ലക്‌നോ ഏറ്റുമുട്ടല്‍ എന്‍ ഐ എ അന്വേഷിക്കുമെന്ന് രാജ്‌നാഥ് സിംഗ്

Posted on: March 10, 2017 12:49 am | Last updated: March 9, 2017 at 11:49 pm

ന്യൂഡല്‍ഹി: ലക്നോയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈഫുല്ലക്ക് ഇസില്‍ ബന്ധമുണ്ടെന്ന ആരോപണമടക്കമുള്ള കാര്യങ്ങള്‍ എന്‍ ഐ എ അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പാര്‍ലിമെന്റില്‍ വ്യക്തമാക്കി. ഭോപ്പാല്‍- ഉജ്ജൈന്‍ ട്രെയിന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇയാള്‍ക്ക് പങ്കുണ്ടെന്ന് നേരത്തെ പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിലാണ് ആഭ്യന്തര മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തെ സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ചോദ്യങ്ങളുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് വിഷയം എന്‍ ഐ എ അന്വേഷക്കുമെന്ന നിലപാട് കേന്ദ്രം സ്വീകരിക്കുന്നത്. എന്തുകൊണ്ട് തീവ്രവാദിയെ ജീവനോടെ പിടികൂടാന്‍ സാധിച്ചില്ലെന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ രംഗത്തെത്തിയിരുന്നു. ഭീകരവാദിയെ ജീവനോടെ പിടികൂടുകയായിരുന്നുവെങ്കില്‍ അയാളുടെ തീവ്രവാദ ബന്ധങ്ങള്‍ ഉറപ്പാക്കാന്‍ കഴിയുമായിരുന്നുവെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്. ഇതോടെയാണ് എന്‍ ഐ എ അന്വേഷിക്കുമെന്ന നിലപാടിലേക്ക് കേന്ദ്ര സര്‍ക്കാര്‍ എത്തിച്ചേര്‍ന്നത്.

മൃതദേഹം ഏറ്റുവാങ്ങില്ലെന്ന സൈഫുല്ലയുടെ പിതാവ് സര്‍താജിന്റെ നിലപാടിനെ പുകഴ്ത്തിയും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് സംസാരിച്ചു. ലക്‌നോവില്‍ സേനയുമായി നടന്ന ഏറ്റുമുട്ടലിനെക്കുറിച്ചും, രാജ്യത്ത് വര്‍ധിച്ചുവരുന്ന ഇസില്‍ സ്വാധീനത്തെക്കുറിച്ചും ലോക്‌സഭയില്‍ രാജ്‌നാഥ് സിംഗ് വിശദീകരണം നല്‍കി.