അഖിലേഷ് യാദവും ശിവ്പാല്‍ യാദവും 104 ദിവസത്തിനുശേഷം ഒരേവേദിയില്‍

Posted on: March 17, 2017 11:13 am | Last updated: March 17, 2017 at 7:57 pm

ലക്‌നൗ: സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും പിതൃസഹോദരന്‍ ശിവ്പാല്‍ യാദവും 104 ദിവസത്തിനുശേഷം ഒരേവേദിയില്‍. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം വിളിച്ചുകൂട്ടിയ പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനായാണ് ഇരുവരും ഒരു വേദിയില്‍ എത്തിയത്. തെരഞ്ഞെടുപ്പിന് തൊട്ടുമുന്പ് പാര്‍ട്ടിയില്‍ ഉടലെടുത്ത ആഭ്യന്തര സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുവരും ഇരുവരുടെയും ഒത്തുചേരലിന് വന്‍ രാഷ്ട്രീയ പ്രാധാന്യമാണ് കല്‍പ്പിച്ചിരുന്നത്.

യോഗത്തിനെത്തിയെങ്കിലും ശിവ്പാല്‍യാദവ് മൗനത്തിലായിരുന്നു. ചില എംഎല്‍എമാരുമായി കുശലംപറഞ്ഞതൊഴിച്ചാല്‍ മറ്റ് ഇടപെടലകളൊന്നും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. 47 എംഎല്‍എമാരാണ് പാര്‍ട്ടി ആസ്ഥാനത്തുനടന്ന യോഗത്തിനെത്തിയത്. 25ന് നടക്കുന്ന യോഗത്തില്‍ അഖിലേഷിനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കുമെന്നാണ് കരുതപ്പെടുന്നത്.

യോഗത്തിനുശേഷം അഖിലേഷ് ചിത്രങ്ങള്‍ ട്വീറ്റ് ചെയ്‌തെങ്കിലും ഒരിടത്തും ശിവ്പാലിന്റെ സാന്നിധ്യമുണ്ടായിരുന്നില്ല. ശിവ്പാല്‍ യാദവിനെ മന്ത്രിസഭയില്‍നിന്നു പുറത്താക്കിയശേഷമാണ് അഖിലേഷ് പാര്‍ട്ടി ദേശീയ അധ്യക്ഷസ്ഥാനം പിടിച്ചടക്കിയത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്നെങ്കിലും വന്‍ പരാജയം ഏറ്റുവാങ്ങാനായിരുന്നു എസ്പിയുടെ വിധി.