Connect with us

Malappuram

ഗര്‍ഭിണിയുടെ മരണം: ഡോക്ടര്‍മാരും ആശുപത്രിയും 12.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

Published

|

Last Updated

മഞ്ചേരി: അശ്രദ്ധ മൂലം ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവും മരിക്കാനിടയായ സംഭവത്തില്‍ ഡോക്ടര്‍മാരും സ്വകാര്യ ആശുപത്രിയും 12,50,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മലപ്പുറം ജില്ലാ ഉപഭോക്തൃ കോടതി വിധിച്ചു. 2010 ജൂണ്‍ 25ന് തിരൂര്‍ നോര്‍ത്ത് ബി പി അങ്ങാടി കാട്ടിച്ചിറ റോഡ് മുണ്ടേക്കാട്ട് ഹനീഫ-സൈനബ ദമ്പതികളുടെ മകള്‍ ജുബൈരിയ (21)യും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തിലാണ് വിധി.

ഗര്‍ഭിണിയായ ജുബൈരിയ ബി പി അങ്ങാടി സൂര്യ ആശുപത്രിയിലെ ഡോക്ടര്‍ റിനി സലാസിന്റെ ചികിത്സയിലായിരുന്നു. വേദന അനുഭവപ്പെട്ട ജുബൈരിയയെ 2010 ജൂണ്‍ 19ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഡോ. റിനി സലാസ് അവധിയിലായതിനാല്‍ രണ്ടു ദിവസം ആശുപത്രിയില്‍ ഇവര്‍ക്ക് ചികിത്സ ലഭിച്ചില്ല. തുടര്‍ന്ന് മറ്റൊരു ഗൈനക്കോളജിസ്റ്റായ ഡോ. കെ ബി വത്സനാണ് ജുബൈരിയയെ പരിശോധിച്ചത്. പരിശോധനയില്‍ ജുബൈരിയ ഉയര്‍ന്ന പ്രമേഹ ബാധിതയെന്ന് കണ്ടെത്താന്‍ ഡോക്ടര്‍ക്കായില്ല. ജൂണ്‍ 21ന് നടന്ന ആന്റി നാറ്റല്‍ ചെക്കപ്പില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചതായി കണ്ടെത്തി. ഗര്‍ഭസ്ഥ ശിശുവിന്റെ ശരീരം ജീര്‍ണിച്ച നിലയിലായിരുന്നു. ഇത് നീക്കം ചെയ്യുന്നതിനിടെ ഗര്‍ഭാശയത്തില്‍ മുറിവും രക്തസ്രാവവുമുണ്ടായി. 32 കുപ്പി രക്തം കയറ്റിയെങ്കിലും രക്ഷയില്ലെന്ന് കണ്ട് 23ന് രോഗിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്‌തെങ്കിലും ചികിത്സ ഫലിക്കാതെ ജുബൈരിയ ജൂണ്‍ 25ന് മരിച്ചു. മാതാവ് സൈനബയുടെ പരാതിയില്‍ തിരൂര്‍ പോലീസ് ആശുപത്രിക്കും ഡോക്ടര്‍മാര്‍ക്കുമെതിരെ അശ്രദ്ധമൂലമുള്ള മരണത്തിന് കേസെടുത്തിരുന്നു.
ജുബൈരിയയുടെ മരണത്തിന് കാരണം ഡോക്ടര്‍മാരുടെ അശ്രദ്ധയാണെന്നും നേരത്തെ വിദഗ്ധ ചികിത്സക്ക് റഫര്‍ ചെയ്തിരുന്നുവെങ്കില്‍ മാതാവിന്റെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നുമുള്ള അഭിഭാഷകരായ പി എം സഫറുല്ല, വി മനോജ്, വി പി വിപിന്‍നാഥ് എന്നിവരുടെ വാദം കോടതി അംഗീകരിച്ചു. നഷ്ടപരിഹാര തുക ഡോക്ടര്‍മാരായ റിനി സലാസ്, കെ ബി വത്സന്‍, ആശുപത്രി മാനേജര്‍ ഹരീഷ് എന്നിവര്‍ നല്‍കണമെന്ന് ഫോറം ജഡ്ജി വിജയന്‍, അംഗങ്ങളായ മദനവല്ലി, മിനി മാത്യു എന്നിവരടങ്ങിയ ബഞ്ച് വിധിച്ചു.