Connect with us

Editorial

വിവേചനത്തിന്റെ ഇരകള്‍

Published

|

Last Updated

ഉന്നത കലാലയങ്ങളില്‍ മതന്യൂനപക്ഷ, പിന്നാക്ക വിദ്യാര്‍ഥികള്‍ക്ക് രക്ഷയില്ലെന്നതിന്റെ മറ്റൊരു സാക്ഷ്യമാണ് ജെ എന്‍ യുവിലെ ദലിത് ഗവേഷണ വിദ്യാര്‍ഥി മുത്തുകൃഷ്ണന്റെ ആത്മഹത്യ. ഇതേ സ്ഥാപനത്തില്‍ കനയ്യ കുമാറിന് അനുഭവിക്കേണ്ടിവന്ന പീഡനങ്ങളും നജീബിന്റെ തിരോധാനവും വിദ്യാര്‍ഥി യൂനിയന്‍ വൈസ് പ്രസിഡന്റ് സഹ്‌ല റാഷിദിന് നേരെയുണ്ടായ വധഭീഷണിയും പിന്നാക്ക വിഭാഗ വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കുന്ന തിക്താനുഭവങ്ങളുടെ സാക്ഷ്യങ്ങളായിരുന്നു. തമിഴ്‌നാട്ടിലെ സേലം സ്വദേശിയും അതീവ പിന്നാക്ക മേഖലയില്‍ നിന്ന് സ്വപ്രയത്‌നം കൊണ്ട് ഉയര്‍ന്നുവന്ന വിദ്യാര്‍ഥിയുമായ മുത്തുകൃഷ്ണന് സ്വയം ജീവനൊടുക്കേണ്ട കുടുംബപരമോ വ്യക്തിപരമോ ആയ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. ജെ എന്‍ യുവില്‍ ദളിത് വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന വിവേചനത്തെയും പീഡനങ്ങളെയും സംബന്ധിച്ച് പലപ്പോഴായി പോസ്റ്റ്‌ചെ യ്ത തന്റെ അനുഭവ കുറിപ്പുകളില്‍ നിന്ന് മുത്തുകൃഷ്ണനെ ആത്മഹത്യയിലേക്ക് നയിച്ചകാരണങ്ങള്‍ വ്യക്തമാണ്.
ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയില്‍ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ സുഹൃത്തും വെമുലയുടെ മരണാനന്തരം രൂപം കൊണ്ട നീതി പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്ന മുത്തുകൃഷ്ണന്‍ ജെ എന്‍ യുവില്‍ നടക്കുന്ന വിവേചനത്തിനെതിരെ ശക്തിയായി പ്രതികരിക്കാറുണ്ടായിരുന്നു. കാലങ്ങളായി എംഫില്‍, പി എച്ച് ഡി പ്രവേശനത്തില്‍ കടുത്ത ജാതി വിവേചനമാണ് സ്ഥാപനത്തില്‍ നടക്കുന്നത്.

70 മാര്‍ക്കിന്റെ എഴുത്തു പരീക്ഷയില്‍ 30 മാര്‍ക്കിനുള്ള വൈവയുടെയും കൂടി അടിസ്ഥാനത്തിലാണ് എംഫില്‍, പി എച്ച് ഡി പ്രവേശം. എന്നാല്‍, എഴുത്തു പരീക്ഷയില്‍ ഉന്നത മാര്‍ക്ക് കരസ്ഥമാക്കുന്ന പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വൈവയില്‍ മാര്‍ക്ക് കുറച്ചുനല്‍കി സര്‍വകലാശാല പ്രവേശനം നിഷേധിക്കുകയാണ് അധികൃതര്‍. സ്ഥാപനത്തിന്റെ തലപ്പത്ത് സംഘ്പരിവാര്‍ നോമിനികള്‍ വന്നതോടെയാണ് ഇത്തരം കൃത്രിമങ്ങളും നീതിനിഷേധവും ശക്തമായത്.
ജെ എന്‍ യു, ഹൈദരാബാദ് യൂനിവേഴ്‌സിറ്റികളില്‍ മാത്രമല്ല, സംഘ്പരിവാര്‍ സ്വാധീനമുള്ള ഉന്നത കലാലയങ്ങളിലെല്ലാം സവര്‍ണേതര,മതന്യൂനപക്ഷ വിദ്യാര്‍ഥികള്‍ കൊടിയ പീഡനവും വിവേചനവും അനുഭവിക്കുന്നുണ്ട്. അടിസ്ഥാന അവകാശങ്ങളായ ഭക്ഷണം, വെള്ളം തുടങ്ങിയവ നിഷേധിക്കുക, എ ടി എമ്മുകള്‍ ബ്ലോക്കാക്കുക, ക്യാമ്പസിനകത്തെ പീഡനങ്ങളും അടിച്ചമര്‍ത്തലുകളും പുറം ലോകമറിയാതിരിക്കാന്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കുക, സാമൂഹിക മാധ്യമങ്ങള്‍ക്ക് തടയിടാന്‍ നെറ്റ് കണക്ഷന്‍ വിച്ഛേദിക്കുക, പ്രതികരിക്കുന്നവരെയും പ്രതിഷേധിക്കുന്നവരെയും ഭീതിതമായ അന്തരീക്ഷം സൃഷ്ടിച്ചും മര്‍ദനത്തിലൂടെയും നിശ്ശബ്ദരാക്കുക, അവര്‍ക്കെതിരെ രാജ്യദ്രോഹമുള്‍പ്പെടെ കള്ളക്കേസുകള്‍ ചുമത്തി ഇരുമ്പഴികള്‍ക്കുള്ളില്‍ തളച്ചിടുക, അറസ്റ്റ് ചെയ്യപ്പെട്ടവരെക്കുറിച്ചുള്ള വിവരം കൈമാറാതിരിക്കുക തുടങ്ങി ദളിത,് ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന മാനസിക, ശാരീരിക പീഡനങ്ങള്‍ അസംഖ്യമാണ.്
ക്യാമ്പസിലെ വെള്ളം കുടിച്ചാല്‍ അശുദ്ധമാകുമോ എന്ന ശങ്കയാല്‍ സ്വന്തം കിണറിലെ വെള്ളം കൊണ്ടുനടക്കുന്ന അധ്യാപകരുണ്ട് എന്നത് വര്‍ണചിന്ത എത്ര ആഴത്തിലാണ് അവരെ ബാധിച്ചതെന്ന് ബോധ്യപ്പെടുത്തുന്നുണ്ട്. ബ്രാഹ്മണിക്കല്‍ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതാണ് പല ഉന്നത സ്ഥാപനങ്ങളിലെയും ഡിപ്പാര്‍ട്ട്‌മെന്റുകളും അഡ്മിനിസ്‌ട്രേഷനും.

ഹൈദരാബാദ് സര്‍വകലാശാലയില്‍ ദളിത് പീഡനത്തെ തുടര്‍ന്നുണ്ടായ രോഹിത് വെമുലയുടെ ആത്മഹത്യ സൃഷ്ടിച്ച പ്രതിഷേധാഗ്‌നി കെട്ടടങ്ങുന്നതിന് മുമ്പേ സംഭവിച്ച മുത്തുകൃഷ്ണന്‍ വിയോഗം വിദ്യാര്‍ഥിലോകത്ത് കടുത്ത നടുക്കമുളവാക്കിയിരിക്കയാണ്. സംവരണ വിരുദ്ധതയും ന്യൂനപക്ഷ വിരോധവും മുഖമുദ്രയാക്കിയ സര്‍ക്കാര്‍ അധികാരത്തിലിരിക്കെ വെമുലമാരുടെയും മുത്തുകൃഷ്ണമാരുടെയും എണ്ണം വര്‍ധിക്കുമോ എന്ന ഭീതിയിലാണ് രാജ്യം. ഉന്നത കലാലയങ്ങളില്‍ സ്വതന്ത്രമായി ചിന്തിക്കാനും പ്രതികരിക്കാനുമുള്ള അന്തരീക്ഷം നിലനില്‍ക്കുന്നത് തങ്ങളുടെ താത്പര്യങ്ങള്‍ക്ക് ഭീഷണിയാണെന്ന തിരിച്ചറിവാണ് അവയുടെ തലപ്പത്ത് സംഘ്പരിവാര്‍ ആശയക്കാരെ പ്രതിഷ്ഠിക്കാനും പാഠ്യപദ്ധതി കാവിവത്കരിക്കാനും അതിനെതിരെ പ്രതികരിക്കുന്ന നാവുകളെയും പേനകളെയും നിശ്ശബ്ദമാക്കാനുമുളള ആര്‍ എസ് എസ് അജന്‍ഡക്ക് പിന്നില്‍. ഇതേക്കുറിച്ചു വിദ്യാര്‍ഥി സമൂഹം കൂടുതല്‍ ബോധവാന്മാരാകുകയും ചെറുത്തുനില്‍പ് ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. ഈ പ്രയാണത്തിനിടയില്‍ അനുഭവപ്പെടുന്ന തിരിച്ചടികളില്‍ പതറാതെ അവ പോരാട്ടത്തിന് കൂടുതല്‍ വീര്യം പകരാന്‍ ഉപയുക്തമാക്കാനുള്ള മനക്കരുത്തും ആര്‍ജവവുമാണ് നിലവിലെ സാഹചര്യത്തില്‍ വിദ്യാര്‍ഥി ലോകത്തിനാവശ്യം.