യര്‍ഥിച്ചു. സ്ത്രീ ഇത് വിശ്വസിച്ച് പണം അയച്ചു കൊടുത്തു. വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലായപ്പോള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

 

Latest