സിറിയയിലെ ഇസില്‍വിരുദ്ധ ആക്രമണം; റഖായിലേക്ക് യു എസ് നാവികസേന

Posted on: March 10, 2017 6:54 am | Last updated: March 9, 2017 at 11:55 pm

വാഷിംഗ്ടണ്‍: സിറിയയിലെ ഇസില്‍ കേന്ദ്രത്തില്‍ ആക്രമണം നടത്താന്‍ അമേരിക്ക നാവിക സേനയെ അയച്ചു. സിറിയന്‍ വിമതസേനയെ സഹായിക്കാന്‍ നൂറ് കണക്കിന് സൈനികര്‍ ഇസില്‍ ശക്തി കേന്ദ്രമായ റഖയിലെത്തും. ഇസിലിന്റെ തലസ്ഥാനമെന്ന് അറിയപ്പെടുന്ന പ്രദേശമാണ് റഖ. കുറച്ച് ദിവസം മുമ്പ് റഖ തീരത്ത് നിന്ന് 32 കിലോമീറ്റര്‍ അകലെയുള്ള യു എസ് സൈനിക ആസ്ഥാനത്ത് സൈന്യം എത്തിയിട്ടുണ്ട്. സിറിയന്‍ സര്‍ക്കാറിനെതിരെ പ്രക്ഷോഭത്തിലുള്ള കുര്‍ദിശ് വിമതര്‍ക്കൊപ്പം ചേര്‍ന്നാണ് റഖയില്‍ യു എസ് സൈന്യം ആക്രമണം നടത്തുക. വരും ദിവസങ്ങളില്‍ സൈനിക മുന്നേറ്റം നടക്കുമെന്നാണ് ഔദ്യോഗിക വക്താക്കള്‍ സൂചന നല്‍കുന്നത്.

വന്‍ ആയുധ സജ്ജീകരണങ്ങളുമായാണ് സൈന്യം സിറിയയിലേക്കെത്തിയത്. കുവൈത്ത്, ആഫ്രിക്കന്‍ രാജ്യമായ ജിബോത്തി വഴിയാണ് വടക്കന്‍ സിറിയയിലേക്ക് സൈന്യം എത്തിയത്. കുവൈത്തില്‍ 1,000ല്‍ അധികം സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇസില്‍ തീവ്രവാദികളെ പൂര്‍ണമായും തുരത്തുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇസില്‍വിരുദ്ധ യു എസ് സൈനിക സേന വക്താവ് കേണല്‍ ജോണ്‍ ദൊറൈന്‍ വ്യക്തമാക്കി. അതിനിടെ, ഇസില്‍വിരുദ്ധ ആക്രമണമെന്ന പേരില്‍ മുസ്‌ലിം രാജ്യങ്ങളില്‍ അധിനിവേശ ം നടത്താനുള്ള ട്രംപിന്റെ ആസൂത്രണത്തിന്റെ ഭാഗമാണ് സിറിയയിലേക്കുള്ള സൈനിക ആക്രമണമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ഇറാഖിലെ മൊസൂളിലും സമാനമായ രീതിയില്‍ ആക്രമണം നടത്തിയിരുന്നു.
ഒബാമയുടെ ഭരണകാലത്ത് സിറിയയില്‍ സൈനിക ഇടപെടല്‍ നടന്നിരുന്നെങ്കിലും അത് എണ്ണത്തില്‍ വളരെ കുറവായിരുന്നു. ഇസില്‍വിരുദ്ധ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സായുധ സംഘങ്ങള്‍ക്ക് പരിശീലനം, നിര്‍ദേശം എന്നിവ നല്‍കലായിരുന്നു ഇവരുടെ പ്രധാന ദൗത്യം. യുദ്ധത്തിനിറങ്ങുന്നതടക്കം നിരവധി കാര്യങ്ങളില്‍ ഇവര്‍ക്ക് നിയന്ത്രണം ഉണ്ടായിരുന്നു.
സിറിയന്‍ സര്‍ക്കാറിന്റെ മൗനാനുവാദത്തോടെയാകും അമേരിക്ക റഖയില്‍ ആക്രമണം നടത്തുക. സിറിയന്‍ സര്‍ക്കാറിനെ പിന്തുണക്കുന്ന റഷ്യയുമായി ട്രംപ് ഭരണകൂടം അടുപ്പത്തിലായ സാഹചര്യത്തില്‍ സൈനിക നീക്കത്തെ സിറിയ എതിര്‍ക്കാനിടയില്ല. വിമതര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന തുര്‍ക്കിക്കെതിരെ സിറിയ രംഗത്തെത്തിയിരുന്നു. ഇസിലും വിമതരും തങ്ങളെ സംബന്ധിച്ചെടുത്തോളം തീവ്രവാദികള്‍ തന്നെയാണെന്നും വിമതര്‍ക്കൊപ്പം ചേര്‍ന്നുള്ള സൈനിക കടന്നുകയറ്റം അംഗീകരിക്കില്ലെന്നും സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇറാഖിലെ ഇസില്‍ കേന്ദ്രമായ മൊസൂളിന് പിന്നാലെ റഖയും തകര്‍ന്നാല്‍ ഇസിലിന്റെ പ്രധാന സ്വാധീന ശക്തികളെല്ലാം നിലംപതിക്കും. ഇതോടെ ഇസിലിന്റെ ശക്തി പൂര്‍ണമായും നശിക്കും.