മെഡിക്കല്‍ പി ജി ഡോക്ടര്‍മാരുടെ സമരം അവസാനിപ്പിച്ചു

Posted on: March 17, 2017 12:30 am | Last updated: March 16, 2017 at 11:08 pm

തിരുവനന്തപുരം: മെഡിക്കല്‍ പി ജി ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം താത്കാലികമായി അവസാനിപ്പിച്ചു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തില്‍ നടപ്പാക്കിയ മൂന്ന് വര്‍ഷത്തെ ബോണ്ട് വ്യവസ്ഥ സംബന്ധിച്ച് പഠിക്കാന്‍ ഒരു സമിതിയെ നിയോഗിക്കാമെന്ന ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സമരം താത്കാലികമായി അവസാനിപ്പിച്ചത്. ബുധനാഴ്ച ഉച്ചക്ക് ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. തുടര്‍ന്ന് രാത്രി പി ജി അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് തീരുമാനം അംഗീകരിക്കുകയും ഇതുസംബന്ധിച്ച് രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചാല്‍ സമരം അവസാനിപ്പിക്കാമെന്നും ധാരണയിലെത്തി. രേഖാമൂലമുള്ള ഉറപ്പ് വ്യാഴാഴ്ച ഉച്ചയോടെ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചതെന്ന് പി ജി അസോസിയേഷന്‍ പ്രതിനിധികള്‍ അറിയിച്ചു.

പി ജി വിദ്യാര്‍ഥികളുടെ പ്രശ്‌നം അനുഭാവപൂര്‍വം പരിഹരിച്ചുവെന്നും ഇനിയും സമരം തുടരുന്നത് ശരിയല്ലെന്നും സര്‍ക്കാര്‍ പി ജി അസോസിയേഷന്‍ പ്രതിനിധികളെ അറിയിച്ചിട്ടുണ്ട്.
അതേസമയം, സമിതി റിപ്പോര്‍ട്ട് അനുകൂലമല്ലെങ്കില്‍ സമരമല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. മെഡിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്‌സ് പൂര്‍ത്തിയാക്കിയതിനുശേഷം മൂന്ന് വര്‍ഷം സര്‍ക്കാര്‍ തലത്തില്‍ സേവനം വേണമെന്ന ബോണ്ട് ഒഴിവാക്കാത്തതിനെതിരെയാണ് പി ജി അസോസിയേഷന്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. പി ജി കോഴ്‌സ് കഴിഞ്ഞും ഈ വ്യവസ്ഥ നിര്‍ബന്ധമാക്കി പുതിയ പ്രോസ്‌പെക്ടസ് പുറത്തിറക്കിയെങ്കിലും കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ അത് ഒഴിവാക്കിയിരുന്നു. കേരളത്തില്‍ സ്വകാര്യ മേഖലയിലുള്‍പ്പെടെ ആകെ 106 സൂപ്പര്‍ സ്‌പെഷ്യാലിറ്റി സീറ്റുകളാണുള്ളത്. മെറിറ്റ് അടിസ്ഥാനത്തില്‍ മാത്രം പ്രവേശനം കിട്ടുന്ന ഈ കോഴ്‌സില്‍ സര്‍ക്കാര്‍ ഫീസ് മാത്രമാണ് ഈടാക്കുന്നത്.