പീഡനം: സണ്‍ഡേ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍

Posted on: March 9, 2017 12:50 am | Last updated: March 9, 2017 at 12:37 am

കല്‍പ്പറ്റ: പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ കെ സി വൈ എം മുന്‍ നേതാവും സണ്‍ഡേ സ്‌കൂള്‍ അധ്യാപകനുമായ ചെറുകാട്ടൂര്‍ തൈപ്പറമ്പില്‍ വീട്ടില്‍ സിജോ ജോര്‍ജിനെ (23) അറസ്റ്റ് ചെയ്തു. ആത്മഹത്യാ ശ്രമത്തിനിടെ ഇയാളെ പനമരം പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി കഴിഞ്ഞ ഡിസംബര്‍ 28ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ചിരുന്നു. ഒമ്പത് വിഷയങ്ങളില്‍ എ പ്ലസ് നേടി പഠനത്തില്‍ മികവ് കാട്ടിയ വിദ്യാര്‍ഥിനിയെ സംഘടനയുടെ കോ-ഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ അഭിനന്ദിച്ച് തുടങ്ങിയ അടുപ്പം മുതലെടുത്താണ് സിജോ ലൈംഗികമായി പീഡിപ്പിച്ചത്. പ്രസവ വിവരം നാട്ടുകാരില്‍ നിന്ന് മറച്ചുവെക്കാന്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് വിദ്യാര്‍ഥിനിയെ പ്രവേശിപ്പിച്ചത്.

പ്രസവ ശ്രൂശൂഷക്ക് വേണ്ട സഹായം ചെയ്യാമെന്നും 18 വയ സ്സാകുമ്പോള്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്നുമുള്ള വാഗ്ദാനമാണ് ഇയാള്‍ നല്‍കിയത്. എന്നാല്‍, വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കാതെ വന്നതിനാല്‍ ആത്മഹത്യക്കൊരുങ്ങുന്നതിനിടെയാണ് സിജോ പിടിയിലായതെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ഇന്ത്യന്‍ ശിക്ഷാ നിയമം, പോക്‌സോ, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.