ചന്ദ്രബാബു നായിഡുവിന്റെ മകന്റെ ആസ്തി അഞ്ച് മാസത്തിനുള്ളില്‍ കൂടിയത് 23 ഇരട്ടി

Posted on: March 10, 2017 2:01 am | Last updated: March 10, 2017 at 12:02 am

ഹൈദരാബാദ്: ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന്റെ മകന്‍ എന്‍ ലോകേഷിന്റെ സ്വകാര്യ ആസ്തി കഴിഞ്ഞ അഞ്ച് മാസത്തിനിടെ വര്‍ധിച്ചത് 23 മടങ്ങ്. 2016 ഒക്‌ടോബറില്‍ 14.5 കോടിയായിരുന്ന ലോകേഷിന്റെ ആസ്തി ഫെബ്രുവരി അവസാനിക്കുമ്പോള്‍ 330 കോടിയായാണ് കുതിച്ചുയര്‍ന്നത്.
34കാരനായ ലോകേഷ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് മത്സരിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികക്കൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് ഈ കണക്ക് വെളിപ്പെടുത്തിയത്. ഹെറിറ്റേജ് ഫുഡ് പ്രൊഡക്ട് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ 273,83,94,996 രൂപയുടെ ഓഹരിയുണ്ട് ലോകേഷിന്.

നേരത്തെ ചന്ദ്രബാബു നായിഡുവിന്റെ കുടുംബം നേരിട്ട് നടത്തിയിരുന്ന ഈ സ്ഥാപനം കഴിഞ്ഞ നവംബറില്‍ ഫ്യൂച്ചര്‍ റീട്ടെയില്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തിന് വിറ്റിരുന്നു. നിലവില്‍ സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് ഡയരക്ടറായ ലോകേഷിന് 3.56 ശതമാനം ഓഹരിയാണ് ഇതില്‍ ഉള്ളത്. ഭാര്യ ബ്രാഹ്മിണിക്ക് ഒരു ലക്ഷത്തിന്റെയും മാതാവ് ഭുവനേശ്വരിക്ക് 53 ലക്ഷത്തിന്റെയും ഓഹരി ഹെറിറ്റേജ് ഫുഡ് പ്രൊഡക്ട് ലിമിറ്റഡില്‍ ഉണ്ട്.
ഇത് കൂടാതെ 18 കോടിയുടെ സ്ഥാവര സ്വത്തുക്കളും 38.51 കോടിയുടെ പൈതൃക സ്വത്തും 6.28 കോടിയുടെ കടബാധ്യതയും തനിക്കുണ്ടെന്നും ലോകേഷ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ഭാര്യ ബ്രാഹ്മണിയുടെ പേരില്‍ 5.38 കോടിയുടെയും ഒരു വയസ്സുകാരനായ മകന്‍ ദേവാംശിന്റെ
പേരില്‍ 11.17 കോടിയുടെയും സ്വത്തുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

കഴിഞ്ഞ ഒക്‌ടോബറില്‍ അദ്ദേഹം വെളിപ്പെടുത്തിയിരുന്നത് തനിക്ക് 14.50 കോടിയുടെ ആസ്തിയും 6.35 കോടിയുടെ ബാധ്യതയും ഉണ്ടെന്നായിരുന്നു. അതേസമയം, കഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍ താന്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചിട്ടില്ലെന്ന് തെലുഗു ദേശം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ ലോകേഷ് പറഞ്ഞു. ഒക്‌ടോബറിലെ പ്രഖ്യാപനം സ്വത്തിന്റെ ആര്‍ജിത മൂല്യത്തിന്റെയും ഇപ്പോഴത്തേത് വിപണി മൂല്യത്തിന്റെയും അടിസ്ഥാനത്തിലാണെന്നും അദ്ദേഹം വിശദീകരിച്ചു. നിലവിലെ കമ്പോള വില അനുസരിച്ചാണ് വീടിന്റെ മൂല്യവും കണക്കാക്കിയിട്ടുള്ളത്. 1989ല്‍ ഇത് വാങ്ങുമ്പോള്‍ ഏതാനും ആയിരങ്ങള്‍ മാത്രമായിരുന്നു അതിന്റെ വിലയെന്നാണ് ലോകേഷിന്റെ അവകാശവാദം.