ഭരണകൂടത്തെ ആര്‍എസ്എസ് വല്‍ക്കരിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്ന് വരണം:കോടിയേരി

Posted on: March 9, 2017 6:28 pm | Last updated: March 10, 2017 at 2:36 pm

തിരുവനന്തപുരം: ലോക വനിതാദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ചടങ്ങില്‍ വെച്ച് കേരളത്തില്‍ നിന്നുള്ള മൂന്ന് വനിതാ പഞ്ചായത്ത് അധ്യക്ഷമാരുടെ ശിരോവസ്ത്രം അഴിപ്പിച്ച നടപടി കേരളത്തെ അപമാനിക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുസ്ലീം വനിതകള്‍ തലയില്‍ ശിരോവസ്ത്രമണിയാന്‍ പാടില്ലെന്ന നിലപാട് കേന്ദ്രസര്‍ക്കാരിനുണ്ടാവുന്നത്, ഭരണകൂടത്തെ ആര്‍ എസ് എസ് വല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…..

ലോക വനിതാദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുത്ത ചടങ്ങില്‍ വെച്ച് കേരളത്തില്‍ നിന്നുള്ള മൂന്ന് വനിതാ പഞ്ചായത്ത് അധ്യക്ഷമാരുടെ ശിരോവസ്ത്രം അഴിപ്പിച്ച നടപടി കേരളത്തെ അപമാനിക്കുന്നതാണ്. മുസ്ലീം വനിതകള്‍ തലയില്‍ ശിരോവസ്ത്രമണിയാന്‍ പാടില്ലെന്ന നിലപാട് കേന്ദ്രസര്‍ക്കാരിനുണ്ടാവുന്നത്, ഭരണകൂടത്തെ ആര്‍ എസ് എസ് വല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ്.
ഗുജറാത്തില്‍ സംഘടിപ്പിച്ചത് സ്ത്രീശാക്തീകരണത്തിനായുള്ള ദേശീയസമ്മേളനമാണ്. രാജ്യത്തെ വനിതാ പഞ്ചായത്ത്അധ്യക്ഷമാരുടെ ആ സമ്മേളനത്തില്‍ വെച്ച് വനിതകളുടെ ശിരോവസ്ത്രം അഴിപ്പിച്ചതിലൂടെ കേന്ദ്രസര്‍ക്കാരിന്റെ സ്ത്രീശാക്തീകരണത്തിന്റെ യഥാര്‍ത്ഥമുഖമാണ് അനാവരണമായത്.
ഭരണകൂടത്തെ ആര്‍ എസ് എസ് വല്‍ക്കരിക്കുന്നതിനെതിരെ ജനകീയ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവന്നില്ലെങ്കില്‍, രാജ്യത്ത് മനുസ്മൃതിയിലെ ഓരോരോ ഇനങ്ങള്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കും. ആര്‍ എസ് എസ് പ്രചാരകനായ നരേന്ദ്രമോഡി നയിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ മുസ്ലീംവിരുദ്ധ മനോഭാവത്തിനെതിരെ എല്ലാ ജനാധിപത്യവിശ്വാസികളും പ്രതിഷേധിക്കണം.