ഗോളടിപ്പിച്ച് നെയ്മര്‍ റെക്കോര്‍ഡിട്ടു

Posted on: March 11, 2017 9:21 am | Last updated: March 11, 2017 at 9:21 am

ബാഴ്‌സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗ് സീസണില്‍ ഏറ്റവുമധികം ഗോളുകള്‍ക്ക് അവസരം ഒരുക്കിയ (അസിസ്റ്റ് ചെയ്ത) താരം എന്ന റെക്കോര്‍ഡ് ബാഴ്‌സലോണയുടെ നെയ്മര്‍ക്ക്. നടപ്പ് സീസണില്‍ എട്ട് അസിസ്റ്റുകളാണ് നെയ്മര്‍ നടത്തിയത്. 2003-04 മുതല്‍ക്ക് നിലവില്‍ വന്ന ചാമ്പ്യന്‍സ് ലീഗ് ഫോര്‍മാറ്റില്‍ ഷാവി, മെസുറ്റ് ഒസില്‍, സ്ലാറ്റന്‍ ഇബ്രാഹിമോവിച് എന്നിങ്ങനെ ഏഴ് അസിസ്റ്റുകള്‍ നടത്തിയവര്‍ക്കൊപ്പമായിരുന്നു നെയ്മര്‍. 2016 നവംബറില്‍ സെല്‍റ്റിക്കിനെതിരെയാണ് നെയ്മര്‍ ഏഴാം അസിസ്റ്റമായി ചാമ്പ്യന്‍സ് ലീഗിലെ റെക്കോര്‍ഡുകാര്‍ക്കൊപ്പം സ്ഥാനം പിടിച്ചത്. കഴിഞ്ഞ ദിവസം പി എസ് ജിക്കെതിരെ ബാഴ്‌സലോണ ചരിത്ര വിജയം നേടിയപ്പോഴായിരുന്നു നെയ്മര്‍ റെക്കോര്‍ഡ് ബുക്കില്‍ ഒറ്റക്ക് സ്ഥാനം പിടിച്ചത്. ഇഞ്ചുറി ടൈമിലെ അവസാന മിനുട്ടില്‍ സെര്‍ജി റോബര്‍ടോ നേടിയ ഗോളിന് വഴിയൊരുക്കിയാണ് നെയ്മര്‍ സീസണിലെ എട്ടാമത്തെ അസിസ്റ്റ് സ്വന്തമാക്കിയത്.

ഏഴ് മത്സരങ്ങളില്‍ നിന്നാണ് നെയ്മര്‍ എട്ട് അസിസ്റ്റുകളുടെ റെക്കോര്‍ഡിലെത്തിയത്. ബാഴ്‌സലോണ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയതോടെ നെയ്മര്‍ക്ക് അസിസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള അവസരമുണ്ട്.
2016 സെപ്തംബറില്‍ ബാഴ്‌സലോണ 7-0ന് സെല്‍റ്റിക്കിനെ തകര്‍ത്തപ്പോള്‍ നെയ്മര്‍ ആയിരുന്നു നാല് ഗോളുകള്‍ ഒരുക്കിയത്.