ഹൃദയ ശസ്ത്രക്രിയക്കുള്ള സ്റ്റെന്റിന് അമിതവില; സര്‍ക്കാര്‍ കര്‍ശന നടപടിക്ക്

Posted on: March 11, 2017 9:04 am | Last updated: March 11, 2017 at 12:05 am

തിരുവനന്തപുരം: ഹൃദയശസ്ത്രക്രിയക്കുള്ള കൊറോണറി സ്‌റ്റെന്റിന് അമിതവില ഈടാക്കുന്നവര്‍ക്കെതിരേ അവശ്യവസ്തുനിയമം അനുശാസിക്കുന്ന പ്രകാരം നടപടിയെടുക്കും. കൊറോണറി സ്‌റ്റെന്റിന്റെ വിലനിയന്ത്രണം പ്രാബല്യത്തിലായ സാഹചര്യത്തില്‍ പ്രസ്തുത ഉത്പന്നങ്ങളുടെ സുഗമമായ വിതരണ- ഉപഭോഗം ഉറപ്പുവരുത്തുന്നതിനും നിശ്ചയിച്ച വിലക്ക് പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്നതിനും സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം അതീവജാഗ്രത പുലര്‍ത്തി പരിശോധനകള്‍ കര്‍ശനമാക്കി. വിലനിയന്ത്രണം മറികടക്കുന്ന നിര്‍മാതാക്കളുടെ വിശദാംശങ്ങള്‍ അനന്തരനടപടികള്‍ക്കായി ദേശീയ ഔഷധ വിലനിയന്ത്രണ അതോറിറ്റിയെ അറിയിക്കും. കൂടിയ നിരക്കില്‍ വിപണനം ചെയ്യുന്നവര്‍ നിശ്ചയിച്ച അടിസ്ഥാന വിലയിലേക്ക് താഴ്ത്തണം.

കൂടാതെ അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ (www.nppaindia.in) ഫാര്‍മജന്‍ സമാധാന്‍ എന്ന ലിങ്കില്‍ സ്റ്റെന്റുകളുടെ വിലനിയന്ത്രണം സംബന്ധിച്ച പൊതുജനങ്ങളുടെ പരാതികള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
സ്‌റ്റെന്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് നിര്‍മാണച്ചെലവ് അടക്കമുള്ള വിശദാംശങ്ങള്‍ 2017 മാര്‍ച്ച് ഒന്നിന് മുമ്പ് സമര്‍പ്പിക്കാനും അല്ലാത്തപക്ഷം ഡി പി സി ഒ 2013 നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി (എന്‍ പി പി എ) അറിയിച്ചിരുന്നു. സ്റ്റെന്റ് നിര്‍മാണത്തിന്റെ വിലവിവരപ്പട്ടിക ഫാര്‍മസ്യൂട്ടിക്കല്‍ ഡേറ്റാ ബേസ് മാനേജ്‌മെന്റ് സിസ്റ്റം മുഖേന ഓണ്‍ലൈനായി എന്‍ പി പി എക്ക് സമര്‍പ്പിക്കാനും അതിന്റെ പകര്‍പ്പ് സംസ്ഥാന ഔഷധ ഗുണനിലവാര നിയന്ത്രണവകുപ്പിനും വിതരണക്കാര്‍ക്കും ചില്ലറ വില്‍പ്പനക്കാര്‍ക്കും ഇടപാടുകാര്‍ക്കും നല്‍കാനും നിര്‍ദേശമുണ്ട്. ആദായകരമല്ലെന്ന കാരണത്താല്‍ പുതിയ സ്‌റ്റോക്കിന് ഓര്‍ഡര്‍ ചെയ്യാതിരിക്കുകയോ പുതിയ വിലയിലുള്ള സ്റ്റോക്കെടുക്കാന്‍ മടിക്കുകയോ ചെയ്യുന്ന ആശുപത്രികളുടെ വിശദാംശങ്ങള്‍ അറിയിക്കാനും എന്‍ പി പി എ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി കെ കെ ശൈലജ നിയമസഭയില്‍ അറിയിച്ചു. പി ടി എ റഹീമിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു ആരോഗ്യമന്ത്രി.
സ്റ്റെന്റുകളുടെ വില നിയന്ത്രണം നിലവില്‍ വന്നതോടെ ലാഭത്തിലുണ്ടായ കുറവ് നികത്താനായി ശസ്ത്രക്രിയ ചാര്‍ജുകള്‍, ചികില്‍സയ്ക്കാവശ്യമായ മറ്റ് ഘടകങ്ങള്‍ എന്നിവയുടെ നിരക്ക് കൂട്ടുന്നതിന് ചില ആശുപത്രികളുടെ ഭാഗത്തുനിന്ന് നീക്കംനടക്കുന്നതായ മാധ്യമവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. സംസ്ഥാനത്തെ ആശുപത്രികളിലെ സമീപകാലത്തെ ആന്‍ജിയോപ്ലാസ്റ്റി ഉള്‍പ്പടെയുള്ള ഹൃദ്രോഗ ചികില്‍സാ നിരക്കുകള്‍ ദേശീയ ഔഷധ വിലനിയന്ത്രണ അതോറിറ്റി പരിശോധിക്കും. സ്‌റ്റെന്റ് ഉപയോഗിച്ചുള്ള ഹൃദയശസ്ത്രക്രിയാ രീതികള്‍ പിന്തുടരുന്ന ആശുപത്രികള്‍, നഴ്‌സിങ് ഹോമുകള്‍, ക്ലിനിക്കുകള്‍ എന്നിവര്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാവുന്ന രോഗികള്‍ക്ക് നല്‍കുന്ന ബില്ലുകളില്‍ കൊറോണറി സ്‌റ്റെന്റിന്റെ വില, ബ്രാന്‍ഡ് നെയിം, ബാച്ച് നമ്പര്‍, നിര്‍മാതാവ്/ഇംപോര്‍ട്ടറുടെ പേര് എന്നിവ പ്രത്യേകം രേഖപ്പെടുത്തണം. ആരോഗ്യമന്ത്രി വ്യക്തമാക്കി.