Connect with us

Kerala

പി എസ് സി അപേക്ഷാ പ്രായപരിധി: ഉദ്യോഗസ്ഥ സാധ്യതയെ ബാധിക്കില്ല

Published

|

Last Updated

തിരുവനന്തപുരം: പി എസ് സി പരീക്ഷക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി വര്‍ധിപ്പിക്കാത്തത് ഉദ്യോഗസ്ഥ സാധ്യതയെ ബാധിക്കുമെന്നതില്‍ വസ്തുതയില്ലെന്ന് മുഖ്യമന്ത്രി. പി എസ് സി ഉദ്യോഗത്തില്‍ നിന്നുള്ള വിരമിക്കല്‍ പ്രായം വര്‍ധിപ്പിച്ച സാഹചര്യത്തില്‍ അതിന് ആനുപാതികമായി അപേക്ഷിക്കാനുള്ള പ്രായപരിധിയും വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് എ എം ആരിഫ് ഉന്നയിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നിലവിലുള്ളതിന്റെ കാരണത്താല്‍ വിരമിക്കല്‍ പ്രായം 56 വയസ്സില്‍ നിന്ന് 60 വയസ്സായി ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍, 2012 ഏപ്രില്‍ ഒന്നിന് ശേഷം സര്‍വീസില്‍ വരുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമാണ് ഈ നിയമം ബാധകമാകുക. 2013ന് ശേഷം സര്‍വീസില്‍ വരുന്ന ഉദ്യോഗാര്‍ഥികള്‍ വിരമിക്കുന്നത് ഏകദേശം 25 മുതല്‍ 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ഈ സാഹചര്യത്തില്‍ പി എസ് സി വഴിയുള്ള നിയമനത്തിനുള്ള പ്രായപരിധി 40 വയസായി ഉയര്‍ത്തണമെന്ന ആവശ്യം നിലവിലുള്ള ഉദ്യോഗ സാധ്യതയില്‍ കുറവ് സംഭവിക്കുന്നു എന്നത് വസ്തുതയല്ല.
സംവരണ വിഭാഗങ്ങളിലെ ഉദ്യോഗാര്‍ഥികളുടെ പ്രായപരിധിയും ക്രമാനുഗതമായി ഉയര്‍ത്തിയിട്ടുണ്ട്. ഇക്കാരണത്താല്‍ ഈ വിഭാഗത്തില്‍ പെടുന്ന ഉദ്യോഗാര്‍ഥികളുടെ നിയമനസാധ്യതയിലും കുറവ് വരുന്നില്ല. പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ച് പുനഃപരിശോധനവേണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണനയിലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.