Connect with us

Gulf

ദുബൈ കെയേര്‍സ് ആറ് രാജ്യങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിച്ചു

Published

|

Last Updated

ദുബൈ കെയേര്‍സ് സി ഇ ഒ താരിഖ് അല്‍ ഗുര്‍ഗ് വാര്‍ത്താസമ്മേളനത്തില്‍

ദുബൈ: കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ കുടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ദുബൈ കെയേര്‍സ് ഒരുങ്ങുന്നു. 10 വര്‍ഷമായി വിവിധ കാരണങ്ങളാല്‍ വിദ്യാഭ്യാസം അപ്രാപ്യമായ പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്നു കൊടുക്കുന്ന വേളയിലാണ് പുതിയ ദൗത്യവുമായി ദുബൈ കെയേര്‍സ് രംഗത്ത് വരുന്നത്. കരീബിയ, തെക്കേ അമേരിക്ക, പസഫിക് എന്നിവിടങ്ങളിലെ ആറ് രാജ്യങ്ങളിലേക്ക് കൂടിയാണ് ദുബൈ കെയേര്‍സ് അറിവിന്റെ വെളിച്ചംപകരാന്‍ ഉദ്ദേശിക്കുന്നത്. ഇതിനായി അടുത്ത 10 വര്‍ഷത്തേക്കുള്ള കര്‍മപദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് സി ഇ ഒ താരിഖ് അല്‍ ഗുര്‍ഗ് ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദുബൈ കെയേര്‍സിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുസമൂഹത്തിന്റെ കൂടുതല്‍ പിന്തുണയും സഹകരണവും അദ്ദേഹം അഭ്യര്‍ഥിച്ചു.

അടുത്ത 10 വര്‍ഷത്തേക്കുള്ള പരിപാടികളുമായി സഹകരിക്കുന്നതിനായി 21 ദശലക്ഷം ദിര്‍ഹത്തിന്റെ സഹായമാണ് യു എ ഇയിലെ സ്വകാര്യ മേഖലയില്‍ നിന്നുള്ള മൂന്ന് സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്തത്. 10 ദശലക്ഷം ദിര്‍ഹം വീതം ലുലു ഗ്രൂപ്പ്, അല്‍ അന്‍സാരി എക്‌സചേഞ്ച് എന്നിവയും ഒരു ദശലക്ഷം ദിര്‍ഹം ദുബൈയിലെ ഇന്റര്‍നാഷണല്‍ ഇലക്ട്രിക്കല്‍ കമ്പനിയുമാണ് വാഗ്ദാനം ചെയ്തത്. ഇത് സംബന്ധിച്ചുള്ള ധാരണാപത്രം അടുത്തുതന്നെ ഈ സ്ഥാപനങ്ങളുമായി ഒപ്പുവെക്കുമെന്നും താരിഖ് അല്‍ ഗുര്‍ഗ് അറിയിച്ചു. ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നടക്കുന്ന യുദ്ധത്തിന്റെയും കെടുതികളുടെയും മാരകരോഗങ്ങള്‍ക്കിടയിലും ജീവിക്കാന്‍ വിധിക്കപ്പെട്ട കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന് പറഞ്ഞ താരിഖ് അല്‍ ഗുര്‍ഗ്, ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഭാവിയിലെ പൗരന്മാരെ വാര്‍ത്തെടുക്കാന്‍ പ്രാപ്തരാക്കുമെന്നും വിശ്വാസം പ്രകടിപ്പിച്ചു.

സഹായം ആവശ്യപ്പെട്ട ദുബൈ കെയേര്‍സ് ആരെയും സമീപിച്ചിട്ടില്ല. പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ശൈഖ് മുഹമ്മദ് ഭാവി പരിപാടികളെപ്പറ്റി വിവരിച്ചപ്പോള്‍ ലുലു ഗ്രൂപ്പ്, അല്‍ അന്‍സാരി എക്‌സചേഞ്ച്, ദുബൈ ഇലക്ട്രിക്കല്‍സ് എന്നീ മൂന്ന് സ്ഥാപനങ്ങളാണ് സഹായങ്ങളൂമായി ദുബൈ കെയേര്‍സിനെ സമീപിച്ചത്. പൊതുസമൂഹത്തിലെ എല്ലാവരും ഇത് മാതൃകയാക്കി ഇത്തരം പ്രവര്‍ത്തനങ്ങളൂമായി മുന്നോട്ടിറങ്ങണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.ലുലു ഗ്രൂപ്പ് ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ കെ സി ബദ്‌റുദ്ദീന്‍, റാശിദ് അല്‍ അന്‍സാരി, ഇന്റര്‍നാഷണല്‍ ഇലക്ട്രിക്കല്‍ കമ്പനിയുടെ മഹേഷ് മെന്‍ഡ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

---- facebook comment plugin here -----

Latest