നെഹ്‌റു കോളജില്‍ കണ്ടെത്തിയത് ജിഷ്ണുവിന്റെ അതേ ഗ്രൂപ്പിലുള്ള രക്തക്കറ

Posted on: March 14, 2017 9:12 am | Last updated: March 14, 2017 at 6:04 pm

പാലക്കാട്: പാമ്പാടി നെഹ്‌റു കോളജിലെ ഇടിമുറിയിലെ ഭിത്തിയില്‍ കണ്ടെത്തിയ രക്തക്കറ മരിച്ച ജിഷ്ണുവിന്റെ അതേ ഗ്രൂപ്പിലുള്ളത്. ജിഷ്ണുവിന്റെ രക്തം ഒ പോസിറ്റീവ് ഗ്രൂപ്പാണ്. ഇതേ ഗ്രൂപ്പിലുള്ള രക്തക്കറയാണ് കോളജിലും കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ രക്തക്കറ ജിഷ്ണുവിന്റെത് തന്നെയാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി മാതാപിതാക്കളുടെ ഡിഎന്‍എ പരിശോധന നടത്തും. നാദാപുരം താലൂക്ക് ആശുപത്രിയിലാണ് പരിശോധന.

ഫോറന്‍സിക് പരിശോധനയിലാണ് കോളജിലെ രക്തക്കറ ഒ പോസിറ്റീവ് ഗ്രൂപ്പിലുള്ളതാണെന്ന് കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് ജിഷ്ണു കോളജ് അധികൃതരുടെ ക്രൂരമായ ആക്രമണത്തിന് ഇരയായിരുന്നുവെന്ന ആരോപണത്തിന് ശക്തി പകരുന്നതാണ് ഇപ്പോള്‍ ലഭ്യമായ തെളിവുകള്‍. കോളജിലെ സിസി ടിവി ക്യാമറകളുടെ ഹാര്‍ഡ് ഡിസ്‌കുകള്‍ വിശദമായ ശാസ്ത്രീയ പരിശോധനകള്‍ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വീണ്ടെടുക്കാനായാല്‍ ജിഷ്ണുവിന്റെ മരണത്തിന് പിന്നിലെ ദൂരൂഹതകള്‍ പൂര്‍ണമായും നീക്കാനാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്.