Connect with us

Kasargod

ദേശീയപാത വികസനം; കാസര്‍കോട് ജില്ലയില്‍ ചിലവ് 3000 കോടി രൂപ

Published

|

Last Updated

കാസര്‍കോട്: ജില്ലയില്‍ ദേശീയപാത ആറുവരിപ്പാതയാക്കുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ മെയ് ഒന്നിനു തുടങ്ങും.

ദേശീയപാതവികസനത്തിന് ജില്ലയില്‍ മാത്രം 3000 കോടി രൂപയുടെ ചിലവ് കണക്കാക്കുന്നു.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ദേശീയപാത ആറുവരിയാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് ഇതിനുവേണ്ട നടപടിക്രമങ്ങളും വേഗത്തിലാക്കുന്നത്.
ജില്ലയില്‍ പത വികസനത്തിനുള്ള സ്ഥലമെടുപ്പ് 65 ശതമാനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. മെയ് മാസത്തില്‍ പ്രവര്‍ത്തി തുടങ്ങുന്ന സാഹചര്യത്തില്‍ സ്ഥലമെടുപ്പ് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കും. സ്ഥലമേറ്റെടുപ്പ് 60 ശതമാനം പൂര്‍ത്തിയാക്കിയാല്‍ നിര്‍മാണത്തിന് ടെന്‍ഡര്‍ നല്‍കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയിരിക്കുന്നത്. ടെന്‍ഡര്‍ നടപടികള്‍ ഏപ്രില്‍ മാസം പകുതിയോടെ ആരംഭിക്കും. ജൂണ്‍, ജൂലൈ മാസങ്ങളില്‍ കണ്ണൂര്‍കോഴിക്കോട് ജില്ലകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
മൂന്നുവര്‍ഷത്തിനകം ദേശീയപാത വികസനം പൂര്‍ത്തിയാക്കുന്നതിനുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. പരാതിയുള്ള മേഖലകളില്‍ അലൈന്‍മെന്റ് പുതുക്കാനുള്ള നടപടികളും പുരോഗമിച്ചുവരുന്നു.

45 മീറ്ററില്‍ നാലുവരിപ്പാത നിര്‍മിക്കാനാണ് സര്‍ക്കാര്‍ മുമ്പ് തീരുമാനിച്ചിരുന്നത്. എന്നാല്‍ വാഹനങ്ങളുടെ പെരുപ്പം കൂടി കണക്കിലെടുത്തണ് നാലുവരിപ്പാത എന്നത് ആറുവരിപ്പാതയാക്കുന്നത്.
സര്‍ക്കാറിന്റെ പുതിയ തീരുമാനം കണക്കിലെടുത്ത് ദേശീയപാത അധികൃതര്‍ പാതയുടെ രൂപരേഖ പുതുക്കുകയും ചെയ്തിട്ടുണ്ട്.പുതിയ രൂപരേഖയനുസരിച്ച് ഇരുവശങ്ങളിലുമായി 21 മീറ്റര്‍ വീതിയിലാണ് ആറുവരിപ്പാതയുടെ നിര്‍മാണം. നാലുവരിപ്പാത പദ്ധതി ആറുവരിപ്പാതയാക്കുമ്പോള്‍ ചിലവ് 20 ശതമാനത്തോളമാണ് വര്‍ധിക്കുക.
15 മീറ്ററില്‍ നാലുവരിപ്പാത നിര്‍മിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. മീഡിയനുകളുടെ വീതി രണ്ടുമുതല്‍ മൂന്നുമീറ്റര്‍ വരെയായി കുറക്കും. നേരത്തെ ഇത് നാലുമുതല്‍ അഞ്ചുമീറ്റര്‍ വരെയായിരുന്നു.