പാക്കിസ്ഥാന്‍ പദ്ധതികളാല്‍ നിറഞ്ഞ് സിറ്റി സ്‌കേപ്പ് പ്രദര്‍ശനം തുടങ്ങി

Posted on: March 14, 2017 8:15 pm | Last updated: March 14, 2017 at 8:04 pm
സിറ്റി സ്‌കേപ് പ്രദര്‍ശനം കാണുന്ന സാമ്പത്തിക, വാണിജ്യ മന്ത്രി ശൈഖ് അഹ്മദ് ബിന്‍ ജാസിം അല്‍ താനി

ദോഹ: പാക്കിസ്ഥാനില്‍ നിന്നും 50 പ്രദര്‍ശകരുടെ സാന്നിധ്യത്തോടെ രാജ്യത്തെ വലിയ റിയല്‍ എസ്റ്റേറ്റ് പ്രദര്‍ശന സമ്മേളനമായ സിറ്റി സ്‌കേപ്പിനു തുടക്കമായി. സാമ്പത്തിക, വാണിജ്യ മന്ത്രി ശൈഖ് അഹ്മദ് ബിന്‍ ജാസിം അല്‍ താനിയാണ് ആറാമത് സിറ്റി സ്‌കേപ് ഉദ്ഘാടനം ചെയ്തത്. ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയുടെ രക്ഷാകര്‍തൃത്വത്തിലാണ് മൂന്നു ദിവസത്തെ പ്രദര്‍ശനത്തിന് ഇന്നലെ തുടക്കമായത്. ഈ വര്‍ഷത്തെ പ്രദര്‍ശനം പാക്കിസ്ഥാനാണ് സമര്‍പ്പിച്ചിരിക്കുന്നത്.

രാജ്യത്തെ വന്‍കിട റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ പ്രദര്‍ശിപ്പിച്ച സിറ്റി സ്‌കേപ്പ് പ്രദര്‍ശനം ഉദ്ഘാടന ശേഷം മന്ത്രിയും സംഘവും സന്ദര്‍ശിച്ചു. 25 രാജ്യങ്ങളില്‍ നിന്നായി 85 പ്രദര്‍ശകരാണ് മേളയില്‍ പങ്കെടുക്കുന്നത്. പാക്കിസ്ഥാനു പുറമേ യു എ ഇ, ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത്, തുര്‍ക്കി, ഈജിപ്ത്, സിര്‍പസ്, യു കെ, ഫ്രാന്‍സ്, ജോര്‍ദാന്‍, ലബനോന്‍, ലിത്വാനിയ, മൊറോകോ, പോര്‍ചുഗല്‍, ഇറ്റലി, ജിയോര്‍ജിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെല്ലാം പങ്കാളിത്തമുണ്ട്. റസിഡന്‍ഷ്യല്‍, ഹോസ്പിറ്റാലിറ്റി, കൊമേഴ്‌സ്യല്‍, റീട്ടെയില്‍ മേഖലയിലെ ലോകോത്തര പദ്ധതികളാമ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

പാക്കിസ്ഥാനില്‍ നിന്നും പ്രമുഖ കമ്പനികളെല്ലാം പങ്കെടുക്കുന്നു. ഖത്വറില്‍ നിന്നും കൂടുതല്‍ നിക്ഷേപകരെ പ്രതീക്ഷിച്ചാണ് സിറ്റി സ്‌കേപ്പില്‍ പങ്കെടുക്കുന്നതെന്ന് പാക്കിസ്ഥാന്‍ സ്റ്റാര്‍ മാര്‍കറ്റിഗ് കമ്പനി റീജ്യനല്‍ ഡയറക്ടര്‍ ഗിയാസ് അന്‍വര്‍ പറഞ്ഞു. കറാച്ചിയിലെ സിദ്‌റ ട്വിന്‍ ടവര്‍ ഉള്‍പ്പെടെയുള്ള പദ്ധതികളാണ് കമ്പനി അവതരിപ്പിക്കുന്നത്. ദുബൈയിലും സിംഗപ്പൂരിലും സംയുക്ത പദ്ധതിയും കമ്പനി ആസൂത്രണം ചെയ്യുന്നു. പാക്കിസ്ഥാനിലെ മള്‍ട്ടനില്‍ പ്രത്യേക ഹൗസിഗ് സൊസൈറ്റി പദ്ധതിയുമായാണ് മറ്റൊരു പാക് കമ്പനിയായ കാപ്റ്റന്‍ ഡവലപ്പേഴ്‌സ് എത്തിയിരിക്കുന്നത്. 15 കുടുംബങ്ങള്‍ ജീവിക്കുന്ന സൊസൈറ്റി പദ്ധതിയാണിതെന്നും വിവിധ സൗകര്യങ്ങളുള്ള പദ്ധതിയില്‍ പ്ലോട്ടുകല്‍ വില്‍ക്കുക മാത്രമല്ല, ലൈഫ്
സ്റ്റൈല്‍ തന്നെ ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും മാനേജിംഗ് ഡയറക്ടര്‍ യാസിര്‍ ബച്ച പറഞ്ഞു.

ഖത്വറിലെ പ്രധാന പദ്ധതികളും മേളയുടെ ആകര്‍ഷകമാണ്. രാജ്യത്തെ വന്‍കിട കമ്പനികളെല്ലാം തങ്ങളുടെ പുതിയ പദ്ധതികളും പുരോഗതികളും സിറ്റി സ്‌കേപ്പില്‍ പ്രദര്‍ശിപ്പിക്കുന്നു. ഡി ടി സെഡ് സംഘടിപ്പിക്കുന്ന റിയല്‍ എസ്റ്റേറ്റ് സമ്മേളനങ്ങളും മേളയുടെ ഭാഗമായി നടക്കും. തുമാമ പ്രദേശത്തെ റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റ് പദ്ധതിയായ അല്‍ അല്‍ സ്വിദ പദ്ധതിയുമായാണ് അല്‍ ബന്ദരി റിയല്‍ എസ്റ്റേറ്റ് കമ്പനി സിറ്റി സ്‌കേപ്പിലുള്ളത്. മറ്റു കമ്പനികളും പദ്ധതികള്‍ അവതരിപ്പിക്കുന്നു. നാളെ സമാപിക്കുന്ന പ്രദര്‍ശനം ഉച്ചക്ക് ഒന്നു മുതല്‍ രാത്രി പത്തു വരെയാണുണ്ടാകുക.