ന്യൂനപക്ഷ സ്വാധീന മേഖലകളിലും ബി ജെ പി

Posted on: March 12, 2017 12:51 am | Last updated: March 12, 2017 at 5:34 pm

ന്യൂഡല്‍ഹി: മുസ്‌ലിം, ദളിത് വോട്ടുകള്‍ പ്രധാന ഘടകമായിരുന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് ശേഷം മുസ്‌ലിം വോട്ടുകള്‍ ഏതുപെട്ടിയിലേക്ക് പോയെന്നു വ്യക്തമാക്കാനാവാതെ മതേതര പാര്‍ട്ടികള്‍. മുന്‍തിരഞ്ഞെടുപ്പുകളില്‍ ബി സ് പിയും എസ് പിയുമടക്കമുള്ള പ്രാദേശിക മതേതര പാര്‍ട്ടികള്‍ സ്വന്തമാക്കിയിരുന്ന പടിഞ്ഞാറന്‍ യുപിയിലെ മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ ഇക്കുറി ബി ജെ പിയാണ് വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചിരിക്കുന്നത്. ബിജ്‌നോര്‍, ബറേലി, മീററ്റ് നഗര്‍, രാംപൂര്‍, അലീഗഢ്, അവോരി, ഫിറോസാബാദ്, ഫറൂഖാബാദ്, ഗനോറിഗഞ്ച്്, ഗാസിയാബാദ്, കൈലോര്‍ഗഞ്ച്, മുസഫര്‍ നഗര്‍, തുടങ്ങിയ മുസ്‌ലിം ഭൂരിപക്ഷ വോട്ടര്‍മാരുള്ള നിരവധി മണ്ഡലങ്ങളിലാണ് അപ്രതീക്ഷിത വിജയം ബി ജെ പി നേടിയിരിക്കുന്നത്. പേരിന് പോലും മുസ്‌ലിംകളെ സ്ഥാനാര്‍ഥി പട്ടികയില്‍ പരിഗണിക്കാതിരുന്നിട്ടും ഈ മണ്ഡലങ്ങളില്‍ ബി ജെ പി വിജയം നേടിയിരിക്കുന്നത് ബി എസ് പി അടക്കമുള്ള പാര്‍ട്ടികള്‍ക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. ഇവിടങ്ങളിലെല്ലാം ബി ജെ പിയിതര കക്ഷികള്‍ മുസ്‌ലിം സ്ഥാനാര്‍ഥികളെയാണ് പരിഗണിച്ചിരുന്നത്്. ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും, എസ് പിയും തമ്മിലായിരുന്ന പല മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലും കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ മത്സരം നടന്നിരുന്നത്.

മുസ്‌ലിം വോട്ടര്‍മാര്‍ കൂടുതലുള്ള അരോറിയില്‍ എസ് പിയുടെ മെഹ്ബൂബുല്ല ഹാസിക്കെതിരെ 19779 വോട്ടിന്റെ ഭൂരിപക്ഷമാണ് ബി ജെ പി സ്ഥാനാര്‍ഥി നിശാന്ത് ഭാസ്‌കര്‍ നേടിയിരിക്കുന്നത്. ബഡാഹൂം മണ്ഡലത്തില്‍ ബി ജെ പിയിലെ മഹേഷ് ചന്ദ്രഗുപ്ത എസ് പിയിലെ ആബിദ് റസഖാനെതിരെ 16467 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. ബോജ്പുരയില്‍ എസ് പി സ്ഥാനാര്‍ഥി അഹ്മദ് ജമാല്‍ സിദ്ദീഖിക്കെതിരെ 30223 വോട്ടിന്റെ ഭൂരിപക്ഷമാണ് ബി ജെ പി സ്ഥാനര്‍ഥിയായ നാഗേന്ദ്രസിംഗ് നേടിയിരിക്കുന്നത്. കൂടാതെ മുസ്‌ലിം സ്ഥാനാര്‍ഥികള്‍ മത്സരിച്ച ബാഗദ്പട്ട് , ബാഹ്, ബാഹേരി, ബറേലി, ബറേലി കാന്റ്, ആഗ്ര സൗത്ത്, അലിഗഢ്, അലഹാബാദ്, ബിസാല്‍ പൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലും ബി ജെ പിയാണ് വിജയം കൈവരിച്ചിരിക്കുന്നത്. ഇവിടങ്ങളിലെല്ലാം മുസ്‌ലിം വോട്ടുകള്‍ ബി എസ് പി, എസ് പി, കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളിലേക്ക് വിഭജിക്കപ്പെട്ടതാകാം ബി ജെ പിക്ക് വഴിയൊരുക്കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, മുസ്‌ലിം സ്ഥാനാര്‍ഥികളെ പരിഗണിച്ചില്ലെങ്കിലും തങ്ങള്‍ക്ക് മുസ്‌ലിംകള്‍ വോട്ടുചെയ്തുവെന്ന്് ബി ജെ പി അവകാശപ്പെട്ടു. അതേസമയം, തിരഞ്ഞെടുപ്പ് ഫലത്തില്‍ കൃത്രിമം ആരോപിച്ച് ബി എസ് പി രംഗത്തെത്തിയതും മുസ്‌ലിം മണ്ഡലങ്ങളിലെ ബി ജെ പി വിജയം ചൂണ്ടിക്കാണിച്ചാണ്. ഇലക്ട്രോണിക് വോട്ടിംഗ്് മെഷീനുകളില്‍ ബിജെപി അട്ടിമറി നടത്തിയെന്നാണ് മായാവതി ശക്തമായ ആരോപണം ഉന്നയിച്ചത്. ഏത് പാര്‍ട്ടിക്ക് വോട്ടുചെയ്താലും അതെല്ലാം ബി ജെ പിക്ക് രേഖപ്പെടുത്തുന്ന രീതിയിലാണ് വോട്ടിംഗ് മെഷീനുകള്‍ ക്രമീകരിച്ചിരുന്നതെന്നും മായാവതി ആരോപിച്ചിരുന്നു.