കോള, പെപ്‌സി ബഹിഷ്‌കരണം

Posted on: March 10, 2017 6:39 am | Last updated: March 9, 2017 at 11:40 pm

സ്വാഗതാര്‍ഹമാണ് പെപ്‌സി, കൊക്കകോള ഉത്പന്നങ്ങളുടെ വില്‍പന ഉപേക്ഷിക്കാനുള്ള കേരള വ്യാപാരി വ്യവസായി സമിതിയുടെ നീക്കം. സംസ്ഥാനം കടുത്ത വരള്‍ച്ചയില്‍ പൊരിയുകയും ശുദ്ധജലത്തിന് ജനങ്ങള്‍ നെട്ടോട്ടമോടുകയും ചെയ്യവേ പെപ്‌സി കമ്പനി നടത്തുന്ന ജലചൂഷണത്തില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണ തീരുമാനം. സംസ്ഥാനത്തെ ആറ് ലക്ഷത്തിലേറെ വ്യാപാരികള്‍ പെപ്‌സി,കോള ഉത്പന്നങ്ങളുടെ വില്‍പന നിര്‍ത്തിവെക്കാനുള്ള തീരുമാനവുമായി സഹകരിക്കുമെന്നാണ് പ്രതീക്ഷ. ഇവക്ക് പകരം നാടന്‍ പാനീയങ്ങള്‍ വില്‍ക്കുകയും പ്രചരിപ്പിക്കുകയും ചെയ്യും.

മാര്‍ച്ച് ഒന്ന് മുതല്‍ തമിഴ്‌നാട്ടിലും പെപ്‌സിക്കും കൊക്കകോളക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ആറായിരത്തിലധികം ബിസിനസ് സ്ഥാപനങ്ങളും ഒന്നര ദശലക്ഷം അംഗങ്ങളുമുള്ള ‘തമിഴ്‌നാട് വണികര്‍ സംഘങ്ങളിന്‍ പേരമൈപ്പ്’ (ടി എന്‍ വി എസ് പി) എന്ന വ്യാപാരി വ്യവസായി പ്രസ്ഥാനമാണ് ബഹിഷ്‌കരണ തീരുമാനം കൈക്കൊണ്ടത്. പെപ്‌സി ഉത്പന്നങ്ങളില്‍ വിഷാംശമുള്ളതായി പരിശോധനകളില്‍ വ്യക്തമായ സാഹചര്യത്തിലും കമ്പനിയുടെ ജലമൂറ്റല്‍ തടയാനുള്ള ലക്ഷ്യത്തോടെയുമാണ് അവിടെ ബഹിഷ്‌കരണം. ഇതേതുടര്‍ന്ന് തമിഴ്‌നാട്ടിലെ നാല് ശീതളപാനീയ നിര്‍മാണ പ്ലാന്റുകള്‍ അടച്ചുപൂട്ടുകയുണ്ടായി.

ഈ വര്‍ഷം കേരളത്തില്‍ പൊതുവെയും പാലക്കാട്ട് പ്രത്യേകിച്ചും സമീപ കാലത്തൊന്നുമുണ്ടായിട്ടില്ലാത്ത കൊടും വരള്‍ച്ചയാണ് അനുഭവപ്പെടുന്നത്. എണ്ണായിരത്തിലേറെ ഹെക്ടര്‍ നെല്‍കൃഷി ജില്ലയില്‍ ഇതിനകം ഉണങ്ങിനശിച്ചു. മിക്ക കിണറുകളും കുളങ്ങളും കുഴല്‍ കിണറുകള്‍ പൊലും വറ്റിക്കഴിഞ്ഞു. പെപ്‌സി കമ്പനി സ്ഥിതി ചെയ്യുന്ന പുതുശ്ശേരി പഞ്ചായത്തിലും സമീപ പഞ്ചാത്തുകളിലും ജലക്ഷാമം കൂടുതല്‍ രൂക്ഷമാണ്. ടാങ്കര്‍ ലോറിയില്‍ എത്തുന്ന വെള്ളമാണ് പഞ്ചായത്തിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ ആശ്രയം. സംസ്ഥാനത്ത് ഭൂജലം ഉപയോഗിക്കുന്നതില്‍ കടുത്ത നിയന്ത്രണമുള്ള മലമ്പുഴ ബ്ലോക്കില്‍ ഉള്‍പ്പെട്ടതാണ് പുതുശ്ശേരി. ഇവിടുത്തെ ശക്തമായ ജലക്ഷാമം കണക്കിലെടുത്ത് മൂന്ന് മാസത്തേക്ക് ജലമൂറ്റ് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി കമ്പനിക്ക് സ്‌റ്റോപ്പ്‌മെമ്മോ നല്‍കിയിരുന്നു. ഇതവഗണിച്ചാണ് ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സ്ഥാപനം ജലമെടുപ്പ് തുടരുന്നത്.

പ്രതിദിനം രണ്ടര ലക്ഷം ലിറ്റര്‍ വെള്ളം ഉപയോഗിക്കാന്‍ മാത്രമാണ് കമ്പനിക്ക് അനുമതി. ഇത് ഹൈക്കോടതിയില്‍ ചോദ്യം ചെയ്ത കമ്പനി വെള്ളത്തിന്റെ അളവ് ആറര ലക്ഷം ലിറ്ററായി ഉത്തരവ് സമ്പാദിച്ചിരുന്നു. എന്നാല്‍, വരള്‍ച്ച കണക്കിലെടുത്ത് ജലത്തിന്റെ ഉപയോഗം 75 ശതമാനം വെട്ടിക്കുറക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കമ്പനിയോടാവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് കുഴല്‍ കിണറുകളില്‍ ഏതെങ്കിലും ഒരെണ്ണം മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് ജില്ലാ വികസന സമിതിയുടെ നിര്‍ദേശവുമുണ്ട്. ഇതംഗീകരിച്ചു ഇപ്പോള്‍ 1.5 ലക്ഷം ലിറ്റര്‍ വെള്ളമേ എടുക്കുന്നുള്ളൂവെന്നാണ് കമ്പനിയുടെ അവകാശ വാദമെങ്കിലും ജലമെടുപ്പില്‍ കമ്പനി ഒരു കുറവും വരുത്തിയിട്ടില്ലെന്നാണ് സമീപ വാസികളുും പരിസ്ഥിതി പ്രവര്‍ത്തകരും പറയുന്നത്. കഞ്ചിക്കോട്ട് മേഖലയിലെ ഏതാണ്ട് 48. 5 ശതമാനം ജലം പെപ്‌സി പ്ലാന്റ് ഊറ്റിയെടുക്കുന്നതായാണ് അവരുടെ പരാതി. സ്ഥാപനം എത്ര വെള്ളം പമ്പ് ചെയ്യുന്നുണ്ടെന്ന് കൃത്യമായ കണക്ക് അധികൃതര്‍ക്കില്ല. എടുക്കുന്ന ജലത്തിന്റെ അളവ് പരിശോധിക്കാന്‍ ഉദ്യോഗസ്ഥരെയോ പഞ്ചായത്ത് അംഗങ്ങളെയോ കമ്പനി അനുവദിക്കുന്നുമില്ല. സ്ഥാപനത്തിനകത്തേക്കുള്ള പ്രവേശനത്തിന് കടുത്ത നിയന്ത്രണങ്ങളുണ്ട്. ഉദ്യോഗസ്ഥര്‍ക്കോ മാധ്യമപ്രവര്‍ത്തകര്‍ക്കോ എം എല്‍ എമാരടക്കമുള്ള ജനപ്രതിനിധികള്‍ക്കു പോലുമോ കോമ്പൗണ്ടിനകത്തേക്ക് കടക്കാന്‍ പറ്റാത്ത തരത്തില്‍ സമാന്തര ഭരണമാണ് അവിടെ നിലനില്‍ക്കുന്നത്. ഭരണ, ഉദ്യോഗ തലങ്ങളില്‍ നിന്നുള്ള വിശിഷ്യാ, കേന്ദ്രത്തില്‍ നിന്നുള്ള ഉദാരമായ സഹകരണവും പിന്തുണയുമാണ് സമാന്തര ഭരണത്തിന് അവര്‍ക്ക് ധൈര്യം പകരുന്നത്. കോള ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള തമിഴ്‌നാട് വ്യാപാരികളുടെ തീരുമാനത്തിനെതിരെ കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ രംഗത്ത് വന്നത് ഇതിന് ഉദാഹരണമാണ്. ജനാധിപത്യ രാജ്യത്ത് എന്തു കഴിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ജനങ്ങള്‍ക്കാണെന്നും അതിന് പ്രതിബന്ധമുണ്ടാക്കുന്ന വ്യാപാരികളുടെ നിലപാട് ശരിയല്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇത്തരം ജനപ്രതിനിധികളെയാണ് ആദ്യം നിലക്കുനിര്‍ത്തേണ്ടത്.

അനിയന്ത്രിതമായ ജലചൂഷണത്തിന്റെ ഫലമായി സംസ്ഥാനത്ത് പ്രതിവര്‍ഷം ശരാശരി മൂന്ന് മീറ്ററോളം ജലനിരപ്പ് താഴുന്നുണ്ട്. ഇത് തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചു വരികയാണ്. അതിന്റെ ഭാഗമായി മെയ് അവസാനം വരെ കുഴല്‍കിണറുകള്‍ കുഴിക്കാന്‍ അനുമതി നല്‍കുന്നില്ല. കുടിവെള്ള സംരക്ഷണത്തിന് സംസ്ഥാനത്ത് ഇതുപോലുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമ്പോഴാണ് ബഹുരാഷ്ട്ര കുത്തകകള്‍ നമ്മുട ജലം ഊറ്റിയെടുത്ത് കൊള്ളലാഭമുണ്ടാക്കുന്നത്. ഇതിനെതിരെ അധികൃതര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും വ്യാപാരി വ്യവസായി സമിതിയുടെ സാമൂഹിക പ്രതിബദ്ധതാ പരമായ തീരുമാനത്തിന് എല്ലാവിധ പിന്തുണയും നല്‍കുകയും ചെയ്യേണ്ടതാണ്.