Connect with us

Gulf

ഡ്രൈവറില്ലാ വാഹനങ്ങളൊരുക്കി ഡച്ച് സാങ്കേതികവിദ്യ

Published

|

Last Updated

ദുബൈ: ദുബൈയുടെ യാത്രാപഥത്തില്‍ നവീന രീതിയുമായി ഡച്ച് കമ്പനി. ദുബൈ മെട്രോയും ജുമൈറ ബ്ലൂവാട്ടര്‍ ഐലന്‍ഡുമായി ബന്ധിപ്പിക്കുന്ന ഗതാഗത ശൃംഖലക്കായാണ് ഡച്ച് ടെക്‌നോളജി കമ്പനി ഡ്രൈവറില്ലാ വാഹനം ഒരുക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ ഡ്രൈവറില്ലാ വാഹനം ആയിരിക്കുമിത്. മണിക്കൂറില്‍ 5,000 പേര്‍ക്ക് ബ്ലൂവാട്ടര്‍, ദുബൈ മെട്രോ എന്നിവക്കിടയില്‍ യാത്ര ചെയ്യാന്‍ പാകത്തിലുള്ളതുമാണ്. പദ്ധതി നിര്‍മാതാക്കളായ 2-ഗെതര്‍ കമ്പനി അധികൃതര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതാണ് ഇക്കാര്യം. ഇതിനായി അധികൃതരുമായി കമ്പനി ഒപ്പുവെച്ചു.

ദുബൈ ഗതാഗത ചരിത്രത്തില്‍ നാഴികക്കല്ലാകാന്‍ പോകുന്ന പുതിയ സംവിധാനം ബ്ലൂവാട്ടര്‍ മേഖലയുടെ ഭംഗി ആസ്വദിക്കാന്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് ഏറെ ഉപകാരപ്രദമാകുമെന്നു കരാറില്‍ ഒപ്പിട്ട് സി ഇ ഒ കാറല്‍ വോണ്‍ ഹെല്‍സ്ഡിന്‍ജന്‍ പറഞ്ഞു. 2035 ഓട് കൂടി ദുബൈ നഗര ഗതാഗതത്തിന്റെ 25 ശതമാനവും ഓട്ടോമാറ്റിക് സംവിധാങ്ങളാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടുന്ന തരത്തിലുള്ളതാണ് പദ്ധതി.
ജുമൈറ ബീച്ച് റെസിഡന്‍സിനോട് ചേര്‍ന്ന് നിര്‍മാണം പുരോഗമിക്കുന്ന കൃത്രിമ ദ്വീപാണ് ബ്ലൂ വാട്ടര്‍. ലോകത്തെ ഏറ്റവും ഉയരമേറിയതും ഭീമാകാരമായതുമായ ദുബൈ ഐ വീല്‍ ബ്ലൂ വാട്ടര്‍ പദ്ധതി പ്രദേശത്താണ് നിര്‍മാണം പുരോഗമിക്കുന്നത്. നിലവിലെ ലാസ് വേഗാസിലെ ജയന്റ് വീലിനെകാളും വലുപ്പമേറുന്ന ദുബൈ ഐ വീലിന് 48 വ്യത്യസ്തമായ വീക്ഷണ പ്രതലങ്ങള്‍ ഒരുങ്ങും. ഒരേ സമയം 1,400 പേര്‍ക്ക് നഗരത്തിന്റെ ഭംഗി ആസ്വദിക്കാവുന്നതാണ് ഐ വീല്‍. പുതിയ ഗതാഗത സംവിധാനം പ്രവര്‍ത്തന പഥത്തില്‍ എത്തുന്നതോടെ ബ്ലൂ വാട്ടര്‍ പ്രദേശത്തേക്ക് സന്ദര്‍ശകര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുമെന്നാണ് അധികൃതര്‍ കണക്ക് കൂട്ടുന്നത്.

 

Latest