Connect with us

Gulf

അബുദാബിയില്‍ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി; നിയമം ലംഘിച്ചാല്‍ രണ്ട് ലക്ഷംപിഴ

Published

|

Last Updated

അബുദാബി: തൊഴിലാളികള്‍ക്ക് മാന്യമായ താമസ സൗകര്യമൊരുക്കിയില്ലെങ്കില്‍ കമ്പനി ഉടമകള്‍ക്ക് കനത്ത പിഴ ചുമത്തും. കമ്പനി തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളില്‍ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധന നടത്തുമെന്ന് അബുദാബി നഗരസഭ അറിയിച്ചു. കമ്പനി തൊഴിലാളികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നഗരസഭ പരിശോധന നടത്തുന്നത്. ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കമ്പനികള്‍ക്ക് രണ്ട് ലക്ഷം ദിര്‍ഹമിന് മുകളില്‍ പിഴ ലഭിക്കും. താമസ കേന്ദ്രങ്ങളില്‍ അടുത്ത മാസം ആറിന് മുമ്പ് പാരിസ്ഥിതിക, ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പ് വരുത്തിയിരിക്കണം. ഇതിന് ശേഷം പരിശോധന കര്‍ശനമാക്കുമെന്ന് അബുദാബി നഗരസഭ മുസഫ്ഫ മുനിസിപ്പല്‍ സെന്റര്‍ അറിയിച്ചു. കഴിഞ്ഞ മാസങ്ങളില്‍ നഗരസഭ അധികൃതര്‍ നടത്തിയ പരിശോധനയില്‍ തൊഴിലാളികള്‍ക്ക് മാന്യമായ താമസ സൗകര്യം നല്‍കുന്നതില്‍ പരാജയപ്പെട്ട കമ്പനികള്‍ക്ക് മൂന്നേകാല്‍ ലക്ഷം പിഴ ചുമത്തിയതായി നഗരസഭ വ്യക്തമാക്കി. നഗരസഭ അധികൃതര്‍ അബുദാബി ദ്വീപ്, ബനിയാസ്, വത്ബ, ശംക തുടങ്ങിയ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ മൂന്നും രണ്ടും ഡക്കറുകളില്‍ ഉറങ്ങുന്ന നിരവധി തൊഴിലാളികളെ കണ്ടെത്തിയതായി നഗരസഭ അധികൃതര്‍ പറഞ്ഞു. ദരിദ്ര തൊഴിലാളികളുടെ സുരക്ഷ സമൂഹത്തിന് ഭീഷണിയായിത്തീര്‍ന്നിരിക്കുകയാണെന്നും നിയമം പാലിക്കാത്ത എട്ട് കമ്പനികള്‍ക്ക് കഴിഞ്ഞ വര്‍ഷം പിഴ ചുമത്തിയതായും അധികൃതര്‍ വ്യക്തമാക്കി. ശഹാമ സബര്‍ബന്‍ മേഖലകളില്‍ തൊഴിലാളികളുടെ സ്ഥിരവും താല്‍കാലികവുമായ താമസ കേന്ദ്രങ്ങളിലും പരിശോധന നടത്തി. പരമാവധി സുരക്ഷ ഉറപ്പാക്കുന്നതിന് ആഗോള ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണമെന്ന് നഗരസഭാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്നതിന് നഗരസഭ, അബുദാബി പോലീസ്, ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഉള്‍പെടെ സഹകരണം അഭ്യര്‍ഥിച്ചിട്ടുണ്ട്.

 

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി