ടോം ജോസഫിന്റെ നേതൃത്വത്തില്‍ വോളിബോളിന് പുതിയ സംഘടന

Posted on: March 9, 2017 2:12 am | Last updated: March 9, 2017 at 1:01 am

കൊച്ചി: കേരള വോളിബോള്‍ അസോസിയേഷന്‍ പിരിച്ചുവിട്ടതായും താത്കാലിക ഭരണ സമിതിക്ക് ചുമതല നല്‍കിയെന്ന് കാണിച്ച് വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ചൗധരി അവധേശ് കുമാര്‍ കത്ത് നല്‍കിയതായും ടോം ജോസഫിന്റെ നേതൃത്വത്തിലുള്ള താത്കാലിക ഭരണസമിതിയംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അസോസിയേഷന്‍ സെക്രട്ടറി നാലകത്ത് ബഷീര്‍ രാജി വെച്ചാല്‍ കമ്മിറ്റി പിരിച്ചുവിടുമെന്നും അസോസിയേഷനെ അംഗീകരിക്കുമെന്നും അവര്‍ അറിയിച്ചു.
എസ് എ മധു ചെയര്‍മാനും ആര്‍ രാജീവ് കണ്‍വീനറുമായ മുന്‍ അന്താരാഷ്ട്ര താരങ്ങളുടെ നേതൃത്വത്തിലാണ് താത്കാലിക ഭരണ സമിതി രൂപവത്കരിച്ചിരിക്കുന്നത്. കമ്മിറ്റിയില്‍ എന്‍ സി ചാക്കോ, രാജ് വിനോദ്, കാര്‍ത്തികേയന്‍ എന്നിവര്‍ അംഗങ്ങളാണ്.

വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ അയച്ച കത്ത് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കമ്മിറ്റി കൈമാറിയതായി കണ്‍വീനര്‍ ആര്‍ രാജീവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രാജ്യാന്തര ദേശീയ താരങ്ങള്‍ ഉള്‍പ്പെടെ എല്ലാ വോളിബാള്‍ കളിക്കാരുടെയും പിന്തുണ പുതിയ കമ്മിറ്റിക്കുണ്ടെന്നും അടുത്ത മാസം നടക്കുന്ന അസോസിയേഷന്‍ തിരരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും രാജീവ് അറിയിച്ചു.
എസ് എ മധു, ടോം ജോസഫ്, എന്‍ സി ചാക്കോ, രാജ് വിനോദ്, കിഷോര്‍ കുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.