പുതിയ ആരോഗ്യ ഇന്‍ഷ്വറന്‍സ് സംവിധാനത്തില്‍ ആശുപത്രികള്‍ രോഗികളുടെ വിവരങ്ങള്‍ കൈമാറും

Posted on: March 13, 2017 9:58 pm | Last updated: March 13, 2017 at 9:38 pm

ദോഹ: പുതിയ ആരോഗ്യ ഇന്‍ഷ്വറന്‍സ് പ്രാബല്യത്തില്‍ വരുമ്പോള്‍ ആശുപത്രികള്‍ രോഗികളുടെ ആരോഗ്യവിവരങ്ങള്‍ പരസ്പരം കൈമാറുമെന്ന് റിപ്പോര്‍ട്ട്. പൊതു വിവരങ്ങള്‍ മാത്രമായിരിക്കും പങ്കുവെക്കുകയെന്നും രോഗികളുടെ സ്വകാര്യത പൂര്‍ണമായും സംരക്ഷിക്കുമെന്നും സ്വകാര്യ ആശുപത്രി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ഒരേ രോഗിക്ക് വിവിധ ആശുപത്രികളില്‍ ഒരേ പരിശോധനകള്‍ ആവര്‍ത്തിക്കാതിരിക്കാനും അമിത ചെലവ് ഒഴിവാക്കാനും ഇതിലൂടെ സാധിക്കും. രോഗികളുടെ പരിശോധനകളും നടപടിക്രമങ്ങളുമായിരിക്കും പങ്കുവെക്കുകയെന്ന് ഖത്വര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്‍ഷ്വറന്‍സ് ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയാ ഇടപെടലുകള്‍ക്ക് മുന്‍കൂര്‍ അനുമതി സംവിധാനം നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്വകാര്യ ആശുപത്രി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. പുതിയ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട പ്രാഥമിക ആരോഗ്യ സേവനങ്ങള്‍ ഏതൊക്കെയാണെന്ന കാര്യത്തില്‍ ഏകദേശധാരണയായിട്ടുണ്ട്. മെഡിക്കല്‍ പരിശോധനകള്‍, ശസ്ത്രക്രിയകള്‍ എന്നിവയുള്‍പ്പടെ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ പരിധിയിലായേക്കും.
പുതിയ ആരോഗ്യ ഇന്‍ഷ്വറന്‍സ് സംവിധാനത്തില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങളെക്കുറിച്ചും നടപടിക്രമങ്ങളെക്കുറിച്ചും പൊതുജനാരോഗ്യമന്ത്രാലയവും സ്വകാര്യമേഖലയിലെ ഓഹരിപങ്കാളികളുമായും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. ഏറ്റവും അവസാനത്തെ യോഗത്തില്‍ സാമ്പത്തികകാര്യങ്ങള്‍ക്കായിരുന്നു ഊന്നല്‍ നല്‍കിയത്. ആരോഗ്യ പരിചരണ ദാതാക്കളും മന്ത്രാലയ പ്രതിനിധികളും തമ്മിലുള്ള അടുത്തഘട്ട ചര്‍ച്ച ഉടന്‍ നടക്കും. സ്വകാര്യ ആശുപത്രികളിലെ ഫീസ് ഘടനയായിരിക്കും അടുത്ത ഘട്ട ചര്‍ച്ചയില്‍ വിഷയമാകുമെന്നാണ് സൂചന. ചര്‍ച്ചയുടെ തീയതി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ആദ്യഘട്ടത്തില്‍ നിശ്ചിതഎണ്ണം സേവനദാതാക്കളെ മാത്രമായിരിക്കും പദ്ധതിയിലുള്‍പ്പെടുത്തുക. ഒന്‍പത് ആരോഗ്യകേന്ദ്രങ്ങളിലായിരിക്കും ഒന്നാം ഘട്ടത്തില്‍ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുക. അല്‍ അഹ്‌ലി ആശുപത്രി, അല്‍ ഇമാദി ആശുപത്രി, ദോഹ ക്ലിനിക്ക് ആശുപത്രി എന്നിവയെയും ആറ് സ്വകാര്യ ഹെല്‍ത്ത് സെന്ററുകളെയുമാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നതെന്നാണ് സൂചന. പുതിയ സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ ഐ ടി ജീവനക്കാരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. രാജ്യത്ത് നേരത്തെ സ്വിഹ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായിരുന്നു നടപ്പാക്കിയിരുന്നത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് 2015 ഡിസംബറില്‍ സ്വിഹ റദ്ദാക്കുകയായിരുന്നു.