മലബാര്‍ ഗോള്‍ഡിനെതിരെ പ്രചാരണം; മലയാളിക്ക് രണ്ടര ലക്ഷം ദിര്‍ഹം പിഴ

Posted on: March 15, 2017 7:55 pm | Last updated: March 15, 2017 at 7:55 pm

ദുബൈ: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിനെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മലയാളി യുവാവിന് കോടതി ശിക്ഷ വിധിച്ചു. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശി ബിനീഷ് പുന്നക്കല്‍ അറുമുഖനാ(35)ണ് കോടതി രണ്ടര ലക്ഷം ദിര്‍ഹം പിഴ വിധിച്ചത്. പിഴയടച്ച ശേഷം പ്രതിയെ നാടുകടത്താനും ദുബൈ പ്രാഥമിക കോടതി നിര്‍ദേശിച്ചു.

ബന്ധപ്പെട്ട സൈറ്റിലെ ഫൊട്ടോകള്‍ ഡിലീറ്റ് ചെയ്യാനും സൈറ്റ് ഒരു വര്‍ഷത്തേക്കു അടക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ നെറ്റ്‌വര്‍ക്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിവ ദുരുപയോഗം ചെയ്‌തെന്ന പേരിലാണു കേസ്. മലബാര്‍ ഗോള്‍ഡിനെതിരെ വ്യാജചിത്രവും തെറ്റായ വിവരങ്ങളും ഫെയ്‌സ്ബുകിലൂടെ പ്രചരിപ്പിച്ചെന്ന കുറ്റവും ചുമത്തിയിരുന്നു. മലബാര്‍ ഗോള്‍ഡ് ശാഖയില്‍ പാക്കിസ്ഥാന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചെന്ന പേരില്‍ പടവും സന്ദേശവും പ്രചരിച്ചതാണ് സംഭവങ്ങളുടെ തുടക്കം.
പാക്കിസ്ഥാന്‍ സ്വദേശികള്‍ ഉള്‍പെടെ വിവിധ രാജ്യക്കാര്‍ ജോലിചെയ്യുന്ന യു എ ഇയിലെ പ്രമുഖ സ്ഥാപനം സംഘടിപ്പിച്ച ആഘോഷത്തിന്റെ ചിത്രം മലബാര്‍ ഗോള്‍ഡിന്റെ ലോഗോ ചേര്‍ത്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് കണ്ടെത്തി. തുടര്‍ന്ന് ജ്വല്ലറി ഗ്രൂപ്പ് അധികൃതര്‍ മുറഖബാത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പ്രതി മാപ്പ് അപേക്ഷിച്ചതിനെ തുടര്‍ന്നു കേസ് പിന്‍വലിച്ചിരുന്നതായി മലബാര്‍ ഗ്രൂപ്പ് അധികൃതര്‍ അറിയിച്ചു. എന്നാല്‍ രാജ്യത്തെ നിയമം ലംഘിച്ചെന്ന പേരില്‍ പബ്ലിക് പ്രോസിക്യൂഷന്‍ കേസ് തുടരുകയായിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെ കമ്പനികളെയും വ്യക്തികളെയും അപകീര്‍ത്തിപ്പെടുത്തുന്നത് വലിയ ശിക്ഷ ലഭിക്കാനിടയാക്കുന്ന കുറ്റകൃത്യമാണെന്ന സന്ദേശമാണ് ഈ വിധി നല്‍കുന്നതെന്ന് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ശംലാല്‍ അഹ്മദ് പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ ഇത്തരം അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ നടത്തുന്നവരും അതിനെ പിന്തുണക്കുന്നവരും നിയമത്തിന് മുന്നില്‍ ഒരു പോലെ കുറ്റവാളികളാണ്. യു എ ഇ സര്‍ക്കാരും ഇവിടുത്തെ നിയമവ്യവസ്ഥയും സൈബര്‍ കുറ്റകൃത്യങ്ങളെ ഗൗരവമായി കാണുന്നുവെന്നും ശംലാല്‍ അഹ്മദ് ചൂണ്ടിക്കാട്ടി.