ദുബൈയില്‍ കഴിഞ്ഞ വര്‍ഷം പൊതുഗതാഗത ബസുകള്‍ ഉപയോഗിച്ചത് 15 കോടി പേര്‍

Posted on: March 10, 2017 7:59 pm | Last updated: March 10, 2017 at 7:48 pm

ദുബൈ: കഴിഞ്ഞ വര്‍ഷം ദുബൈയില്‍ പൊതുഗതാഗത ബസുകള്‍ ഉപയോഗിച്ചത് 15.11 കോടി ജനങ്ങള്‍. ആര്‍ ടി എ അധികൃതരാണ് കണക്ക് പുറത്തുവിട്ടത്.

ദിനം പ്രതി 413,000 ജനങ്ങള്‍ ബസ് സര്‍വീസ് ഉപയോഗപ്പെടുത്തുന്നുണ്ട്. ജോലി സ്ഥലങ്ങളില്‍ നിന്ന് താമസയിടങ്ങളിലേക്ക് എത്തുന്നതിന് ദിനം പ്രതി പൊതുബസുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരികയാണെന്ന് ആര്‍ ടി എ ബസ് ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ ബാസല്‍ ഇബ്‌റാഹീം സഅദ് പറഞ്ഞു. മെട്രോ, ട്രാം, ജല ഗതാഗത സംവിധാനങ്ങള്‍ എന്നിവയെ പോലെ തന്നെ ബസ് സര്‍വീസുകള്‍ മികച്ച രീതിയില്‍ സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതാണ് ജനങ്ങളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ ഇടയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ബസ് സര്‍വീസുകള്‍ കൂടുതല്‍ ജനകീയമാക്കുന്നതില്‍ ദുബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മിച്ച സ്മാര്‍ട് ബസ് ഷെല്‍ട്ടറുകള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. 2030ഓടുകൂടി പൊതുഗതാഗത സംവിധാനങ്ങളില്‍ പബ്ലിക് ബസുകളുടെ പങ്ക് 30 ശതമാനമായി ഉയര്‍ത്താനും ലക്ഷ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പരിസ്ഥിതി സൗഹൃദവും കൂടുതല്‍ ജനകീയമായതും പൊതുജനാരോഗ്യത്തിന് ഹാനികരമാകാത്തതുമായ വാഹനങ്ങളാണ് സേവനങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. അതിനാല്‍ സുസ്ഥിര ഗതാഗത സമ്പ്രദായം ഒരുങ്ങുന്നതോടൊപ്പം പരിസ്ഥിതിക്ക് ഹാനികരമല്ലാത്ത രീതിയില്‍ മെച്ചപ്പെട്ട സൗകര്യങ്ങളാണ് പൊതുജനങ്ങള്‍ക്ക് പ്രധാനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.