വാളയാര്‍ സംഭവം: പോസ്‌കോ നിയമപ്രകാരം കേസെടുക്കുമെന്ന് മുഖ്യമന്ത്രി

Posted on: March 8, 2017 11:16 am | Last updated: March 8, 2017 at 8:20 pm

തിരുവനന്തപുരം: വാളയാറിലെ സഹോദരിമാരുടെ മരണത്തിന് ഉത്തരവാദികള്‍ ആയവര്‍ക്ക് എതിരെ പോസ്‌കോ നിയമപ്രകാരം കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാര്‍ എത്ര ഉന്നതരായാലും കുറ്റക്കാര്‍ തന്നെയാണെന്നും ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. സ്ത്രീ സുരക്ഷയുമായി ബനധപ്പെട്ട ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

കൊട്ടിയൂര്‍ പീഡനക്കേസിലെ വൈദികന്‍ ക്രിമിനല്‍ മനസ്സുള്ളയാളാണ്. വൈദികനില്‍ നിന്നുണ്ടായത് മഹാ അപരാധമാണ്. പ്രതി എത്ര ഉന്നതനായാലും രക്ഷപ്പെടില്ല.

വാളയാറില്‍ ആദ്യത്തെ പെണ്‍കുട്ടി മരിച്ച സമയത്ത് പോലിസിന് സംശയകരമായി ഒന്നും കണ്ടെത്താനായിരുന്നില്ല. അതുകൊണ്ടാണ് അസ്വാഭാവിക മരണത്തിന് മാത്രം കേസെടുത്തത്. രണ്ട് കേസിലും അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ സ്ത്രീ സുരക്ഷ സംബന്ധിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. കെ മുരളീധരന്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. വാളയാറിലെ രണ്ടാമത്തെ കുട്ടിയുടെ മരണത്തിന് ഉത്തരവാദി പോലീസാണെന്ന് മുരളീധരന്‍ ആരോപിച്ചു.