അഡ്വ. രത്‌നസിംഗ് അന്തരിച്ചു

Posted on: March 13, 2017 11:36 pm | Last updated: March 13, 2017 at 11:36 pm

കോഴിക്കോട്: പ്രമുഖ ക്രിമിനല്‍ അഭിഭാഷകനും മുന്‍ അഡ്വക്കേറ്റ് ജനറലുമായ അഡ്വ. എം രത്‌നസിംഗ് (92) അന്തരിച്ചു. കോഴിക്കോട് കിഴക്കെ നടക്കാവിലെ ഷഹീര്‍ സിംഗ് ബംഗ്ലാവിലായിരുന്നു താമസം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് മരണം. സംസ്‌കാരം ഇന്ന് ഉച്ചക്ക് ഒന്നിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.

സിവില്‍, ക്രിമിനല്‍ നിയമ ശാഖകളില്‍ പ്രാവീണ്യം നേടിയ അദ്ദേഹം 1953ലാണ് അഭിഭാഷകനായി എന്റോള്‍ ചെയ്തത്. കേരളത്തിലെ അഭിഭാഷകരുടെ കുലപതിയായിരുന്ന കെ കുഞ്ഞിരാമ മേനോന്റെ ശിഷ്യനായാണ് തുടക്കം. തലശ്ശേരി, പുല്‍പ്പള്ളി നക്‌സലൈറ്റ് കേസ് എന്നിവയില്‍ പ്രോസിക്യൂഷന് വേണ്ടിയും രാജന്‍ കേസ്, ചീമേനി കൊലക്കേസ് എന്നിവയില്‍ പ്രതിഭാഗത്തിന് വേണ്ടിയും ഹാജരായി ശ്രദ്ധേയനായി. 1974- 77 കാലയളവില്‍ ഹൈക്കോടതിയില്‍ സീനിയര്‍ സെന്‍ട്രല്‍ ഗവണ്‍മെന്റ് സ്റ്റാന്‍ഡിംഗ് കോണ്‍സലായും 1991- 96 കാലത്ത് സംസ്ഥാന പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറലായും പ്രവര്‍ത്തിച്ചു.

കോണ്‍ഗ്രസ് സഹയാത്രികനായിരുന്ന രത്‌ന സിംഗ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും പങ്കാളിയായി. കേരള രാഷ്ട്രീയത്തില്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന 1991 വടകര പാര്‍ലിമെന്റ് മണ്ഡലത്തിലെ കോ ലി ബി സ്ഥാനാര്‍ഥിയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന രത്‌ന സിംഗിനെ ലീഗും ബി ജെ പിയും പിന്തുണക്കുകയായിരുന്നു. 2001 ജൂണ്‍ ആറിനാണ് അദ്ദേഹം സംസ്ഥാന അഡ്വക്കറ്റ് ജനറലായി ചുമതലയേറ്റത്. ദി എപ്പിലോഗ് എന്ന പേരില്‍ ആത്മകഥാംശമുള്ള ഗ്രന്ഥവും എഴുതി.

പരേതനായ ക്യാപ്റ്റന്‍ ഡോ. എം ഐ അച്യുതന്റെയും തലശ്ശേരി എളമ്പാളി കുടുംബത്തിലെ ജാനകിയമ്മയുടെയും മകനായി 1925 ഒക്‌ടോബര്‍ 23നാണ് രത്‌നസിംഗ് ജനിച്ചത്. ഭാര്യ: സാവിത്രി. മക്കള്‍: ഷെറിന്‍, നസ്‌റിന്‍, ഷാമറിന്‍, എം ഷഹീര്‍ സിംഗ്. മരുമക്കള്‍: മാതൃഭൂമി ഡയറക്ടര്‍ പി വി ഗംഗാധന്‍, ശശിധരന്‍, ടി ജി രാജേന്ദ്രന്‍, സീത.