ഒബാമകെയര്‍ ‘തകര്‍ക്കാന്‍’ നിയോഗം ഇന്ത്യന്‍ വംശജക്ക്

Posted on: March 15, 2017 8:50 am | Last updated: March 15, 2017 at 12:51 am

വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ ഒബാമകെയര്‍ പൊളിച്ചടക്കാന്‍ ഇനി ചുമതല ഇന്ത്യന്‍ വംശജയായ സീമ വര്‍മക്ക്. നേരത്തെ, യു എസ് സെന്റര്‍ ഫോര്‍ മെഡികെയര്‍ ആന്‍ഡ് മെഡികെയ്ഡിന്റെ (സി എം എസ്) അഡ്മിനിസ്‌ട്രേറ്ററായി സീമയെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്തിരുന്നു. ഇന്നലെ ചേര്‍ന്ന സെനറ്റ് സീമയെ 43നെതിരെ 55 വോട്ടുകള്‍ക്ക് തിരഞ്ഞെടുക്കുകയായിരുന്നു.

ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യ സംരക്ഷണ പദ്ധതികളില്‍ നിര്‍ണായക പങ്കാണ് ഇനി സീമക്ക് വഹിക്കാനുള്ളത്. മുന്‍ഗാമി ഒബാമയുടെ ഒബാമകെയറിനെതിരെ രൂക്ഷ വിമര്‍ശം ഉയര്‍ത്തിയ ട്രംപ് മുന്‍ഗണന നല്‍കുക അത് അസാധുവാക്കുക എന്നതിന് തന്നെയാകും. ഇന്ത്യാന ഉള്‍പ്പെടെയുള്ള പ്രവിശ്യകളിലെ ആരോഗ്യ ശില്‍പ്പി എന്നാണ് ആരോഗ്യ നയ വിദഗ്ധ എന്ന നിലയില്‍ സീമ വര്‍മ അറിയപ്പെട്ടിരുന്നത്.
ഇന്ത്യാനയിലെ സ്ട്രാറ്റജിക് ഹെല്‍ത്ത് പോളിസി സൊലൂഷന്‍സ് എന്ന ആരോഗ്യ കണ്‍സള്‍ട്ടന്റ് സ്ഥാപന ഉടമയാണ് സീമ വര്‍മ. ഇന്ത്യാനയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ ഗവര്‍ണര്‍ മിച്ച് ഡാനിയേല്‍സിന് കീഴില്‍ പ്രവര്‍ത്തിച്ച അവര്‍, സംസ്ഥാനത്തിന് വേണ്ടി പ്രത്യേക ആരോഗ്യ പദ്ധതി തയ്യാറാക്കിയാണ് ശ്രദ്ധനേടിയത്. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ നിന്ന് പൊതുജനാരോഗ്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ സീമ, മാരിലാന്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ജീവശാസ്ത്രത്തിലാണ് ബിരുദം നേടിയത്.
ട്രംപ് അധികാരത്തില്‍ വന്ന ശേഷം ഉന്നത സ്ഥാനത്തേക്ക് സെനറ്റ് തിരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ ഇന്ത്യന്‍- അമേരിക്കനാണ് ഇവര്‍. നേരത്തെ നിക്കി ഹാലിയെ അമേരിക്കയുടെ ഐക്യരാഷ്ട്ര സഭാ പ്രതിനിധിയായി സെനറ്റ് തിരഞ്ഞെടുത്തിരുന്നു.