Connect with us

International

സൈന്യത്തെ വെട്ടിക്കുറക്കാന്‍ ചൈന

Published

|

Last Updated

ബീജിംഗ്: സൈന്യത്തെ രൂപമാറ്റം വരുത്തുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിഷ്‌കരണ നടപടികളുടെ ഭാഗമായി ചൈന 2.3 ദശലക്ഷം വരുന്ന തങ്ങളുടെ സൈന്യത്തെ വെട്ടിച്ചുരുക്കും.

തങ്ങളുടെ റിസര്‍വ് സേനയെ വെട്ടിക്കുറച്ച് ഇവരെ മറ്റ് സേവനങ്ങള്‍ക്ക് നിയോഗിക്കുമെന്ന് നാഷണല്‍ ഡിഫന്‍സ് മൊബിലൈസേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ചൈനയുടെ സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ തലവന്‍ ഷെങ് ബിന്‍ പറഞ്ഞു. അതേസമയം, എത്ര സൈനികരെയാണ് വെട്ടിക്കുറക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. സേനയെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി 2017 അവസാനത്തോടെ മൂന്ന് ലക്ഷം സൈനികരെ വെട്ടിച്ചുരുക്കുമെന്ന് ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സി എം സിയുടെ തലവനും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഉന്നത കമാന്‍ഡര്‍കൂടിയായ ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗ് മൂന്ന് ലക്ഷം സൈനികരെ വെട്ടിക്കുറക്കുമെന്ന് 2015ല്‍ പ്രഖ്യാപിച്ചിരുന്നു.

ഇത് കടുത്ത പ്രതിഷേധമുയര്‍ത്തിയിരുന്നു. സൈനികര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നതായിരുന്നു ഇതിന് കാരണം. മൂന്ന് ലക്ഷം സൈനികരെ പുനര്‍ വിന്യസിക്കുകയാണോ അതോ പിരിച്ചുവിടുകയാണോ എന്ന കാര്യത്തില്‍ വ്യക്തമായിട്ടില്ല. ആര്‍മി റിസര്‍വ് വെട്ടിച്ചുരുക്കുമെങ്കിലും മറ്റ് സൈനിക സേവന മേഖലകളായ നാവിക സേന, വ്യോമസേന, റോക്കറ്റ് സേന എന്നിവയുടെ ശക്തി വര്‍ധിപ്പിച്ച് ആധുനികവത്കരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

Latest