പ്രവാസികളെ വേണ്ടവിധം തിരിച്ചറിഞ്ഞ് വിനിയോഗിക്കാത്തതിനെതിരെ സഊദി ദിനപത്രത്തില്‍ ലേഖനം

Posted on: March 17, 2017 8:04 pm | Last updated: March 17, 2017 at 8:04 pm

ദമ്മാം: രാജ്യത്ത് തങ്ങുന്ന വലിയൊരു വിഭാഗം പ്രവാസികളെ വേണ്ടവിധം തിരിച്ചറിഞ്ഞ് വിനിയോഗിക്കാത്തതിനെതിരെ സഊദിയിലെ ഇംഗ്ലീഷ് ദിനപത്രമായ സഊദി ഗസറ്റില്‍ ലേഖനം. പ്രമുഖ എഴുത്തുകാരനും കോളമിസ്റ്റുമായ അബ്ദുല്‍ ലത്വീഫ് അല്‍ ളുവൈഹിയാണ് വെള്ളിയാഴ്ച ഇറങ്ങിയ പത്രത്തില്‍ ലേഖനമെഴുതിയിട്ടുള്ളത്. അവധി ദിനമായ വാരാന്ത്യങ്ങളില്‍ അല്‍ ഖോബാര്‍ കടല്‍തീരത്ത് ശുചീകരണ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന ഫിലിപ്പൈനികളില്‍ നിന്ന് നമുക്ക് ധാരാളം ധര്‍മപാഠം പഠിക്കാനുണ്ട് എന്ന് പറഞ്ഞു തുടങ്ങുന്ന ലേഖനം വിവിധ മന്ത്രാലയങ്ങള്‍ക്ക് കീഴില്‍ പ്രവാസികള്‍ക്കായി പ്രത്യേക വിഭാഗങ്ങള്‍ രൂപീകരിക്കേണ്ടതിനെക്കുറിച്ചും റിയാദ് ബുക് ഫെയറില്‍ വിദേശികള്‍ക്ക് പ്രവേശനാനുമതി നല്‍കാത്തതിനെയും വിമര്‍ശിക്കുന്നുണ്ട്. അവരുടേതല്ലാത്ത മറ്റൊരു രാജ്യത്ത് ജീവിതത്തിന്റെ ഒട്ടുമുക്കാല്‍ ഭാഗവും ചിലവഴിക്കുന്നവരാണ് പ്രവാസികള്‍. അതിജീവനത്തിന്റെ ഭാഗമായാണ് സ്വന്തം നാട് വിടാന്‍ ഒരു പക്ഷെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. അത് നമ്മുടെ ചിന്തക്ക് അതിരിടാനോ ഇത്തരം കാര്യങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ വിലയിരുത്തുന്നതോ ശരിയല്ല. സ്വദേശി വിദേശി വിവേചനങ്ങള്‍ ഇല്ലാതാക്കി പരസ്പരം സംസ്‌കാരം പാരമ്പര്യവും കൈമാറ്റം ചെയ്യാന്‍ നമുക്കാവേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

റിയാദില്‍ നടക്കുന്ന ബുക്ക് ഫെയര്‍ ഞാന്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടെ ഒരു മൂലയിലെങ്കിലും വിദേശികള്‍ക്ക് പ്രവേശനം അനുവദിക്കുന്നതായി കണ്ടില്ല. നമ്മുടെ തൊട്ടടുത്ത രാജ്യങ്ങളില്‍ ജനിക്കുകയും നമുക്കിടയില്‍ ജീവിക്കുകയും ചെയ്യുന്ന പ്രവാസികളെ വിലക്കിയതിനു പിന്നിലെ പ്രസാധക കമ്പനികളുടെ യുക്തി എനിക്ക് മനസ്സിലാകുന്നില്ല. ഇങ്ങനെ വിലകുറച്ച് കണ്ട് പ്രവാസികളുടെ അറിവും സാമൂഹ്യ സാമ്പത്തിക ഫലങ്ങളും ഉപയോഗപ്പെടുത്താവുന്ന എത്ര അവസരങ്ങളാണ് നാം നഷ്ടപ്പെടുത്തിയത്? ഇത് കുടില ചിന്തയല്ലാതെ മറ്റെന്ത്? മില്യന്‍ കണക്കിന് ഈജിപ്തുകാര്‍, സിറിയക്കാര്‍, യമനികള്‍, ഇന്ത്യക്കാര്‍, പാകിസ്ഥാനികള്‍, ഫിലിപ്പൈനികള്‍ ഇല്ലേ നമുക്ക് ചുറ്റും? ജിദ്ദ, റിയാദ് ബുക്ള്‍ഫെയറുകളില്‍ നിര്‍മ്മാണാത്മകമായി അവരെ പങ്കാളിയാക്കുന്നതല്ലേ യുക്തി? നമ്മള്‍ എന്നെങ്കിലും സ്വയം ചോദിച്ചിട്ടുണ്ടോ, നമ്മുടെ സംസ്‌കാരം, സാഹിത്യം, ബൗദ്ധിക രംഗം, സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക വാണിജ്യ പരിപാടികളില്‍ പോലും ഈ മഹാഭൂരിപക്ഷത്തിന്റെ അസാന്നിധ്യത്തെക്കുറിച്ച്? ഇത്രയും വരുന്ന ആളുകള്‍ക്ക് അവരുടെ മഹത്തായ രാജ്യങ്ങളുടെ സാംസ്‌കാരിക കൈമാറ്റം സാധ്യമാകില്ലേ? ഇന്ത്യന്‍ സാഹിത്യത്തെ പറ്റി ഒരു പ്രഭാഷണം, അല്ലെങ്കില്‍ ഒരു ഫിലിപ്പൈനി കവിത, അതുമല്ലെങ്കില്‍ ആഫ്രിക്കയിലെ അഴിമതിയെക്കുറിച്ച്, അള്‍ജീരിയയിലെ കാര്‍ഷിക സംവിധാനം, ഫലസ്ത്വീനിലെ പൊതു സമൂഹം, ഇന്തോനേഷ്യയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, മലേഷ്യന്‍ വാണിജ്യ രംഗം, കൊറിയയിലെ വിദ്യാഭ്യാസം ഇവയൊന്നും നമ്മുടെ പരിഗണനക്ക് വരുന്നില്ല.!
പ്രവാസികള്‍ അവരവര്‍ ജീവിക്കുന്ന പട്ടണങ്ങളിലും പ്രവിശ്യകളിലും സാമൂഹ്യ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍, എന്തു കൊണ്ട് തൊഴില്‍ സാമൂഹ്യ മന്ത്രാലയത്തിനു കീഴില്‍ ഒരു ഭരണവിഭാഗം സ്ഥാപിക്കുന്നില്ല? പരിസര ശുചീകരണമടക്കം സേവന കാര്യങ്ങളില്‍ പങ്കാളിയാവുന്ന പ്രവാസികളെ ഏകോപിപ്പിക്കാന്‍ എന്തു കൊണ്ട് തദ്ദേശ ഗ്രാമ വികസന മന്ത്രാലയത്തിനു കീഴില്‍ സംവിധാനം ഉണ്ടാകുന്നില്ല.! ഞാന്‍ ഏതെങ്കിലും തദ്ദേശ സ്ഥാപനങ്ങളിലോ കിഴക്കന്‍ പ്രവിശ്യാ ഭരണ സിരാ കേന്ദ്രങ്ങളിലോ ജോലി ഉള്ള ആളായിരുന്നുവെങ്കില്‍ ഇത്തരം ആളുകളെ പ്രോല്‍സാഹിപ്പക്കുകയും സമ്മാനങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്യുമായിരുന്നു.

കലാരംഗം, പൈതൃകം, കായികം, പരിസ്ഥിതി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി എല്ലാ രംഗങ്ങളിലും പ്രവാസികളെ പങ്കാളിയാക്കേണ്ടതുണ്ട്. പ്രവാസികളെ ഇത്തരം വിഷയങ്ങളില്‍ പ്രോല്‍സാഹിപ്പിക്കാന്‍ അംഗീകൃത സംഘടനകളും പ്രത്യേക അംഗീകൃത അതോറിറ്റിയും ഉണ്ടാക്കേണ്ടതുണ്ട്. പ്രവാസികള്‍ രാജ്യത്ത് നടത്തുന്ന സാമൂഹ്യ സാംസ്‌കാരിക സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്താന്‍ മന്ത്രാലങ്ങള്‍ക്ക് കീഴില്‍ പ്രത്യേക സംവിധാനം വേണ്ടതുണ്ട്. ഇത്തരം മികവുകള്‍ ഗ്രീന്‍ കാര്‍ഡ് നിബന്ധനകളില്‍ ഉള്‍പ്പെടുത്തുകയും വേണം. ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ ഒരു പ്രവാസിയേയും നാം കാര്യക്ഷമമായി ഉപയോഗിക്കുന്നില്ല. പക്ഷെ അവര്‍ ഈ രാജ്യത്തിനു വേണ്ടി സ്വയമേവ അദ്ധ്വാനിക്കുകയാണ്. അത്തരം ആളുകള്‍ക്ക് ഒരു അഭിനന്ദനമോ പിന്തുണയോ നല്‍കാനാവണം എന്നും അല്‍ ളുവൈഹി ലേഖനത്തില്‍ പറയുന്നു. തെറ്റായ കാര്യങ്ങളില്‍ ഏര്‍പ്പെടുന്ന ന്യൂനപക്ഷത്തെ എടുത്ത് പ്രവാസികളെ അളക്കരുതെന്ന് സമര്‍ത്ഥിച്ചാണ് ലേഖനം അവസാനിക്കുന്നത്.