ആളില്ലാ പേടകങ്ങള്‍; നിയമങ്ങള്‍ കര്‍ശനമാക്കി

Posted on: March 10, 2017 8:20 pm | Last updated: March 10, 2017 at 8:09 pm

ദുബൈ: രജിസ്‌ട്രേഷന്‍ ചെയ്യാതെ വ്യാവസായിക ആവശ്യങ്ങള്‍ക്ക് ആളില്ലാ പേടകങ്ങള്‍ ഉപയോഗിക്കുന്നതിന് വന്‍ പിഴ ഏര്‍പെടുത്തിക്കൊണ്ടുള്ള സിവില്‍ ഏവിയേഷന്‍ നിയമങ്ങള്‍ക്ക് ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. കഴിഞ്ഞ ദിവസമാണ് ദുബൈ സിവില്‍ ഏവിയേഷന്‍ ഏര്‍പ്പെടുത്തുന്ന പുതിയ ഫീസുകളുടെയും പിഴകളുടെയും സംബന്ധിച്ച ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അനുമതി നല്‍കിയത്. പുതിയ നിയമമനുസരിച്ചു വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട ഏതു പ്രവര്‍ത്തനങ്ങള്‍ക്കും ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ലൈസന്‍സ് കരസ്ഥമാക്കേണ്ടതുണ്ട്.

ഒരു വര്‍ഷം കാലാവധിയോടെ പുതുക്കാവുന്ന വിധത്തിലാണ് ലൈസന്‍സ് അനുവദിക്കുക. കാലാവധി തീരുന്നതിന്റെ 30 ദിവസങ്ങള്‍ക്ക് മുമ്പ് പുതുക്കുന്നതിനുള്ള അപേക്ഷ നല്‍കണം. ഏവിയേഷന്‍ അതോറിറ്റിയുടെ അനുമതിയില്ലാതെ നടത്തുന്ന പ്രവര്‍ത്തികള്‍ക്ക് 5,000 ദിര്‍ഹം പിഴ ഏര്‍പെടുത്തും. കരിമരുന്ന് പ്രയോഗങ്ങള്‍, ലേസര്‍ ഷോകള്‍, ആളില്ലാ പേടകങ്ങള്‍ ഉപയോഗിച്ചുള്ള ചിത്രീകരണങ്ങള്‍, ബലൂണുകള്‍ വായുവിലേക്കുയര്‍ത്തുക തുടങ്ങിയവക്ക് മുന്‍കൂട്ടി അനുമതി വാങ്ങേണ്ടതുണ്ട്. അധികൃതരുടെ അനുമതിയില്ലാതെ വ്യോമപ്രകടനങ്ങള്‍ നടത്തിയാല്‍ 30,000 ദിര്‍ഹം പിഴയൊടുക്കേണ്ടി വരും. വ്യോമഗതാഗതത്തെ സംബന്ധിക്കുന്ന പരിപാടികള്‍ അനുമതിയില്ലാതെ നടത്തിയാല്‍ 10,000 ദിര്‍ഹം പിഴ ചുമത്തും. അപകടകരമായി വ്യോമ ഗതാഗതത്തെ ബാധിക്കുന്ന പ്രവര്‍ത്തികള്‍ക്ക് 30,000 ദിര്‍ഹം വരെ പിഴ ഏര്‍പെടുത്തും. രജിസ്റ്റര്‍ ചെയ്യാത്ത ആളില്ലാ പേടകങ്ങള്‍ വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ 2000 മുതല്‍ 20,000 ദിര്‍ഹം വരെ പിഴ ഒടുക്കേണ്ടി വരും. ഇത്തരം ആളില്ലാപേടകങ്ങള്‍ ഉപയോഗിച്ച് മറ്റ് ആവശ്യങ്ങള്‍ നിറവേറ്റിയാല്‍ 1000 മുതല്‍ 20,000 ദിര്‍ഹം വരെ പിഴ ചുമത്തും. അധികൃതരുടെ അനുമതി പത്രമില്ലാതെ ആളില്ലാ പേടകങ്ങള്‍ വിവിധ പരിപാടികള്‍ക്ക് ഉപയോഗിച്ചാലും 10,000 ദിര്‍ഹം പിഴയുണ്ട്. വിമാനങ്ങള്‍ താഴ്ന്നുപറക്കുന്ന പരിധിയില്‍ വെയര്‍ഹൗസുകളില്‍ അപകടകരമായ വസ്തുക്കള്‍ സൂക്ഷിച്ചാലും 10,000 ദിര്‍ഹം പിഴ ഈടാക്കും. ലൈസന്‍സ് പുതുക്കുന്നതിന് മതിയായ കാരണമില്ലാതെ വൈകുന്ന പക്ഷം ഓരോ മാസത്തിനും ലൈസന്‍സ് തുകയുടെ പത്തു ശതമാനം വീതം പിഴ ഒടുക്കേണ്ടിവരും.