ജ്വാല ഗുട്ട സായി ഗവേണിംഗ് ബോഡി അംഗം

Posted on: March 17, 2017 11:06 am | Last updated: March 17, 2017 at 3:07 pm

ന്യൂഡല്‍ഹി: ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയെ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്) ഗവേണിംഗ് ബോഡി അംഗമായി നിയമിച്ചു. നിയമനത്തില്‍ സന്തോഷം പ്രകടിപ്പിച്ച താരം ഇന്ത്യയുടെ കായിക വികസനത്തിന് കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും വ്യക്തമാക്കി.
ഈ മാസം 28ന് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന യോഗത്തിന് ശേഷമേ തന്റെ ഉത്തരവാദിത്വങ്ങളെ കുറിച്ച് അറിയാന്‍ സാധിക്കൂവെന്നും അവര്‍ പറഞ്ഞു.
ബാഡ്മിന്റണ്‍ ഡബിള്‍സ് വിഭാഗത്തില്‍ ഇന്ത്യക്ക് ഏറെ നേട്ടങ്ങള്‍ സമ്മാനിച്ച താരമാണ് ഹൈദരാബാദുകാരിയായ ജ്വാല ഗുട്ട.

വനിതാ ഡബിള്‍സില്‍ 2010ലെ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യനും 2014ലെ ഗ്ലാസ്‌ഗോ ഗെയിംസ് വെള്ളി മെഡല്‍ ജേതാവുമാണ്. 2011 ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ 33കാരിയായ ജ്വാല ഗുട്ട 14 തവണ ദേശീയ ചാമ്പ്യനുമായിരുന്നു.