ഖത്വറിന്റെ സ്വന്തം ശീതീകരണ ഹെല്‍മെറ്റിന് ആഗോള സ്വീകാര്യത

Posted on: March 9, 2017 8:30 pm | Last updated: March 9, 2017 at 7:55 pm

ദോഹ: ഖത്വറില്‍ വികസിപ്പിച്ചെടുത്ത തൊഴിലാളികള്‍ക്കുള്ള സൗരോര്‍ജ ശീതീകരണ ഹെല്‍മെറ്റിന് ആഗോളതലത്തില്‍ വന്‍ സ്വീകാര്യത. ഖത്വര്‍ യൂനിവേഴ്‌സിറ്റി, സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി (എസ് സി), അസ്പയര്‍ സോണ്‍ എന്നിവ സംയുക്തമായാണ് നൂതന ഹെല്‍മെറ്റ് വികസിപ്പിച്ചത്. നിര്‍മാണത്തൊഴിലാളികള്‍ ഈ ഹെല്‍മെറ്റ് ധരിക്കുന്നതിലൂടെ ചൂട് പത്ത് ഡിഗ്രി സെന്റിഗ്രേഡ് വരെ ചൂട് കുറക്കാന്‍ സാധിക്കും.

ആഗോളതലത്തില്‍ ഇത്തരം സാങ്കേതികവിദ്യക്ക് ധാരാളം ആള്‍ക്കാരുണ്ട്. ചൂടുകാലാവസ്ഥയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണിത്. എസ് സിയുമായി നടത്തിയ ഗവേഷണം ആഗോള ശ്രദ്ധ പിടിച്ചുപറ്റിയതായും ഖത്വര്‍ യൂനിവേഴ്‌സിറ്റി കോളജ് ഓഫ് എന്‍ജിനീയറിംഗ് പ്രൊഫസര്‍ ഡോ. സഊദ് അബ്ദുല്‍ അസീസ് അബ്ദുല്‍ ഗാനി പറഞ്ഞു. തൊഴിലാളികളുടെ രക്ഷക്കുള്ള കിറ്റ് നിര്‍മിക്കുന്ന സ്പാനിഷ് കമ്പനിയും ഹോളന്‍ഡ് കമ്പനിയും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഖത്വറില്‍ നിരവധി കമ്പനികളും സമീപിച്ചിട്ടുണ്ട്. മേഖലയില്‍ യു എ ഇയിലെ എണ്ണക്കമ്പനിയും മുന്നോട്ടുവന്നിട്ടുണ്ട്. ഇന്ത്യ, ദക്ഷിണ കൊറിയ, ഈജിപ്ത്, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നും കമ്പനികള്‍ സമീപിച്ചു. ഈ വേനല്‍ക്കാലത്ത് ഫിഫ ലോകകപ്പ് നിര്‍മാണ കേന്ദ്രങ്ങളിലെ തൊഴിലാളികള്‍ക്ക് ആദ്യഘട്ട ഹെല്‍മെറ്റുകള്‍ വിതരണം ചെയ്യും. ടൂര്‍ണമെന്റിന്റെ വലിയ നേട്ടമായാണ് ബ്രിട്ടീഷ് യൂനിവേഴ്‌സിറ്റികള്‍ പദ്ധതിയെ വിലയിരുത്തുന്നത്. ആഗോളതലത്തില്‍ വ്യവസായ മേഖലയില്‍ വലിയ വിപ്ലവങ്ങള്‍ക്ക് കാരണമാകുന്നതാണ് ഈ കണ്ടുപിടിത്തം. ചൂടുള്ള പ്രദേശങ്ങളിലെ നിര്‍മാണം കാര്യക്ഷമമാകും തൊഴിലാളികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ കുറയാനും ഇതിടയാക്കും. ആരോഗ്യപ്രശ്‌നങ്ങളും അപകടങ്ങളും കാരണമായുള്ള തൊഴില്‍ സമയ നഷ്ടവും മറ്റും നികത്താനുമാകും. കിറ്റ്‌കോമില്‍ ശീതീകരണ ഹെല്‍മെറ്റുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും ഡോ. സഊദ് പറഞ്ഞു.