Connect with us

National

സുധീരന് പകരം താത്കാലിക അധ്യക്ഷനെ നിയോഗിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: കെ പി സി സി അധ്യക്ഷസ്ഥാനത്ത് നിന്നുള്ള വിഎം സുധീരന്റെ രാജി അംഗീകരിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ചികിത്സക്കായി വിദേശത്ത് പോയ പാര്‍ട്ടി പ്രസിഡന്റ് സോണിയ ഗാന്ധി തിരിച്ചെത്തിയ ശേഷമായിരിക്കും ഇതില്‍ സ്ഥിരീകരണമുണ്ടാകുകയെന്നാണ് എ ഐ സി സി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. രാജി സോണിയ ഗാന്ധി അംഗീകരിച്ചതിന് ശേഷമായിരിക്കും ഇടക്കാല കെ പി പി സി പ്രസിഡന്റ് സംവിധാനം അടക്കമുള്ളവയെക്കുറിച്ച് ആലോചിക്കുക.

അതേസമയം, സുധീരന്റെ രാജി സ്വീകരിച്ച് സംഘടനാ തിരഞ്ഞെടുപ്പ് നടത്തുന്നതുവരെ ഒരു താത്കാലിക അധ്യക്ഷനെ നിയോഗിക്കാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആലോചിക്കുന്നത്. സോണിയ ഗാന്ധി ഡല്‍ഹിയില്‍ തിരിച്ചെത്തിയ ശേഷം രാജി അംഗീകരിക്കുകയും കെ പി സി സിക്ക് താത്കാലിക അധ്യക്ഷനെ നിയമിക്കുകയുമാകും ചെയ്യുക. കെ പി സി സി അധ്യക്ഷനെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ എ, ഐ ഗ്രൂപ്പ് കലഹം ശക്തിപ്രാപിക്കുന്ന പശ്ചാതലത്തില്‍ കൂടിയാണ് വിഷയം സോണിയ ഗാന്ധി തിരിച്ചെത്തിയതിന് ശേഷം മാത്രം തീരുമാനമെടുത്താല്‍ മതിയെന്ന നിലപാടിലേക്ക് ഹൈക്കമാന്‍ഡ് എത്തിച്ചേര്‍ന്നത്.

വി എം സുധീരന്‍ രാജിവെച്ച് ഒഴിഞ്ഞതോടെ എം എം ഹസന് കെ പി സി സി അധ്യക്ഷന്റെ ചുമതല നല്‍കണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അധ്യക്ഷനെ ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്നാണ് ഐ ഗ്രൂപ്പെടുത്ത നിലപാട്. ഇതോടെ സംസ്ഥാന നേതൃത്വത്തില്‍ യോജിച്ചൊരു തീരുമാനത്തിന് സാധ്യതയില്ലെന്ന് കേന്ദ്ര നേതൃത്വത്തിന് വ്യക്തമായതോടെയാണ് തീരുമാനം വൈകുന്നത്. ഉമ്മന്‍ ചാണ്ടി അടക്കമുള്ള എ ഗ്രൂപ്പ് നേതാക്കള്‍ ഹസനെ കെ പി സി സി പ്രസിഡന്റാക്കുന്നതിനുള്ള കൃത്യമായ നീക്കങ്ങളാണ് നടത്തുന്നത്. ഇക്കാര്യം ഉമ്മന്‍ ചാണ്ടി രമേശ് ചെന്നിത്തലയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ മുസ്‌ലിം ലീഗിന്റെ പിന്തുണയും വിഷയത്തില്‍ ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ എ ഗ്രൂപ്പിന്റെ നിര്‍ദേശത്തോട് ഐ ഗ്രൂപ്പ് യോജിച്ചില്ല. അധ്യക്ഷനെ തീരുമാനിക്കുന്ന കാര്യം ഹൈക്കമാന്‍ഡിന് വിടാമെന്നാണ് ഐ ഗ്രൂപ്പ് തിരിച്ചടിച്ചത്. വിഷയത്തില്‍ ഹൈക്കമാന്‍ഡും പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയും മുതിര്‍ന്ന നേതാവ് കെ വി തോമസും കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു.

 

Latest