Connect with us

Gulf

ദമ്മാം ഇന്ത്യൻ സ്കൂൾ ഫീസ്‌ ഏകീകരണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

Published

|

Last Updated

ദമ്മാം: അടുത്ത അധ്യയന വർഷം മുതൽ ദമ്മാം ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ നടപ്പാക്കാനുദ്ദേശിക്കുന്ന ഫീസ് ഏകീകരണ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പുതിയ നിയമങ്ങളും സാമ്പത്തിക പ്രതിസന്ധിയും കാരണം ബുദ്ധിമുട്ടുന്നതിനിടയിൽ ഫീസ്‌ ഏകീകരണത്തിന്റെ പേരിൽ രക്ഷിതാക്കളുടെമേൽ അധിക സാന്പത്തിക ബാധ്യത അടിച്ചേൽപ്പിക്കാനുള്ള സ്കൂൾ മാനേജ്മന്‍റ് തീരുമാനത്തിനെതിരെയാണ്‌ പ്രതിഷേധം.

എണ്ണായിരത്തിലധികം രക്ഷിതാക്കളിൽ ഭൂരിഭാഗം പേരും കഷ്ടിച്ച് കുടുംബത്തോടൊപ്പം പ്രവാസ ജീവിതം നയിക്കുന്നവരാണ്. എംബസിയും ഹയർബോർഡും ഫീസ് ഏകീകരണത്തിന് ആവശ്യപ്പെട്ടപ്പോൾ ഫീസ് ഏകീകരണം അസാധ്യമാണെന്ന് പറഞ്ഞ ജുബൈൽ സ്കൂൾ മാനേജ്‌മെന്റ്‌ നടപടിയെ പരക്കെ എല്ലാവരും സ്വാഗതംചെയ്തു. ദമ്മാമിൽ ഏതാനും മാസങ്ങൾക്ക് മുന്പ് രക്ഷിതാക്കളുടെ കടുത്ത എതിർപ്പിനെ വകവയ്ക്കാതെ സ്കൂൾ ഗതാഗത പരിഷ്കാരത്തിന്‍റെ പേരിൽ സ്കൂൾ ഫണ്ടിലേക്ക് എല്ലാ വിദ്യാർഥികളുടെയും ഫീസിനൊപ്പം 10 റിയാൽ വീതം അധികമായി ശേഖരിക്കാൻ തുടങ്ങിയിരുന്നു. പുതിയ അധ്യയനവർഷം മുതൽ പ്ലസ് വണ്ണിലേക്ക് പ്രവേശം നേടുന്ന കുട്ടികൾ ഒരു ടേമിലെ ഫീസ് മുഴുവൻ, നാലുമാസത്തെ ഒന്നിച്ചടയ്ക്കണമെന്ന തീരുമാനവും ഏകപക്ഷീയമായി എടുത്തതാണെന്നാണ്‌ ആരോപണം.

നിലവിലെ തീരുമാനമനുസരിച്ച്‌ പുതിയ ഫീസ്‌ നിരക്ക്‌ ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ, എല്‍.കെ.ജി മുതല്‍ അഞ്ചാം ക്ളാസ് വരെയുള്ള എല്ലാ കുട്ടികളുടെയും ഫീസ് 240 റിയാലാവും. നിലവില്‍ ഒരേ കുടുംബത്തിലെ രണ്ടാമത്തെയും, മൂന്നാമത്തെയും കുട്ടികള്‍ക് 215, 165 റിയാലാണ് ഫീസ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഇത് ഏകീകരിക്കണം എന്ന ആവശ്യം ചര്‍ച്ച ചെയ്തിരുന്നു. പക്ഷെ എതിർപ്പിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. എംബസിയുടെയും ഹയര്‍ ബോര്‍ഡിന്‍റെയും നിര്‍ദേശ പ്രകാരമാണ് ഫീസ് ഏകീകരണ സര്‍ക്കുലര്‍ അയച്ചതെന്ന് പ്രിന്‍സിപ്പള്‍ ഡോ. മുഹമ്മദ്‌ ശാഫി പറഞ്ഞു.

മാർച്ച്‌ 8നാണ്‌ രക്ഷിതാക്കൾക്ക്‌ ഇതു സംബന്ധിച്ച സർക്കുലർ വന്നത്‌.  18,394 വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൽ മലയാളികൾ അടക്കം ആയിരക്കണക്കിന് രക്ഷിതാക്കൾക്ക് ഇത്‌ തിരിച്ചടിയായിരിക്കുകയാണ്‌. നിലവിലുണ്ടായിരുന്ന ഫീസ് ഇളവ് തങ്ങൾക്ക് വലിയ ആശ്വാസമായിരുന്നുവെന്ന് നിരവധി രക്ഷിതാക്കൾ സിറാജ് ലെെവിനോട് പറഞ്ഞു.

സാമ്പത്തികമായി ഏറെ പ്രയാസം അനുഭവിക്കുന്ന രക്ഷിതാക്കൾക്ക് ഫീസിളവിനു അപേക്ഷ നൽകിയാൽ സ്‌കൂൾ അധികൃതർ പരിശോധിച്ച് ഫീസിളവു നൽകുമെന്നും പറയുന്നുണ്ടെങ്കിലും മാനദണ്ഡം വ്യക്തമല്ല.ഏറെ പ്രതിഷേധത്തിന് ഇടയാക്കിയ ഈ തീരുമാനം പുനഃപരിശോധിക്കണമെന്നാണ് ദമ്മാമിലെ ഇന്ത്യൻ സമൂഹം ഒന്നടങ്കം ആവശ്യപ്പെടുന്നത്. തീരുമാനത്തിനെതിരെ ഭരണ സമിതിയിൽ തന്നെ ഭിന്നാഭിപ്രായം നിലനിൽക്കുന്നു. വിഷയം ചർച്ചയായതോടെ ഫീസ് ഏകീകരണം എന്ന തീരുമാനം പുനഃപരിശോധിക്കാനുള്ള നടപടികൾ സമിതി ചർച്ച ചെയ്യുമെന്ന് സ്കൂൾ ഭരണ സമിതി ഫിനാൻസ്‌ കമ്മിറ്റി ചെയർമാൻ ഡോ. അബ്ദുസ്സലാം കണിയൻ സിറാജ് ലെെവിനോട്‌ പറഞ്ഞു.

Latest