Connect with us

Kerala

മഹാശിലായുഗത്തിലെ മണ്‍പാത്രങ്ങള്‍ കണ്ടെത്തി; പഴക്കം 2,500 വര്‍ഷത്തോളമെന്ന് ഗവേഷകര്‍

Published

|

Last Updated

തേഞ്ഞിപ്പലം: തിരൂര്‍ വൈലത്തൂരിന് സമീപത്തെ ചെറിയമുണ്ടം ചേമഞ്ചേരിയില്‍ നിന്ന് 2,500 വര്‍ഷത്തോളം പഴക്കമുള്ള മഹാശിലായുഗ മണ്‍പാത്രങ്ങള്‍ ചരിത്ര ഗവേഷകര്‍ കണ്ടെത്തി. ചെറിയമുണ്ടം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ കോട്ടക്കല്‍ മുരളി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ചരിത്രവിഭാഗം ഗവേഷകര്‍ ചെറിയമുണ്ടത്തെത്തി പരിശോധന നടത്തിയാണ് മണ്‍പാത്രങ്ങളുടെ ചരിത്ര പ്രാധാന്യം കണ്ടെത്തിയത്.

സ്‌കൂളിന് സമീപത്തെ പൊതുവഴിയില്‍ ജലവിതരണ പൈപ്പ് സ്ഥാപിക്കാനായി കുഴിയെടുത്തപ്പോഴാണ് മഹാശിലായുഗ കാലത്തെ നന്നങ്ങാടി കണ്ടെത്തിയത്. നന്നങ്ങാടിക്ക് അകത്ത് നിന്ന് ഏറെ ചരിത്രപ്രാധാന്യമുള്ള ചുവപ്പും കറുപ്പും ചേര്‍ന്ന നാല് മണ്‍പാത്രങ്ങളും ലഭിച്ചു. കേരളത്തിലെ പുരാതനകാല ഇരുമ്പ് സംസ്‌കൃതിയുമായി ബന്ധപ്പെട്ടവയാണ് ഇവ. മണ്‍പാത്രങ്ങള്‍ ആ കാലത്തെ ജനതയെക്കുറിച്ച് പഠിക്കാനുള്ള അതീവ പ്രാധാന്യമുള്ള തെളിവുകളാണെന്ന് ഗവേഷകര്‍ പറഞ്ഞു.
മഹാശിലായുഗ അവശിഷ്ടങ്ങളും ചരിത്രരേഖകളും ആധുനിക രീതിയില്‍ സംരക്ഷിക്കുന്നതിന് യൂനിവേഴ്‌സിറ്റി ചരിത്ര വിഭാഗം ശ്രമം ആരംഭിച്ചിട്ടുണ്ട്. അതിനാല്‍ പുരാവസ്തുക്കള്‍ ലഭിക്കുമ്പോള്‍ ചരിത്രവിഭാഗത്തെയോ ഗവേഷണ സ്ഥാപനങ്ങളെയോ അറിയിക്കണമെന്ന് ചരിത്രവിഭാഗം മേധാവി ഡോ. പി ശിവദാസന്‍ പറഞ്ഞു.