Connect with us

Gulf

ഹൈപ്പര്‍ ലൂപ്; നിര്‍മാണ പുരോഗതി മിഡില്‍ ഈസ്റ്റ് റെയില്‍ പ്രദര്‍ശനത്തില്‍ അവതരിപ്പിച്ചു

Published

|

Last Updated

ദുബൈ: ദുബൈക്കും അബുദാബിക്കുമിടയില്‍ 11 മിനുട്ട് കൊണ്ട് യാത്ര ചെയ്യാവുന്ന ഹൈപ്പര്‍ലൂപിന്റെ നിര്‍മാണ പുരോഗതി ദുബൈയില്‍ ഇന്നലെ തുടങ്ങിയ മിഡിലീസ്റ്റ് റെയില്‍ പ്രദര്‍ശനത്തില്‍ അവതരിപ്പിച്ചു. അമേരിക്കയിലെ ലാസ്‌വേഗാസിനു സമീപം നെവാഡ മരുഭുമിയിലെ നിര്‍മാണ കേന്ദ്രമായ ദേവ്‌ലൂപില്‍ നിന്നുള്ള ആദ്യ ചിത്രങ്ങളാണ് ഇവയെന്ന് ഹൈപര്‍ലൂപ് സി ഇ ഒ റോബ് ലോയിഡ് പറഞ്ഞു. 500 മീറ്റര്‍ നീളത്തിലുള്ള ട്യൂബിനു 10 ലക്ഷം കിലോയാണ് ഭാരം. 3.3 മീറ്ററാണ് വ്യാസം. ഹൈപ്പര്‍ലൂപ് വണ്‍ എന്ന പേരിലുള്ള കമ്പനി, ഗതാഗത ചരിത്രത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ പോവുകയാണ്.

മധ്യപൗരസ്ത്യ മേഖലയിലെ നഗരങ്ങളെ ഏതാണ്ട് ഒരു മണിക്കൂര്‍ കൊണ്ട് ബന്ധിപ്പിക്കാന്‍ ഹൈപര്‍ലൂപിന് കഴിയും. പൊതുജനങ്ങള്‍ക്ക് വേണ്ടിയുള്ള പരീക്ഷണം രണ്ട് മാസത്തിനകം നടക്കും. കഴിഞ്ഞ വര്‍ഷം മെയില്‍ നെവാഡയില്‍ പ്രൊപ്പല്‍ഷന്‍ സിസ്റ്റം വിജയകരമായി പരീക്ഷിച്ചിരുന്നു. യാത്രക്കാര്‍ക്ക് ഉയര്‍ന്ന സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ട്. മറ്റ് ഗതാഗത സംവിധാനങ്ങളെ അപേക്ഷിച്ച് നിര്‍മാണ ചെലവ് പകുതിയാണ്. അറ്റകുറ്റപ്പണി ചെലവ് ഹൈസ്പീഡ് റെയില്‍ പദ്ധതിയെക്കാള്‍ പകുതി മാത്രമായിരിക്കും. അബുദാബിക്കും ദുബൈക്കുമിടയില്‍ മണിക്കൂറില്‍ 4,000 വാഹനങ്ങള്‍ ഓടുന്നുണ്ടെന്നാണ് കണക്ക്. ഗതാഗത കുരുക്ക് 80 കോടി ഡോളറിന്റെ സമയ നഷ്ടം സൃഷ്ടിക്കുന്നു.
ദുബൈ-അബുദാബി, ദുബൈ-ഫുജൈറ എന്നീ റൂട്ടുകളില്‍ അതിവേഗ യാത്രാപഥമായ ഹൈപ്പര്‍ലൂപ് വാഹനങ്ങള്‍ ഗതാഗതത്തിനായി സ്ഥാപിക്കാനുള്ള സാധ്യതാ പഠനം നേരത്തെ നടന്നിരുന്നു. പദ്ധതി യാഥാര്‍ഥ്യമായാല്‍ ദുബൈയില്‍ നിന്ന് അബുദാബിയിലേക്ക് 11.7 മിനിറ്റു കൊണ്ടും ഫുജൈറയിലേക്ക് 10 മിനിറ്റു കൊണ്ടും എത്താനാകും. ഹൈസ്പീഡ് റെയില്‍ ട്രാന്‍സ്പോര്‍ട് സിസ്റ്റത്തേക്കാള്‍ 62 ശതമാനത്തോളം ചെലവ് കുറവാണ് ഹൈപ്പര്‍ലൂപ് ടെക്നോളജിക്ക്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ മണിക്കൂറില്‍ 1,100 കിലോമീറ്റര്‍ വേഗത്തില്‍ യാത്രാ-ചരക്ക് ഗതാഗതത്തിന് സാധിക്കും.

ജബല്‍ അലി തുറമുഖത്ത് ചരക്കുനീക്കത്തിനായി ഹൈപ്പര്‍ ലൂപ് വണ്‍ കമ്പനിയുമായി ധാരണയിലെത്തിയതോടെ വ്യവസായ രംഗത്ത് നൂതന സംവിധാനം പരീക്ഷിക്കുന്ന കമ്പനിയെന്ന സ്ഥാനം ഊട്ടിയുറപ്പിക്കുകയാണ് തങ്ങളെന്ന് ഡി പി വേള്‍ഡ് ചെയര്‍മാന്‍ സുല്‍ത്താന്‍ അഹ്മദ് ബിന്‍ സുലൈം പറഞ്ഞു. മധ്യപൂര്‍വേഷ്യയിലെ ആദ്യ ചുവടുവെപ്പിന് യു എ ഇ തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് ഹൈപ്പര്‍ ലൂപ് വണ്‍ സി ഇ ഒ റോബ് ലിയോഡും വ്യക്തമാക്കി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹൈപര്‍ലൂപ് ഒന്നിന് ആവശ്യക്കാര്‍ ഉണ്ട്. താമസിയാതെ ഡല്‍ഹിയില്‍ അവതരണം നടത്തുമെന്നും റോബ് ലോയ്ഡ് അറിയിച്ചു. മിഡിലീസ്റ്റ് റെയില്‍ പ്രദര്‍ശനം ഇന്ന് വൈകുന്നേരം അവസാനിക്കും.