വാളയാറിലെ പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതെന്ന് മാതാവ്; പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും

Posted on: March 8, 2017 9:50 am | Last updated: March 8, 2017 at 7:46 pm
ഭാഗ്യവതി

പാലക്കാട്: വാളയാറില്‍ ഒരു മാസത്തിനിടയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. തന്റെ മക്കള്‍ ആത്മഹത്യ ചെയ്യില്ലെന്നും രണ്ട് പേരും കൊല്ലപ്പെട്ടതാണെന്നും കുട്ടികളുടെ മാതാവ് ഭാഗ്യവതി പോലീസിന് മൊഴി നല്‍കി. എന്നാല്‍ ഘാതകന്‍ ആരെന്നോ കാരണം എന്തെന്നോ തനിക്ക് അറിയില്ലെന്നും അവര്‍ പറഞ്ഞു.

പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതായി ഇന്നലെ മാതാവ് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിന്റെ ബന്ധു അടക്കം അഞ്ച് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. മൂത്ത പെണ്‍കുട്ടിയുടെ മരണം അന്വേഷിക്കുന്നതില്‍ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയും നടപടി ഉണ്ടായേക്കും.

കുട്ടികള്‍ ക്രൂരമായ പീഡനത്തിന് വിധേയരായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. പലരും പലപ്പോഴായി പെണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കി. ഇളയ പെണ്‍കുട്ടിയുടെ ചിത്രം പ്രതികളില്‍ ഒരാള്‍ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. ഇതിന്റെ തെളിവ് പോലീസിന് ലഭിച്ചിട്ടുണ്ട്. മൂത്ത കുട്ടി മരിച്ച ശേഷം തുണി കൊണ്ട് മുഖം മറിച്ച രണ്ട് പേര്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടുവെന്ന് ഇളയ സഹോദരി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതും അന്വേഷണത്തില്‍ നിര്‍ണായകമാകും.