സ്വത്തുവകകളുടെ വെളിപ്പെടുത്തല്‍ സത്യമോയെന്ന് മല്യയോട് സുപ്രീംകോടതി

Posted on: March 10, 2017 6:40 am | Last updated: March 10, 2017 at 12:04 am

ന്യൂഡല്‍ഹി: സ്വത്തുവകള്‍ എത്രയെന്ന് വെളിപ്പെടുത്തിയത് സത്യമാണോയെന്ന് മദ്യ വ്യവസായി വിജയ് മല്യയോട് സുപ്രീം കോടതി. സ്വത്ത് വകകളെക്കുറിച്ചും മകന് നല്‍കിയ 40 മില്ല്യന്‍ യു എസ് ഡോളറിനെക്കുറിച്ചും വ്യക്തമാക്കുന്നതിനാണ് വിജയ് മല്യയോട് സുപ്രീംകോടതി അവശ്യപ്പെട്ടിരിക്കുന്നത്. ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയല്‍, യു യു ലളിത് എന്നിവരധ്യക്ഷരായ സുപ്രീം കോടതി ബഞ്ചാണ് ബേങ്കുകളില്‍ നിന്ന് മല്യ കടമെടുത്ത കേസുമായി ബന്ധപ്പെട്ട രണ്ട് ഹരജികള്‍ പരിഗണിക്കുന്നതിനിടെ സംശയം ഉന്നയിച്ചത്.

നിങ്ങള്‍ ഞങ്ങള്‍ക്ക് ഉത്തരം തരുമോ? നിങ്ങള്‍ നിങ്ങളുടെ സ്വത്ത് വിവരങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത് സത്യസന്ധമായിരുന്നോ? താങ്കള്‍ കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവുകള്‍ ലംഘിച്ച് 40 മില്ല്യന്‍ യു എസ് ഡോളര്‍ കൈമാറ്റം ചെയ്തിരുന്നോ? ലോണുകള്‍ എടുക്കുമ്പോള്‍ സെക്യൂരിറ്റിയായി എടുത്തിരുന്നോ? തുടങ്ങിയ ചോദ്യങ്ങളാണ് സുപ്രീം കോടതി മല്യക്കു വേണ്ടി ഹാജരായ സി എസ് വൈദ്യന്ദനോട് ചോദിച്ചത്.