Connect with us

Gulf

സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ ക്ലൗഡ് സുരക്ഷയുമായി ഉരീദു

Published

|

Last Updated

ശൈഖ് സഊദ് ബിന്‍ നാസര്‍ അല്‍ താനി

ദോഹ: മൊബല്‍ ഫോണുകളും ടാബ്‌ലറ്റുകളുമുള്‍പ്പെടെ സ്മാര്‍ട്ട് ഡൈവൈസുകളെ വൈറസ് ഉള്‍പ്പെടെയുള്ള സൈബര്‍ ആക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിന് ക്ലൗഡ് സാങ്കേതിക വിദ്യ ഉരീദു അവതരിപ്പിച്ചു. പ്രതിവാര, പ്രതിമാസ നിരക്ക് നല്‍കി സേവനം സ്വീകരിക്കുന്നവര്‍ക്ക് പ്രത്യേക ഇന്‍സ്റ്റലേഷനില്ലാതെ തന്നെ ഉപകരണങ്ങളെ നശിപ്പിക്കുന്ന വൈറസുകളെയും വെബ്‌സൈറ്റുകളെയും തടയുകയും വിവരം ഉപഭോക്താക്കള്‍ക്ക് എസ് എം എസ് ആയി അറിയിക്കുകയും ചെയ്യുന്ന ഡിവൈസ് സെക്യൂരിറ്റി സൊലൂഷനാണ് അവതരിപ്പിക്കുന്നതെന്ന് ഉരീദു അറിയിച്ചു. മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു ഓണ്‍ലൈന്‍ സെക്യൂരിറ്റി സംവിധാനം വരുന്നത്. ഉരീദു നെറ്റവര്‍ക്ക് ഉപയോഗിക്കുന്നവരെല്ലാം സേവനത്തിന്റെ ഗുണഭോക്താക്കളായിരിക്കും.

വൈറസ്, അപകടകാരികളായ ഫയലുകള്‍, ദോഷമുണ്ടാക്കുന്ന വെബ്‌സൈറ്റുകള്‍ എന്നിവയെയാണ് തടയുക. ഫിക്‌സഡ്, ബിസിനസ് അക്കൗണ്ടുകള്‍ക്കും സേവനം ലഭിക്കും. ജര്‍മന്‍ സെക്യൂരിറ്റി സ്‌പെഷ്യലിസ്റ്റ് സെക്യുക്ലൗഡ് ആണ് സേവനം നല്‍കുന്നത്. ഉരീദുവും സെക്യുക്ലൗഡും തമ്മില്‍ കഴിഞ്ഞ ദിവസം സേവനം നല്‍കുന്നതു സംബന്ധിച്ചുള്ള കരാറില്‍ ഒപ്പു വെച്ചു. നെറ്റ്‌വര്‍ക്കില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന സുരക്ഷാ സംവിധാനം കേന്ദ്രീകൃത സ്വഭാവത്തിലാണ് സൈബര്‍ ആക്രമണങ്ങളെ ചെറുക്കുക. സുരക്ഷാ സേവനം ലഭിക്കുന്നതിനു വേണ്ടി ഉപഭോക്താക്കള്‍ സെറ്റിംഗ്‌സിലും മാറ്റം വരുത്തേണ്ടതില്ല. ഉരീദുവിന്റെ 100 ദശലക്ഷം ഉപഭോക്താക്കള്‍ക്കാണ് സുരക്ഷാ സേവനം നല്‍കുക. ഉരീദുവുമായി കണക്ട് ചെയ്തിട്ടുള്ള ഉപകരണങ്ങള്‍ക്ക് സമ്പൂര്‍ണ സുരക്ഷയാണ് നല്‍കുക. കംപ്യൂട്ടറിനൊപ്പം മൊബൈല്‍ ഫോണും ടാബ്‌ലറ്റും സ്മാര്‍ട്ട് വാച്ചുമുള്‍പ്പെടെ ഇന്റര്‍നെറ്റ് കാലത്ത് ഉപകരണങ്ങള്‍ വര്‍ധിച്ചപ്പോള്‍ സുരക്ഷ അതിപ്രധാനമാണെന്നും ഓരോ ഉപകരണവും സംരക്ഷിക്കുക എന്നത് എളപ്പമല്ലാത്ത സാഹചര്യത്തിലാണ് ഉപഭോക്താക്കള്‍ക്കെല്ലാം സുരക്ഷ നല്‍കുന്ന സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് ഉരീദു ഗ്രൂപ്പ് സി ഇ ഒ ശൈഖ് സഊദ് ബിന്‍ നാസര്‍ അല്‍ താനി പറഞ്ഞു. സേവനം ആവശ്യമുള്ളവര്‍ക്ക് ആഴ്ചയിലോ മാസത്തിലോ കുറഞ്ഞ നിരക്ക് ഈടാക്കിയാണ് സേവനം നല്‍കുന്നതെന്നും അദ്ദേഹം അറിയിച്ചു.

 

---- facebook comment plugin here -----