ചെത്തുകടവ് പാലത്തില്‍ ഡി വൈ എഫ് ഐയുടെ ഡിവൈഡര്‍ നിര്‍മാണം വിവാദത്തില്‍

Posted on: March 17, 2017 3:59 pm | Last updated: March 17, 2017 at 3:34 pm

കാളികാവ്: ഉദ്ഘാടനത്തിനൊരുങ്ങുന്ന കാളികാവ് ചെത്ത് കടവ് പാലത്തിന്റെ അപ്രോച്ച് റോഡില്‍ ഡി വൈ എഫ് ഐ സ്ഥാപിക്കുന്ന റിംഗ് ഡിവൈഡര്‍ വിവാദത്തിലേക്ക്. സിഗ്‌നല്‍ സംവിധാനങ്ങളൊന്നും ഇല്ലാത്തതിനാല്‍ അപകടം ഒഴിവാക്കാനായാണ് ഡിവൈഡര്‍ നിര്‍മിക്കുന്നത്. എന്നാല്‍ ഡിവൈഡര്‍ നിര്‍മാണത്തിനെതിരെ വിവിധ കോണുകളില്‍ നിന്നും എതിര്‍പ്പുയര്‍ന്നു. മൂന്നാഴ്ചകള്‍ക്ക് മുമ്പാണ് കരുവാരക്കുണ്ട് – വണ്ടൂര്‍ റോഡുകളെ എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന ചെത്ത്കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണം പൂര്‍ത്തിയായത്. എന്നാല്‍ കരുവാരക്കുണ്ട് റോഡിന്റെ ഭാഗത്ത് വീതി കുറവായതിനാല്‍ പൊതുമരാമത്ത് വകുപ്പ് ഡിവൈഡര്‍ ഒഴിവാക്കി ടാറിംഗ് മാത്രം നടത്തുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് ഡി വൈ എഫ് ഐ ഇവിടെ ഡിവൈഡര്‍ സ്ഥാപിക്കാന്‍ തുടങ്ങിയത്.

എന്നാല്‍ ഡിവൈഡര്‍ നിര്‍മാണത്തിന് പൊതുമരാത്ത് വകുപ്പിന്റെ യാതൊരു വിധത്തിലുള്ള അനുമതിയില്ലാഞ്ഞിട്ടും നിര്‍മാണത്തിന് മൗനാനുവാദം നല്‍കിയ പോലീസ് നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്തു വന്നു. അനധികൃത ഡിവൈഡര്‍ നിര്‍മാണത്തിനെതിരെ നടപടി ആവശ്യപ്പെട്ട് മഞ്ചേരി പൊതുമരാമത്ത് എക്‌സിക്യൂട്ടിവ് ഓഫിസര്‍ക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊതുമരാമത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചത്. യാതൊരു മാനദണ്ഡവും പാലിക്കാതെ നിര്‍മിച്ച ഡിവൈഡര്‍ കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാവുകയും ഗതാഗത തടസത്തിന് വഴിയൊരുക്കുകയും ചെയ്യുമെന്നും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജാഫര്‍ പൂങ്ങോട് പറഞ്ഞു.
അതിനിടെ ചെത്തുകടവ് പാലത്തിലെ വിവാദ ഡിവൈഡര്‍ നീക്കം ചെയ്യണമെന്ന് പി ഡബ്ലിയു ഡി അധികൃതര്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടതായി അറിയുന്നു.