മോദിയെ വെച്ച് പരസ്യം: ജിയോയും പേ ടി എമ്മും ക്ഷമാപണം നടത്തിയെന്ന് കേന്ദ്രം

Posted on: March 11, 2017 8:46 am | Last updated: March 11, 2017 at 8:46 am

ന്യൂഡല്‍ഹി: അനുമതി കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പരസ്യത്തിനായി ഉപയോഗിച്ചതില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയും വിജയ് ശേഖര്‍ ശര്‍മയുടെ ഉടമസ്ഥതയിലുള്ള പേ ടിഎമ്മും ക്ഷമാപണം നടത്തിയെന്ന് കേന്ദ്ര സര്‍ക്കാര്‍. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് സാമ്പത്തിക നേട്ടത്തിനായി മോദിയുടെ ചിത്രം ഉപയോഗിച്ചതില്‍ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ഇരു കമ്പനികള്‍ക്കും നോട്ടീസ് അയച്ചിരുന്നു.

ഇതിന് നല്‍കിയ മറുപടിയിലാണ് കമ്പനികളുടെ ക്ഷമാപണമെന്ന് കേന്ദ്ര ഉപഭോക്തൃ കാര്യ സഹമന്ത്രി സി ആര്‍ ചൗധരി രാജ്യസഭയെ അറിയിച്ചു. എംബ്ലംസ് ആന്‍ഡ് നെയിംസ് (പ്രിവന്‍ഷന്‍ ഓഫ് ഇപ്രോപര്‍ യൂസ്) ആക്ട് 1950 പ്രകാരമായിരുന്നു നോട്ടീസ്. ഉപഭോക്തൃകാര്യ മന്ത്രാലയമാണ് കമ്പനികള്‍ക്ക് നോട്ടീസ് അയച്ചിരുന്നത്. ചട്ടം ലംഘിച്ചതിന് ഇരു കമ്പനികളില്‍ നിന്നും പിഴ ഈടാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.
സെപ്തംബറിലായിരുന്നു മോദിയെ ബ്രാന്‍ഡ് അംബാസിഡറാക്കിയുള്ള റിലയന്‍സ് ജിയോ പരസ്യം.

പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളിലാണ് മോദിയുടെ ചിത്രം വെച്ചുള്ള പരസ്യം പ്രസിദ്ധീകരിച്ചത്. പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ സ്വപ്‌നമാണ് ജിയോ സാക്ഷാത്കരിച്ചതെന്ന് ജിയോ തീം നിറമായ നീല ജാക്കറ്റ് അണിഞ്ഞ മോദിയുടെ ചിത്രമടങ്ങുന്ന പരസ്യം പറയുന്നു. സര്‍ക്കാര്‍ പരസ്യങ്ങളില്‍ മാത്രമാണ് സാധാരണ പ്രധാനമന്ത്രിയുടെ പടം നല്‍കാറുള്ളത്.

സ്വകാര്യ കോര്‍പറേറ്റ് കമ്പനികളുടെ പരസ്യങ്ങളില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് പരസ്യം നല്‍കുന്നത് ഇതാദ്യമായിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ നോട്ടുനിരോധന തീരുമാനത്തെ അഭിനന്ദിച്ച് നവംബറിലായിരുന്നു മോദിയുടെ ചിത്രസഹിതമുള്ള പേ ടിഎം പരസ്യം.