ബി പി എല്‍ സൗജന്യ എല്‍ പി ജിക്കും ആധാര്‍ നിര്‍ബന്ധം

Posted on: March 9, 2017 8:00 am | Last updated: March 9, 2017 at 12:37 am

ന്യൂഡല്‍ഹി; സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാകണമെങ്കില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്ന നടപടി കേന്ദ്രം കൂടുതല്‍ മേഖലകളിലേക്ക് നീട്ടുന്നു. ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് നല്‍കുന്ന സൗജന്യ പാചക വാതക കണക്ഷന് ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്ര പെട്രോളിയം ആന്‍ഡ് നാച്വറല്‍ ഗ്യാസ് മന്ത്രാലയം നോട്ടീസ് പുറത്തിറക്കി.

ദാരിദ്ര്യരേഖക്ക് താഴെയുള്ള സൗജന്യ പാചകവാതക കണക്ഷനുകള്‍ക്ക് അധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്നും മെയ് 31നകം ആധാര്‍ രജിസ്ട്രേഷന്‍ നടത്തിയെങ്കില്‍ മാത്രമേ സൗജന്യ കണക്ഷന് അപേക്ഷിക്കാനാകൂ എന്നും മന്ത്രാലയം പുറത്തിറക്കിയ ഗസറ്റഡ് നോട്ടീസില്‍ വ്യക്തമാക്കുന്നു. നേരത്തെ, ആധാര്‍ കാര്‍ഡ് നല്‍കിയവര്‍ക്ക് ഗ്യാസ് ഏജന്‍സികളില്‍ ആധാര്‍ കാര്‍ഡ് നമ്പറോ മുമ്പ് നല്‍കിയ അപേക്ഷയുടെ പകര്‍പ്പോ നല്‍കിയാല്‍ മതിയാകും.
പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന പ്രകാരമാണ് ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് സൗജന്യ കണക്ഷന്‍ നല്‍കുന്നത്. 2019ഓടെ അഞ്ച് കോടി ബി പി എല്‍ കുടുംബങ്ങള്‍ക്ക് എല്‍ പി ജി കണക്ഷന്‍ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം ഉള്‍പ്പടെയുള്ള നാല്‍പ്പതോളം ക്ഷേമ പദ്ധതികള്‍ക്ക് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സൗജന്യ എല്‍ പി ജിക്കും ആധാര്‍ വേണമെന്ന നിര്‍ദേശം വരുന്നത്. നേരത്തെ എല്‍ പി ജി സിലിന്‍ഡറിന് ലഭിക്കുന്ന സബ്‌സിഡിക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു. ഒരു വര്‍ഷത്തില്‍ 12 സിലന്‍ഡറുകള്‍ക്കാണ് സബ്‌സിഡി നല്‍കുന്നത്.

പൗരന് നല്‍കുന്ന സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന സുപ്രീം കോടതി വിധി നിലനില്‍ക്കെയാണ് എല്ലാ മേഖലകളിലേക്കും ഇത് വ്യാപിപ്പിക്കാന്‍ കേന്ദ്രം തയ്യാറെടുക്കുന്നത്. പാര്‍ലിമെന്റ് സമ്മേളനം ഇന്ന് ആരംഭിക്കുന്ന സാഹചര്യത്തില്‍ വിഷയം സഭക്കകത്ത് പ്രതിപക്ഷ പ്രതിഷേധത്തിന് വഴിയൊരുക്കും.