എസ് എസ് എഫ് പ്രൊഫ് സമ്മിറ്റിന് തുടക്കമായി

Posted on: March 10, 2017 9:46 pm | Last updated: March 10, 2017 at 9:46 pm
മലപ്പുറത്ത് ആരംഭിച്ച എസ് എസ് എഫ് പ്രൊഫ് സമ്മിറ്റില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ഥികളെ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീലുല്‍ ബുഖാരി, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഫാറൂഖ് നഈമി എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കുന്നു.

മലപ്പുറം: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന പ്രൊഫ്‌സമ്മിറ്റിന് മഅദിന്‍ കാമ്പസില്‍ തുടക്കമായി. രാജ്യത്തെ വിവിധ പ്രൊഫഷണല്‍ ക്യാമ്പസുകളില്‍ നിന്നായി മൂവ്വായിരത്തിലേറെ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന സമ്മിറ്റിന് തുടക്കം കുറിച്ച് സ്വാഗത സഘം ചെയര്‍മാന്‍ സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ് പതാക ഉയര്‍ത്തി.

പ്രൊഫ് സമ്മിറ്റില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ഥികളെ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീലുല്‍ ബുഖാരി, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഫാറൂഖ് നഈമി, സെക്രട്ടറി കെ അബ്ദുര്‍റശീദ്, എം അബ്ദുല്‍ മജീദ്, ജലീല്‍ സഖാഫി കടലുണ്ടി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് നടന്ന സെഷനുകളില്‍ ഇബ്‌റാഹിം ബാഖവി മേല്‍മുറി, റഹ്മത്തുല്ല സഖാഫി എളമരം ക്ലാസെടുത്തു. ഉലമാ ആക്ടിവിസം എന്ന വിഷയത്തില്‍ എം മുഹമ്മദ് സ്വാദിഖ് സംസാരിച്ചു.

അറിവിന്റെ കൗതുക കാഴ്ചകളൊരുക്കുന്ന പ്രോപ്രിയം ഹെറിറ്റേജ് എക്‌സ്‌പോ കേരള മുസ്ലിം ജമാഅത്ത് ഉപാധ്യക്ഷന്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ബുക്ക് ഫെയര്‍ ഉദ്ഘാടനം മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റ് ആര്‍ സാംബന്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയ, സാമൂഹിക മാനങ്ങളും വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കുന്ന ബഹുവിധ പ്രതിസന്ധികളെ കുറിച്ച് പ്രൊഫ്‌സമ്മിറ്റ് രണ്ട് ദിവസങ്ങളിലായി ചര്‍ച്ച ചെയ്യും. നാളെ പഠനം, കരിയര്‍, ചര്‍ച്ചാ സമ്മേളനം, സെമിനാര്‍, ആദര്‍ശം, ആത്മീയം, തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. രാവിലെ എട്ടിന് ഇസ് ലാമിക പ്രമാണങ്ങളെ കുറിച്ചുള്ള ചര്‍ച്ചാ സംഗമത്തിന് ഇസ്സുദ്ദീന്‍ സഖാഫി നേതൃത്വം നല്‍കും 9 മണിക്ക് പ്രൊഫ് സമ്മിറ്റ് ഉദ്ഘാടനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കും. സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിക്കും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍, പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ പ്രസംഗിക്കും. 10.30ന് സ്വലാത്തിലൂടെ മദീനയിലേക്ക് എന്ന വിഷയത്തില്‍ സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീലുല്‍ ബുഖാരി ക്ലാസെടുക്കും. 11.15ന് യുക്തിവാദം ചര്‍ച്ചാ സമ്മേളനത്തിന് മുസ്തഫല്‍ ഫൈസി, ഫൈസല്‍ അഹ്‌സനി ഉളിയില്‍, ഫൈസല്‍ അഹ്‌സനി രണ്ടത്താണി നേതൃത്വം നല്‍കും. 12.30ന് കര്‍മ്മശാസ്ത്ര പഠനത്തില്‍ ജലീല്‍ സഖാഫി ചെറുശ്ശോല, സി പി ശഫീഖ് ബുഖാരി പങ്കെടുക്കും. ഉച്ചക്ക് രണ്ട് മണിക്ക് ഇസ്ലാമിക നീതിശാസ്ത്രം എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ച നടക്കും. ഡോ. അബ്ദുല്ല മണിമ, ബശീര്‍ഫൈസി വെണ്ണക്കോട് സംബന്ധിക്കും. വൈകുന്നേരം നാല് മണിക്ക് മുസ്ലിം ആക്ടിവിസം എന്ന വിഷയത്തില്‍ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയും സാമ്പ്രദായിക മെഡിക്കല്‍, എന്‍ജിനീയിംഗ് കരിയറിനപ്പുറമുള്ള സാധ്യതകളെ കുറിച്ച് നൗഫല്‍ കോഡൂര്‍ ക്ലാസെടുക്കും. മൂന്ന് ദിവസത്തെ പ്രൊഫ് സമ്മിറ്റ് ഞായറാഴ്ച സമാപിക്കും.