സഹിഷ്ണുത; യു എ ഇ ലോകത്ത് മികച്ചത്: ശൈഖ ലുബ്‌ന

Posted on: March 9, 2017 3:45 pm | Last updated: March 9, 2017 at 3:39 pm
എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സഹിഷ്ണുതാകാര്യ മന്ത്രി ശൈഖ ലുബ്‌ന അല്‍ ഖാസിമി സംസാരിക്കുന്നു

ദുബൈ: സഹിഷ്ണുതയില്‍ യു എ ഇ ലോകത്തു മികച്ചതെന്ന് സഹിഷ്ണുതാകാര്യ മന്ത്രി ശൈഖ ലുബ്‌ന അല്‍ ഖാസിമി. എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് ‘എ ടൈം ഫോര്‍ ടൊളറന്‍സ്’ സെഷനില്‍ സംസാരിക്കുകയായിരുന്നു ശൈഖ ലുബ്‌ന. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ ധിഷണാപരവും ദീര്‍ഘവീക്ഷണപരവുമായ നടപടികളാണ് രാജ്യം പിന്തുടരുന്നത്. രാജ്യ ശില്‍പിയുടെ കാല്‍പാടുകള്‍ പിന്തുടര്‍ന്ന് ആവിഷ്‌കരിച്ചിട്ടുള്ള സഹിഷ്ണുതാകാര്യ നടപടികള്‍ രാജ്യത്തെ ആഗോള ശ്രദ്ധ പിടിച്ചുപറ്റുന്നതില്‍ സഹായിച്ചിട്ടുണ്ട്. ഒന്നുമില്ലാതിരുന്ന രാജ്യത്തെ ജനങ്ങളെ ഉന്നതമായ വിദ്യാഭ്യാസത്തിലൂടെ മഹത്തരമായ മൂല്യബോധമുള്ള ജനതയാക്കി ലോക ശ്രദ്ധ പിടിച്ചുപറ്റുന്നതിന് ശൈഖ് സായിദിന്റെ ശാക്തീകരണ നടപടികള്‍ വഴിയൊരുക്കിയിട്ടുണ്ടെന്ന് ശൈഖ ലുബ്‌ന പറഞ്ഞു.

രാഷ്ട്രപിതാവിന്റെ അഭിലാഷങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് ലോകത്തെ വിവിധ സംസ്‌കാരങ്ങളെയും മത വിഭാഗങ്ങളെയും നെഞ്ചേറ്റുന്നതിന് യു എ ഇക്ക് കഴിഞ്ഞിട്ടുണ്ട്. വിവിധ മതസ്ഥരുടെ ദേവാലയങ്ങള്‍ രാജ്യത്ത് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നുണ്ട്. അവരവരുടെ ആചാരങ്ങള്‍ തനതായ രീതിയില്‍ അനുഷ്ഠിക്കുന്നതിന് രാജ്യത്ത് സ്വാതന്ത്ര്യമുണ്ട്. ലോകത്തെ 200 രാജ്യങ്ങളിലെ ജനങ്ങള്‍ തനത് സംസ്‌കാരങ്ങളോടെയും വസ്ത്ര സങ്കല്‍പങ്ങളോടെയും യു എ ഇയില്‍ പുലരുന്നത് രാജ്യത്തിന്റെ സഹിഷ്ണുതയുടെ മകുടോദാഹരണമാണ്. ഓരോ രാജ്യത്തിനും വ്യത്യസ്ത സംസ്‌കാരങ്ങളും വസ്ത്ര സങ്കല്‍പങ്ങളുണ്ടെന്നും അതിനെ ബഹുമാനിക്കണമെന്നും രാജ്യത്തെ ജനതയെ ബോധവല്‍കരിക്കുന്നതിന് ശൈഖ് സായിദിന്റെ മൂല്യവത്തായ വിദ്യഭ്യാസ ശാക്തീകരണ പ്രക്രിയകള്‍കൊണ്ട് കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ യു എ ഇയില്‍ സംസ്‌കാര വൈവിധ്യങ്ങളോടെ ലോക രാജ്യങ്ങളിലെ ജനങ്ങള്‍ സുരക്ഷയോടെയും സമാധാനത്തോടെയും അധിവസിക്കുന്നുണ്ടെന്നും ശൈഖ ലുബ്‌ന ചൂണ്ടിക്കാട്ടി.

പാശ്ചാത്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോഴും തന്റെ രാജ്യത്തെ പരമ്പരാഗത വസ്ത്രരീതിയാണ് സ്വീകരിക്കാറുള്ളത്. തന്റെ വസ്ത്ര ധാരണ രീതിയെ കുറിച്ച് ചിലപ്പോള്‍ ചോദ്യങ്ങള്‍ ഉയരാറുണ്ട്. മതിയായ രീതിയില്‍ വായുസഞ്ചാരമുള്ളതും തനിക്ക് കൂടുതല്‍ ആത്മ വിശ്വാസം നല്‍കുന്നതുമാണ് തന്റെ വസ്ത്ര ധാരണ രീതിയെന്ന് അത്തരം സന്ദര്‍ഭങ്ങളില്‍ മറുപടി നല്‍കുകയാണ് പതിവെന്നും ശൈഖ ലുബ്‌ന വ്യക്തമാക്കി.

ദുബൈ താമസ-കുടിയേറ്റ വകുപ്പ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി, യു എ ഇ റഷ്യന്‍ സ്ഥാനപതി ഉമര്‍ സൈഫ് ഗോബാഷ്, അബുദാബി സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ച് വികാരി റവറന്റ് ആന്‍ഡി തോംപ്‌സണ്‍ എന്നിവര്‍ സംസാരിച്ചു.